തൃശൂർ: “കുറവുകളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. വിലയിരുത്താൻ യോഗവും ചേരുന്നുണ്ട്. ഏഴ് ദിവസം അഞ്ഞൂറ് എഴുത്തുകാരെ വിളിച്ചു കൂട്ടി നൂറിലേറെ സെഷനുകൾ നടത്താൻ ഒട്ടും തികയുന്നതായിരുന്നില്ല മൂലധനം ” കവി ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട യാത്രപടി വിവാദത്തിൽ വീണ്ടും വിശദീകരണവുമായി കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ രംഗത്ത്.
ജെഎൽഎഫ്, കെഎൽഎഫ് തുടങ്ങി ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാർക്ക് ഒരു പ്രതിഫലവും നൽകുന്നില്ല’ചിലവ് ചുരുക്കിയാലും പ്രതീകാത്മകമായി എന്തെങ്കിലും പങ്കാളികൾക്ക് നൽകാൻ ആയിരുന്നു കമ്മിറ്റിയുടെ ശ്രമം. യാത്രപ്പടിയിൽ ഓഫീസ് തലത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
സച്ചിതാനന്ദന്റെ വാക്കുകളിലേക്ക്…
അക്കാദമി നടത്തിയ സാർവദേശീയ സാഹി ത്യോത്സവത്തിന് ലഭിച്ച വിപുലമായ സ്വീകരണം ഞങ്ങളെ ഉത്സാഹഭരിതരാക്കുന്നു. അഭിനന്ദനങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി. കുറവുകളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. വിലയിരുത്താൻ യോഗവും ചേരുന്നുണ്ട്. ഏഴ് ദിവസം അഞ്ഞൂറ് എഴുത്തുകാരെ വിളിച്ചു കൂട്ടി നൂറിലേറെ സെഷനുകൾ നടത്താൻ ഒട്ടും തികയുന്നതായിരുന്നില്ല മൂലധനം. ജെഎൽഎഫ്, കെഎൽഎഫ് തുടങ്ങി ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാർക്ക് ഒരു പ്രതിഫലവും നൽകുന്നില്ല. ചിലവ് ചുരുക്കിയാലും പ്രതീകാത്മകമായി എന്തെങ്കിലും പങ്കാളികൾക്ക് നൽകാൻ ആയിരുന്നു കമ്മിറ്റിയുടെ ശ്രമം. യാത്രപ്പടിയിൽ ഓഫീസ് തലത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ട്. വീണ്ടും നന്ദി.
അതേസമയം, കേരള സാഹിത്യ അക്കാദമിയ്‌ക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണ കാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി തന്നെ ക്ഷണിച്ചിരുന്നുവെന്നും രണ്ട് മണിക്കൂർ സംസാരിച്ചതിന് 2,400 രൂപയാണ് നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് തൃശൂർ വരെ യാത്ര ചെയ്തതിനും വെയിറ്റിംഗ് ചാർജും അടക്കം മൂവായിരത്തി അഞ്ഞൂറു രൂപ ചെലവായെന്നും കുറിപ്പിലുണ്ടായിരുന്നു.