ജസിം ജാസി
‘ഒറ്റയിരിപ്പിന് വായിച്ച് തീർത്തു’ എന്ന് പറയുന്നത് സാങ്കേതികമായി ശരിയല്ലെങ്കിലും, മികച്ച വായനാനുഭവം നൽകിയ ചില പുസ്തകങ്ങളെക്കുറിച്ച് പലപ്പോഴും നമ്മളങ്ങനെ എഴുതിയിടാറുണ്ട്. വായനയിൽ ആ പുസ്തകം നൽകിയ ആവേശവും, വായിച്ചു കഴിഞ്ഞുള്ള സംതൃപ്തിയുമാണ് അങ്ങനെ എഴുതിയിടാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
പക്ഷേ മേൽപ്പറഞ്ഞ പ്രസ്താവന അക്ഷരംപ്രതി സാധ്യമാകുന്ന ചില സന്ദർഭങ്ങളുമുണ്ട്. എനിക്ക് അങ്ങനെയൊരു വായനാനുഭവമായിരുന്നു കഴിഞ്ഞദിവസം രാത്രി ‘പ്രതിക്രിയ’ എന്ന നോവലിലൂടെ സാധ്യമായത് ! .രാത്രി വൈകിയത് കൊണ്ടും, ഉറക്കം നേരിയ രീതിയിൽ തലയ്ക്കുപിടിച്ചു തുടങ്ങിയതുകൊണ്ടും കുറച്ചു വായിച്ചു ബാക്കി രാവിലെ തീർക്കാം എന്ന ഉദ്ദേശത്തിലാണ് പുസ്തകമെടുത്ത് വായന ആരംഭിച്ചത്. എന്നാൽ വായന തുടങ്ങി അവസാനിക്കുന്നത് വരെ.. പുസ്തകം താഴെ പോലും വെക്കാതെ മറ്റൊരു പ്രവർത്തിയിലേക്കും തിരിയാതെ പുസ്തകം വായിച്ചു തീർത്തതിന് ശേഷം മാത്രമാണ് എനിക്കുറങ്ങാൻ സാധിച്ചത്!
‘നിഖിലേഷ് മേനോൻ’ എഴുതിയ ഈ പുസ്തകം വളരെ കുറച്ചു പേജുകളുള്ള ഒരു കുഞ്ഞു ക്രൈംത്രില്ലർ നോവൽ എന്നത് സത്യമാണ്. പക്ഷേ പുസ്തകത്തിന്റെ ചെറുപ്പത്തേക്കാളുപരി അതിനുള്ളിലെ കണ്ടന്റാണ് എന്നെ പിടിച്ചിരുത്തിയത്. വ്യത്യസ്തമായ രീതിയിൽ ഒരു ത്രില്ലർ എഴുതാനുള്ള എഴുത്തുകാരന്റെ ശ്രമം, ശ്രമം എന്ന് പറഞ്ഞാൽ പോരാ അതിൽ 99% വും എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്.
ഒരു വെബ് സീരീസിന് വേണ്ടി തിരക്കഥയെഴുതുന്ന രൂപത്തിലാണ് നോവലിന്റെ ആഖ്യാനം. അജയൻ മലയാള സിനിമയിലെ യുവ തിരക്കഥാ കൃത്താണ്. അയാൾ എഴുതുന്ന തിരക്കഥയും, സമാന്തരമായി അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളും വിവരിക്കുന്നു.
ഒരു മർഡർ കേസാണ് തിരക്കഥയിലെ വിഷയം. കത്തിക്കരിഞ്ഞ നിലയിൽ ഫ്ലാറ്റിൽ കാണപ്പെടുന്ന യുവതിയുടെ ജഡം! അതിനു പിറകിലെ ദുരൂഹതകൾ തീർക്കാൻ പോലീസ് അന്വേഷണങ്ങൾ. ചുരുളഴിഞ്ഞു വീഴുന്ന രഹസ്യങ്ങൾ.. എന്ന രീതിയിൽ കഥ പുരോഗമിക്കുന്നു.
ആദ്യ പേജ് മുതൽ ഞാൻ ചിന്തിച്ചത് എഴുത്തുകാരൻ ഈ നോവൽ എങ്ങനെ അവസാനിപ്പിക്കും എന്നതിനെക്കുറിച്ചായിരുന്നു. കാരണം.. വെബ് സീരീസ് തിരക്കഥയിലെ സംഭവങ്ങളും, അതെഴുതുന്ന എഴുത്തുകാരന്റെ ലൈഫിലെ സംഭവങ്ങളും മാറിമാറി വിവരിക്കുന്നത് കൊണ്ട്, ഇവ തമ്മിൽ ഒരു കണക്ഷൻ ഉണ്ടാവാൻ സാധ്യതയുണ്ടെന്നത് ഉറപ്പായിരുന്നു. പക്ഷേ എങ്ങനെ ചിന്തിച്ചിട്ടും അതേത് രീതിയിലായിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.
അവസാനം വരെ എന്നെ മുൾമുനയിൽ നിർത്തിയ ആ ആകാംക്ഷക്ക് വിരാമമായത് അവസാന പേജിൽ വരുന്നൊരു ഗംഭീര ട്വിസ്റ്റോടെയാണ്. അതുവരെയുള്ള സംഭവങ്ങളെയെല്ലാം വളരെ ബ്രില്ല്യന്റായി കണക്ട് ചെയ്തു കൺവിൻസിങ്ങായ രീതിയിലാണ് എഴുത്തുകാരൻ ആ ട്വിസ്റ്റ് പ്രസന്റ് ചെയ്തിരിക്കുന്നത്!
മലയാള നോവലിൽ തന്നെ ഒരു പക്ഷേ ആദ്യമായായിരിക്കും ഒരു sex ഡേറ്റിംഗ് ആപ്പ് പ്രധാന പ്രമേയമായി കടന്നു വരുന്നത് എന്ന് തോന്നുന്നു.
112 പേജുകൾ മാത്രമുള്ളൊരു ചെറിയ ക്രൈം ത്രില്ലർ നോവലാണിത്. എന്നാൽ ആ കുറച്ച് പേജുകളിലൂടെ തന്നെ ഒരു കുറ്റാന്വേഷണ കഥയുടെ ഉദ്വേഗവും പിരിമുറക്കവും ആകാംക്ഷയും നൽകാൻ നോവലിന് സാധിക്കുന്നുണ്ട്.
സംഭാഷണങ്ങളിൽ അധികമായി കടന്നുവരുന്ന ഇംഗ്ലീഷ് ഉപയോഗമാണ് ചെറുതായെങ്കിലും ഒരു പ്രശ്നമായി എനിക്ക് തോന്നിയത്. ബാക്കിയെല്ലാ തരത്തിലും പൂർണ സംതൃപ്തി നൽകിയ വായനയാണ് ‘പ്രതിക്രിയ 2.0’ എനിക്ക് സമ്മാനിച്ചത്.