യഥാർഥ റാസ്പുട്ടിൻമാർ വിരാജിക്കുന്ന ഏദൻ തോട്ടം

In Featured, Special Story
August 25, 2024

കൊച്ചി: സാംസ്കാരിക വകുപ്പിന് ഒരു ധവളപത്രം എന്തുകൊണ്ട് ഇറക്കിക്കൂടാ? ഒരു പണിയും എടുക്കാതെ സർക്കാറിന്റെ വേതാളങ്ങൾ എന്ന നിലയിൽ ഓരോ മാസവും ദശലക്ഷങ്ങൾ ഖജനാവിൽ നിന്ന് കീശയിലാക്കുന്നത് ഇവരാണ്.

എന്തൊക്കെ തരത്തിലുള്ള ‘സംസ്കാരങ്ങൾ’ ആണ് ഇവർ ഇവിടെ വളർത്തിക്കൊണ്ടിരിക്കുന്നതെന്ന് ലോകം മുഴുവൻ പാട്ടല്ലേ. ഒരു ഇസ്പീഡ് മന്ത്രിയെ ആരുടെയും കണ്ണ് തട്ടാതിരിയ്ക്കാൻ നാട്ടിയിട്ടുണ്ട്… ഹേമ കമ്മീഷൻ റിപോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:-

 


കെട്ട വാർത്തകൾ മാത്രം എന്നും കണിയായി

വെച്ചുതരുന്ന ഭരണപക്ഷം!

നേരം പുലർന്നാൽ കണിയായി കെട്ട വാർത്തകൾ മാത്രം ഒഴുക്കിവിടുന്ന പുകക്കുഴലാണ് നമ്മുടെ സെക്രട്ടറിയറ്റ്. ഇപ്പോൾ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നത് ഈ ഭരണത്തിലെ ഏറ്റവും മ്ളേച്ഛമുഖമായ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിന്റെ “കേമത്വ”മാണ്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിയെ ഉടുമ്പ് പിടിക്കുമ്പോലെ കെട്ടി വെച്ചിരിക്കുന്നത് എന്തിനാണെന്ന് ഇനി അധികം വിവരിക്കേണ്ടതില്ല. സാംസ്കാരിക രംഗം എന്നത് ലക്ഷണമൊത്ത അധോലോകമാണ്. പത്ത് പിണറായി വിജയന്മാർ ഒന്നിച്ചു പിടിച്ചാലും ഇതിൽ ഒരുത്തനെയും തൊടാനാകില്ല.പെണ്ണിന് പെണ്ണ്, മദ്യത്തിന്, മദ്യം, പണത്തിന് പണം!.

ഒരു മുഖ്യമന്ത്രിക്ക് ലഭിക്കുന്നതിൽ എത്രയോ ഇരട്ടി ആഡംബര സൌഭാഗ്യങ്ങളാണ് സാംസ്കാരിക വകുപ്പിന്റെ തലപ്പത്തുള്ളവർ ഖജനാവ് കൊള്ള ചെയ്ത് അർമാദിക്കുന്നത്?

യഥാർഥ റാസ്പുട്ടിൻമാർ വിരാജിക്കുന്ന ഏദൻ തോട്ടമാണത്! ഇപ്പോൾ ചർച്ച ഒരു രഞ്ജിത് എന്ന വിടനെക്കുറിച്ചാണല്ലോ. സാംസ്കാരിക വകുപ്പിനെ ചൂഴ്ന്നു നിൽക്കുന്ന ഭീമാകാരമായ മാഫിയയുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല രഞ്ജിത്. മഞ്ഞു മലയുടെ അറ്റം മാത്രം. ടച്ച് ആന്റ് റൺ എന്ന് പറയാവുന്ന അപരാധം മാത്രമേ അവിടെ നടന്നതായി ഇര പോലും പറയുന്നുള്ളൂ. ഒരു തലോടൽ കൊണ്ടുള്ള കുളിരുപോലും ഈ നാറിക്ക് പകർന്നുകൊടുക്കാൻ വംഗനാടിന്റെ ഈ പുത്രി തയ്യാറായില്ല.അതിന്റെ ജനുസ് മറ്റൊന്നാണ്. അവിടെയാണ് രഞ്ജിത്തിന് തെറ്റിപ്പോയത്.


പേരും പെരുമയും പറഞ്ഞാൽ ലോകത്തെ വിഖ്യാത ചലച്ചിത്ര സൃഷ്ടാക്കൾ തന്നെയാണ് കേരളത്തിലെ സാംസ്കാരിക കൂടോത്രവും കുടചക്രവും തിരിക്കുന്നത്! പക്ഷെ ആ പദവിയിലിരുന്നു വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സാമഗ്രികളിൽ നിന്ന് അടിച്ചുമാറ്റിയ കോടികളുടെ കണക്ക് കാണുമ്പോൾ കണ്ണഞ്ചി പോകും.

പൊളിച്ചിട്ടിരിക്കുന്ന വസ്തുവകകളുടെ നേർക്കാഴ്ച കാണാൻ പ്രതിപക്ഷ നേതാവ് തൃശൂരും കോഴിക്കോടും തിരുവനന്തപുരവും ഒന്ന് മിന്നൽ സന്ദർശനം നടത്തി

നോക്കൂ. ഇതുവരെ ചെയ്തുകൂട്ടിയ പാതകങ്ങൾ എടുത്തുനോക്കിയാൽ ഇനിയുള്ള സർവീസിലെ ശിഷ്ടകാലം മുഴുവൻ ഇവനൊക്കെ കയ്യാമം വെച്ച് തന്നെ ജയിലിൽ കിടക്കും. അത്രവലിയ കൊള്ളകൾ ആണ് നടന്നിരിക്കുന്നത്.

ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും തമ്മിൽ പൊരിഞ്ഞ പോരാട്ടത്തിലാണ്. നേർക്ക് നേർ തെരുവിൽഇറങ്ങി അടിക്കുന്നില്ല എന്നേയുള്ളൂ.

എന്തുകൊണ്ട് സാംസ്കാരിക വകുപ്പിന് ഒരു ധവളപത്രം ഇറക്കിക്കൂടാ? ഒരു പണിയും എടുക്കാതെ സർക്കാറിന്റെ വേതാളങ്ങൾ എന്ന നിലയിൽ ഓരോ മാസവും ദശലക്ഷങ്ങൾ ഖജനാവിൽ നിന്ന് കീശയിലാക്കുന്നത് ഇവരാണ്. എന്തൊക്കെ തരത്തിലുള്ള ‘സംസ്കാരങ്ങൾ’ ആണ് ഇവർ ഇവിടെ വളർത്തിക്കൊണ്ടിരിക്കുന്നതെന്ന് ലോകം മുഴുവൻ പാട്ടല്ലേ. ഒരു ഇസ്പീഡ് മന്ത്രിയെ ആരുടെയും കണ്ണ് തട്ടാതിരിയ്ക്കാൻ നാട്ടിയിട്ടുണ്ട്.

ഇന്നത്തെ പ്രതിപക്ഷ നേതാവിനോട് വിനീതമായ ഒരഭ്യർഥനയുണ്ട്. വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വാർദ്ധക്യത്തെ കൂസാതെ കാടും മലയും ചവിട്ടിമതിച്ചാണ് കൊള്ള തടയാൻ ജനപിന്തുണയോടെ പോരാടി ചരിത്രം സൃഷ്ടിച്ചത്. അത്രയൊന്നും ചെയ്തില്ലെങ്കിലും ഇപ്പോൾ വേണ്ടത് നഗരകേന്ദ്രീകൃതമായി അടിഞ്ഞൂകൂടിയിരിക്കുന്ന, ഖജനാവ് കൊള്ളയടിച്ച് കൊണ്ടിരിക്കുന്ന ഈ വേതാളങ്ങളെ പറ്റേ അടിച്ചിറക്കി ചാണകം തളിക്കലാണ്. അവർ എഴുതിയ കവിതകളിലെ, കഥകളിലെ,നാടകങ്ങളിലെ കഥാപാത്രങ്ങളെ ആരാണ് അപഹരിച്ചു കൊണ്ടുപോയതെന്ന് നമുക്ക് അറിയണ്ടേ? അതിന്റെ പേരിലല്ലേ ചില പെണ്ണുങ്ങളെ കാണുമ്പോൾ രോമം അവർക്കു ഇക്കിളിയുണ്ടാക്കുന്നത്!


ഇപ്പോഴത്തെ ചെയർമാൻ രഞ്ജിത്തും മുൻ ചെയർമാൻ കെ ആർ മോഹനനും തമ്മിൽ താരതമ്യം തന്നെയില്ല. വിഖ്യാത അവാർഡ് ചിത്രമായ അശ്വഥാമാവിന്റെ സംവിധായകൻ ആയിരുന്നു സാത്വികനായ മോഹനൻ .

മൂന്നുവർഷത്തിലേറെ കാലം ആ ചിത്രം റിലീസിന് അവസരം കിട്ടാതെ പെട്ടിയിൽ പൂട്ടിവെച്ചിരിക്കുകയായിരുന്നു. നല്ല സിനിമയോടുള്ള സഹതാപം കൊണ്ടാണ് ആകസ്മികമായി ഒരു നാൾ കെ ആർ മോഹനനെയും മറ്റും കൂട്ടി എറണാകുളത്ത് എന്റെ സുഹൃത്ത് കണ്മണി ബാബുസേട്ടിനെക്കണ്ട് കെ ആർ മോഹനന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയത്. സുഹൃത്ത് ബന്ധങ്ങൾക്ക് അമിത പ്രാധാന്യം കൽപ്പിച്ചിരുന്ന കണ്മണി ബാബുസേട്ട് അപ്പോൾ നിറഞ്ഞ തിയറ്ററിൽ ഓടിക്കൊണ്ടിരുന്ന തകര നിർത്തിവെപ്പിച്ചു അശ്വഥാമാവിന് ഇടംനല്കി.ഞങ്ങൾ പോലും അത്ര യും പ്രതീക്ഷിച്ചില്ല.

അക്കാലത്ത് ഇത്തരം ആർട്ട് സിനിമകൾ ഉച്ചപ്പടങ്ങളായിട്ടായിരുന്നു ഓടിച്ചിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി ഇത് രാപ്പകൽ സിനിമയായി ഓടിച്ചു. അതാണ് അന്നത്തെ പ്രശസ്ത സംവിധായ യകനോട് ഏഷ്യയിലെ ഏറ്റവും വലിയ തീയറ്റർ ഉടമ കാണിച്ച ആദരവ്.