കോഴിക്കോട്: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം.
വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കി തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം. പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും.
“പ്രണയ വഞ്ചന”തുറന്നു കാട്ടുന്ന സിനിമയാണ് ഇത്. എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നാണ് കെ.സി.വൈ.എം. പറയുന്നത്. ഇടുക്കി രൂപത കാണിച്ച മാതൃക തുടരാൻ തലശ്ശേരി അതിരൂപതയും തീരുമാനിക്കുകയായിരുന്നു. 208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശ്ശേരി കെ.സി.വൈ.എം. തീരുമാനം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദൂരദർശൻ വഴി പ്രദർശിപ്പിച്ച ദ കേരള സ്റ്റോറിയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചത്. പിന്നാലെ താമരശ്ശേരി, തലശ്ശേരി രൂപതകളും ചിത്രം പ്രദർശിപ്പിക്കാൻ മുന്നോട്ട് വരികയായിരുന്നു. വിവാദ ചിത്രത്തിന്റെ പ്രദർശനം രാഷ്ട്രീയമാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.