കെ. ഗോപാലകൃഷ്ണൻ
ശബരിമലയിലേക്കുള്ള വഴിയിൽ ദർശനം തേടിയെത്തിയ ലക്ഷക്കണക്കിന് അയ്യപ്പഭക്തർ, 8-10 മണിക്കൂർ വെള്ളവും ഭക്ഷണവുമില്ലാതെ, സഹായത്തിനായി ആരുമില്ലാതെ ദയനീയമായ ദുരവസ്ഥയിലായിരുന്നു. അവർക്ക് ഓരേയൊരു ആശ്വാസമേ ഉണ്ടായിരുന്നുള്ളൂ: സ്വാമി ശരണം എന്ന പ്രാർഥന.
അതെ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭൂരിഭാഗം ഭക്തരുടെയും അവസ്ഥ അതായിരുന്നു. കടന്നുപോകുന്ന ചുരുക്കം ചില മാധ്യമപ്രവർത്തകരല്ലാതെ പരാതിപ്പെടാൻ പോലും ആരുമില്ലാത്ത ദയനീയമായ മാനേജ്മെന്റ്. എങ്ങനെയാണ് കേരള സർക്കാർ ഇത്ര ദയനീയമായി പരാജയപ്പെട്ടതെന്ന് ഭക്തർ ചോദിക്കുന്നു.
കർണാടകയിൽ നിന്നുള്ള ഭക്തർ കേരളത്തിൽ കമ്യൂണിസ്റ്റുകാർ ഇങ്ങനെയാണോ എന്നാണു ചോദിച്ചത്, അതേസമയം കമ്യൂണിസ്റ്റുകാർ അവരുടെ സംസ്ഥാനത്ത് വളരെ നല്ലവരും സഹായകരുമാണത്രെ. അയ്യപ്പ ദർശനം എന്ന ഒരേയൊരു ലക്ഷ്യത്തിൽ അവർക്കെല്ലാം അസന്തുഷ്ടവും സങ്കടകരവുമായ അനുഭവങ്ങളുണ്ടായി. അവരുടെ ഏക ആശ്വാസം പ്രാർഥനയായിരുന്നു: സ്വാമി ശരണം.
പവിത്രമായ ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ അവസാന ഭാഗം നിലയ്ക്കലിൽനിന്ന് ആരംഭിക്കുന്നു, അവിടെ ബസുകളിൽ ഇറങ്ങുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യാം. പമ്പയിൽ വാഹനം പാർക്ക് ചെയ്യാൻ അധികാരികളുടെ അനുമതിയോടെ പാസുള്ളവർക്ക് മുകളിലേക്കു കയറാം. എന്നാൽ, വലിയ തിരക്കുള്ളതിനാലും ബസുകൾ പരിമിതമായതിനാലും പലപ്പോഴും നിലയ്ക്കലിൽ കെഎസ്ആർടിസി ബസുകളിൽ കയറുക എന്നത് ഏറെ ശ്രമകരമാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബസുകളിൽ കയറിക്കഴിഞ്ഞാലും യാത്ര സുഖകരമാകണമെന്നില്ല. കാലുകുത്തി നിൽക്കണമെങ്കിൽവരെ ഭാഗ്യം തുണയ്ക്കണം. നല്ലതോ ചീത്തയോ പൊളിഞ്ഞുവീഴാറായതോ ആയിക്കോട്ടെ, ബസുകൾ ഓടിക്കാനുള്ള കുത്തക കെഎസ്ആർടിസിക്കാണ്, ഈടാക്കുന്ന നിരക്കാകട്ടെ ഉയർന്നതും. അധികൃതർ സ്ഥലം കണ്ടെത്തി അനുമതിനേടി പമ്പയിൽ ആവശ്യത്തിന് പാർക്കിംഗ് സ്ഥലം വികസിപ്പിച്ചാൽ നിലയ്ക്കലിലേക്കും പമ്പയിലേക്കും യാത്ര ചെയ്യാനുള്ളശാരീരിക ബുദ്ധിമുട്ടും സമയവും പണവുമടക്കം ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാം.
അപ്പോഴും അധികാരികൾ ആഗ്രഹിക്കുന്നതുപോലെ സാമ്പത്തിക നേട്ടം കെഎസ്ആർടിസിക്ക് മാത്രമാണ്. ശരിയായി പറഞ്ഞാൽ, നിലയ്ക്കലിലെയും പമ്പയിലെയും ശൗചാലയങ്ങൾ പോലെയുള്ള സൗകര്യങ്ങൾ വൃത്തിയും വെടിപ്പുമുള്ളതാണെങ്കിലും തിരക്കുള്ള ദിവസങ്ങളിൽ ആവശ്യത്തിനു മതിയാകുമോ എന്നത് ചർച്ചാവിഷയമാണ്. നിലയ്ക്കലും പമ്പയും കടന്ന് പുണ്യക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമായി ആരംഭിക്കാൻ കെഎസ്ആർടിസിയെയോ തിരുവിതാംകൂർ ദേവസ്വം ബോർഡിനെയോ (സ്വന്തം തലത്തിലും നിയമങ്ങളിലും പ്രവർത്തിക്കുന്ന) ആശ്രയിക്കില്ല, മറിച്ച് സ്വന്തം ആത്മാർഥമായ പ്രാർഥനയെ ആശ്രയിച്ചിരിക്കും: സ്വാമി ശരണം.
ഭക്തരുടെ നീക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനം അനുസരിച്ച്, നിലയ്ക്കലിൽനിന്ന് അനൗപചാരികമായ നിയന്ത്രണം ആരംഭിക്കുന്നു. അതുപോലെ പമ്പ ഗണപതി ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് ഭക്തർ സന്നിധാനത്തേക്കു നീങ്ങുമ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് തിക്കിലും തിരക്കിലും പെട്ട് അത്യാഹിതമുണ്ടാകാതിരിക്കാൻ ഭക്തരെ കൂട്ടമായി നീക്കി. പുതിയ സംവിധാനം കാലതാമസം സൃഷ്ടിക്കുന്നുവെന്ന് പലരും പറയുന്നു.
നേരത്തേ സന്നിധാനത്ത് മാത്രമാണ് തിരക്കനുഭവപ്പെട്ടിരുന്നത്. ഇപ്പോൾ പമ്പയിൽനിന്നും മറ്റു സ്ഥലങ്ങളിൽനിന്നും മലകയറ്റ സമയത്ത് നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നുണ്ട്. ഇപ്പോഴും നിലവിലുള്ള ഓൺലൈൻ ടിക്കറ്റ് പരിശോധന സംവിധാനം എന്തെങ്കിലും കാര്യക്ഷമമാക്കാൻ സഹായിച്ചിട്ടുണ്ടോ എന്ന് ആർക്കും ഉറപ്പില്ല. അതില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളായേക്കാം. കൃത്യസമയത്ത് എത്തിയിട്ടും ടിക്കറ്റിൽ നൽകിയ സമയമനുസരിച്ച് ഭക്തർക്കാർക്കും ദർശനം സാധ്യമായില്ലെന്നാണ് റിപ്പോർട്ട്. ചുരുക്കത്തിൽ, ആശ്വാസം ലഭിക്കാൻ പ്രാർഥന തുടരുക: സ്വാമി ശരണം.
എന്തിനധികം, ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് വൈകുന്നതിനു മറ്റൊരു കാരണം എരുമേലിയിൽ നിന്നാണ്. നിലയ്ക്കലിലും പമ്പയിലും തിരക്ക് ഒഴിവാക്കാൻ പോലീസ് പലയിടത്തും ഭക്തരുടെ ബസുകൾ തടഞ്ഞിടുന്നത് കൂടുതൽ വൈകുന്നതിന് കാരണമാകുന്നു. പ്രാർഥനയിൽ വിശ്വസിക്കുക: സ്വാമി ശരണംമറ്റു പല പ്രശ്നങ്ങളും പോരായ്മകളുമുണ്ട്. ഒരു പുതിയ സംവിധാനം – ക്യൂബ് കോംപ്ലക്സ് – ഈ വർഷം ദേവസ്വം ബോർഡ് നടപ്പിലാക്കി. ഒരേസമയം ഏകദേശം 4,000 പേർക്കുള്ള വാഷ് റൂമുകളും റിഫ്രഷ്മെന്റ് സ്റ്റാളുകളും ഇവിടെയുണ്ട്.
ഒരു ദിവസം ക്ഷേത്രം സന്ദർശിക്കുന്ന ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് ഇത് അപര്യാപ്തമാണ്. പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിൽക്കുന്ന സ്റ്റാളുകളുടെ എണ്ണവും അപര്യാപ്തമാണ്. ശുചിമുറികളും വേണ്ടത്രയില്ല. പുരുഷന്മാർക്ക് ശുചിമുറി സൗകര്യം അപര്യാപ്തമാണെങ്കിൽ, സ്ത്രീ ഭക്തർക്ക് വളരെ കുറവാണ്. ആശ്വാസം വീണ്ടും പ്രാർഥനയിൽ: സ്വാമി ശരണം.
ആഗ്രഹിക്കുന്നതുപോലുള്ള ശുചിത്വ സാഹചര്യത്തിന് വളരെയധികം കാര്യങ്ങൾ അവശേഷിക്കുന്നു. അതെ, ഈ വിശുദ്ധ പരിസരങ്ങളിൽ സ്വച്ഛ് ഭാരത് ചിന്തിക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നില്ല. വൻതോതിലുള്ള ജനക്കൂട്ടം പലപ്പോഴും സ്വന്തം ഭക്ഷണ പാനീയങ്ങളുമായി വരുന്നു, അവ പലപ്പോഴും വലിച്ചെറിയപ്പെട്ട് മാലിന്യം സൃഷ്ടിക്കുന്നു. ഏറ്റവും ഞെട്ടിപ്പിക്കുന്നത്:
പവിത്ര പുണ്യ പമ്പാ നദിയിലേക്ക് മലിനജലം ഒഴുക്കുന്നതുമൂലം ഭക്തർക്ക് ആചാരപരമായി കുളിക്കാൻ യോഗ്യമല്ലാതാക്കുന്നതാണ്. ഇതിനെല്ലാം സ്ഥിരമായ പരിഹാര നടപടികൾ ആവശ്യമാണ്. പലയിടത്തും മാലിന്യവും ചെളിയും മൊത്തത്തിലുള്ള വൃത്തിഹീനമായ സാഹചര്യങ്ങൾ വർധിപ്പിക്കുന്നു. വീണ്ടും പരീക്ഷിക്കപ്പെട്ട പ്രാർഥന: സ്വാമി ശരണം
ഈ വർഷം 10 വയസിനു താഴെയുള്ള പെൺകുട്ടികളുടെയും പ്രായമായ സ്ത്രീ ഭക്തരുടെയും എണ്ണം വർധിച്ചു. ഇത് ജനക്കൂട്ടത്തെ കൂടുതൽ സങ്കീർണമാക്കുന്ന സാഹചര്യം കൂട്ടി. വർധിച്ചുവരുന്ന ജനത്തിരക്കിനെ നേരിടാൻ നടപടിയെടുക്കുന്നതുവരെ വീണ്ടും പ്രാർഥന: സ്വാമി ശരണം. പുരോഹിതർക്ക് മഴയത്ത് പടിപൂജ നടത്താൻ മേലാപ്പ് അനുവദിക്കുന്നതിനായി പവിത്രമായ പതിനെട്ടാംപടിയിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം പുതിയ തൂണുകൾ സ്ഥാപിച്ചു.
എന്നാൽ ഇത് സ്ഥാപിച്ച രീതി ഭക്തരെ കയറാൻ സഹായിക്കുന്നതിന് പടികളിൽ വിന്യസിച്ചിരിക്കുന്ന പോലീസുകാരുടെ ഇടം കുറച്ചു. അങ്ങനെ, ഭക്തർക്ക് പതിനെട്ടാംപടി കയറാനുള്ള ഇടുങ്ങിയ വഴി അവർ കുറച്ചു. പ്രായമായ ഭക്തരുടെയും കുട്ടികളുടെയും എണ്ണത്തിലുള്ള വർധനവും പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം കുറയുന്നതിന് കാരണമായി. മിനിറ്റിൽ ശരാശരി 75 പേർ എന്നാണു സാധാരണ സംഖ്യ. എന്നാൽ ഇപ്പോഴത് 55 ആയി കുറഞ്ഞു. തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതുവരെ അത് ഇതേ ക്രമത്തിലായിരിക്കും. പ്രാർഥനയോടെ: സ്വാമി ശരണം
കരിമല മുകളിൽ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനം നിർത്തിവച്ചതായി റിപ്പോർട്ടുണ്ട്. ദേവസ്വം ബോർഡ് കരിമലയിൽ അന്നദാനം ആരംഭിച്ചിട്ടില്ല. വിചിത്രമെന്നു പറയട്ടെ, താത്കാലിക ഹോട്ടലുകൾ കച്ചവടം ചെയ്യുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അയ്യപ്പഭക്തരോട് പെരുമാറുന്ന രീതിയെക്കുറിച്ചുള്ള ദുഃഖകരമായ വിവരണം. വീണ്ടും പ്രാർഥന: സ്വാമി ശരണം.
ഓരോ വർഷവും ഭക്തരുടെ എണ്ണം വർധിക്കുന്നു എന്നതാണ് പ്രധാന കാര്യം. കേരളത്തിൽനിന്നും ദക്ഷിണേന്ത്യയിൽനിന്നും മാത്രമല്ല, ഉത്തരേന്ത്യയിൽനിന്നുവരെ ഭക്തരുടെ ഒഴുക്കാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, അയ്യപ്പക്ഷേത്രങ്ങൾ തുറക്കുന്നു, മണ്ഡല-മകരപൂജ മാസങ്ങളിൽ ധാരാളം ഭക്തർ എത്തിച്ചേരുന്നു. എല്ലാ മാസവും, എല്ലാ മലയാള മാസത്തിന്റെയും ഒന്നാം തീയതി കുറച്ച് ദിവസത്തേക്ക് ക്ഷേത്രം തുറക്കും.
ഭക്തജനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് എങ്ങനെ അയ്യപ്പദർശനത്തിന് ഭക്തർക്ക് അവസരമൊരുക്കാം എന്നതു സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ട്. വനംവകുപ്പിന്റെ നിയന്ത്രണങ്ങൾ കാരണം ക്ഷേത്രപരിസരത്തിന്റെ വിസ്തൃതി കൂട്ടുന്നതിൽ പ്രശ്നമുണ്ട്. വർധിച്ചുവരുന്ന ഭക്തരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ കൂടുതൽ പ്രദേശം അനുവദിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും ഇപ്പോൾ കൂടുതൽ പ്രായമായ സ്ത്രീകളും പത്തിൽ താഴെയുള്ള പെൺകുട്ടികളും എത്തുന്ന സാഹചര്യത്തിൽ.
ദേവസ്വം ബോർഡും കേരള പോലീസും ചേർന്ന് ക്ഷേത്രം കൈകാര്യം ചെയ്യുന്ന നിലവിലെ സംവിധാനം ഫലപ്രദമല്ലെന്ന് തോന്നുന്നു. ഈ വർഷം മുഴുവൻ സംസ്ഥാന മന്ത്രിസഭയും പ്രധാന ഉദ്യോഗസ്ഥരും നിരവധി പോലീസുകാരും നവകേരള സദസിലായിരുന്നതിനാൽ നിർണായകമായ മണ്ഡല പൂജ സമയത്തെ മാനേജ്മെന്റ് കാര്യക്ഷമമായില്ല.
കേരളത്തിൽ, പ്രത്യേകിച്ച് സന്നിധാനത്ത് ദർശനത്തിനും തങ്ങുന്നതിനുമുള്ള ഭക്തരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിശോധിക്കുന്നതിന് ഒരു പുതിയ ഭരണസംവിധാനം ഉണ്ടാകേണ്ടതുണ്ട്. ഭക്തജനങ്ങൾ വർധിക്കാനുള്ള സാധ്യത വളരെ വ്യക്തമാണ്, ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നിരീശ്വരവാദികളും അജ്ഞേയവാദികളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു പരിഗണനാ തീരുമാനത്തിനായി ഒരിക്കൽകൂടി: സ്വാമി ശരണം.
——————————————————-———————————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ മാതൃഭൂമിയുടെ പത്രാധിപർ ആയിരുന്നു )
———————————————————————————————————————————————————————————————————————
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക
—————————————————–