ന്യൂഡല്‍ഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയുന്നു. പകരം സഹോദരിയും ഐ ഐ സി സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ ജനവിധി തേടും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്.വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം.
രാഹുല്‍ ഗാന്ധി ഒഴിയുന്ന ഏതെങ്കിലും ഒരു സീറ്റില്‍ പ്രിയങ്ക എത്തിയേക്കുമെന്ന സൂചനകള്‍ നേരത്തെതന്നെയുണ്ടായിരുന്നു.പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്.
2019- ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് പ്രിയങ്ക മത്സരരംഗത്തുവരുന്നു എന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായത്. സോണിയ ഗാന്ധിയുടെ തട്ടകമായിരുന്ന റായ്ബറേലിയില്‍ നിന്ന് മത്സരിക്കാനാണ് നീക്കം എന്നായിരുന്നു വാര്‍ത്തകള്‍. വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ടായി.
എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച പ്രിയങ്ക, സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു വിട്ടുനിന്നു. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചുളള അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക നിയമസഭ ലക്ഷ്യം വയ്ക്കുന്നതായുള്ള പ്രചാരണത്തിന് കാരണമായി. പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നിയമിക്കുകകൂടി ചെയ്തതോടെ, ഈ പ്രചാരണം വ്യാപകമായി. എന്നാല്‍, അപ്പോഴും മത്സര രംഗത്തേക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.