പെറ്റു പെരുകണം : ഒരു സ്ത്രീക്ക് എട്ടു മക്കൾ വേണം

മോസ്കോ: രാജ്യത്തെ സ്ത്രീകള്‍ക്ക് എട്ട് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും വലിയ കുടുംബങ്ങളെ “മാനദണ്ഡം” ആക്കണമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ.

മോസ്‌കോയില്‍ നടന്ന വേള്‍ഡ് റഷ്യൻ പീപ്പിള്‍സ് കൗണ്‍സിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയുടെ തലവൻ പാത്രിയാര്‍ക്കീസ് കിറില്‍ ആണ് സമ്മേളനം സംഘടിപ്പിച്ചത്

1990-കള്‍ മുതല്‍ റഷ്യയുടെ ജനനനിരക്ക് കുറയുകയാണ് എന്ന് പ്രസിഡന്റ് ഓർമ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്ത് 300,000-ലധികം മരണങ്ങള്‍ ഉണ്ടായി. ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നത് വരുംദശകങ്ങളില്‍ ലക്ഷ്യമായിരിക്കുമെന്ന് പുടിൻ പറഞ്ഞു .

“നമ്മുടെ പല വംശീയ വിഭാഗങ്ങളും നാലോ അഞ്ചോ അതിലധികമോ കുട്ടികളുള്ള ശക്തമായ പാരമ്ബര്യം കാത്തുസൂക്ഷിക്കുന്നു. നമ്മുടെ പല മുത്തശ്ശിമാര്‍ക്കും മുത്തശ്ശൻമാര്‍ക്കും ഏഴോ എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നു.

ഈ മഹത്തായ പാരമ്ബര്യങ്ങള്‍ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യാം. വലിയ കുടുംബങ്ങള്‍ റഷ്യയിലെ എല്ലാ ജനങ്ങളുടെയും ജീവിതരീതിയായി മാറണം. കുടുംബം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, അത് ഒരു ആത്മീയ പ്രതിഭാസമാണ്, ധാര്‍മ്മികതയുടെ ഉറവിടമാണ്.

പ്രസിഡന്റിന്റെ പ്രസംഗത്തില്‍ യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യൻ സൈനികര്‍ ജീവഹാനി നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും, ഇതും കൂടി കണക്കിലെടുത്താണ് ആഹ്വാനം എന്നാണ് നിരീക്ഷകർ കരുതുന്നത് .

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം കടുത്ത തൊഴിലാളി ക്ഷാമത്തിനും സാമ്ബത്തിക മാന്ദ്യത്തിനും റഷ്യ സാക്ഷ്യം വഹിക്കുകയാണി പ്പോൾ .

2023 ജനുവരി 1 ന് റഷ്യയിലെ ജനസംഖ്യ 14.6 കോടി ആയിരുന്നു. 1999 ല്‍ പുടിൻ പ്രസിഡന്റ് സ്ഥാനമേറ്റപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവായിരുന്നുവെന്ന് റഷ്യയിലെ മാദ്ധ്യമമായ ഇൻഡിപെൻഡഡ് പറയുന്നു.