April 12, 2025 4:45 pm

ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് നടൻ പ്രകാശ് രാജ്

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിൽ വിശ്വാസമില്ലാത്ത തനിക്ക് കേരളത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

‘നരേന്ദ്രമോദി രാജാവാണ്. എതിർശബ്ദങ്ങൾ ഇഷ്ടമില്ലാത്ത രാജാവിനോട് ചോദ്യങ്ങൾ ചോദിച്ച ശശി തരൂരിനെ കോൺഗ്രസുകാരനല്ലെങ്കിലും പിന്തുണയ്ക്കുന്നു. ഏറ്റവും നല്ല ക്ഷേത്രങ്ങളും പള്ളികളും ചർച്ചുകളും കേരളത്തിലാണ്. പക്ഷേ കേരള രാഷ്ട്രീയത്തിൽ ദൈവങ്ങൾ ഇടപെടാറില്ല. അതുകൊണ്ടാണ് എനിക്ക് ദൈവത്തിന്റെ സ്വന്തം നാട് കൂടുതൽ ഇഷ്ടം.

ബംഗളൂരുവിൽ നിന്നും ഒളിച്ചോടിയ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എന്തുചെയ്യുകയാണെന്നറിയാനാണ് ഇവിടെ വന്നത്.കർഷകരെയോ മണിപ്പൂരിനെയോക്കുറിച്ച് രാജീവ് ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ടോ? മൂന്നുവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് പോയിട്ടും രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തിട്ടില്ല. കർണാടകയിൽ സീറ്റ് ലഭിക്കാത്തതുകൊണ്ടാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്നത്.രാജ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനുളള അവസരമാണിത്’- പ്രകാശ് രാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News