April 22, 2025 11:22 pm

സ്ത്രീ പീഡന വീരന് വോട്ടു തേടിയ മോദി മാപ്പു പറയണം: രാഹുൽ

ശിവമൊഗ്ഗ: സ്ത്രീപീഡനക്കേസിലെ പ്രതിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഹാസന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് അവരുടെ വിഡിയോ ചിത്രീകരിച്ചുവെന്നു അദ്ദേഹം ആരോപിച്ചു.ശിവമൊഗ്ഗയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

നിങ്ങള്‍ ഈ പീഡകനെ വിജയിപ്പിച്ചാല്‍ അത് എന്നെ സഹായിക്കുമെന്നാണു പ്രധാനമന്ത്രി കര്‍ണാടകയോടു പറഞ്ഞത്. പ്രജ്വല്‍ ചെയ്തതെന്താണെന്ന് അറിഞ്ഞുകൊണ്ടാണു പ്രധാനമന്ത്രി ഓരോ സ്ത്രീയോടും വോട്ടു തേടിയത്.രാജ്യത്തെ ഓരോ സ്ത്രീയെയും പ്രധാനമന്ത്രി അപമാനിച്ചിരിക്കുന്നു. ഇതാണു ബിജെപിയുടെ പ്രത്യയശാസ്ത്രം – രാഹുല്‍ കുറ്റപ്പെടുത്തി.

ലൈംഗികപീഡന ആരോപണത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് രാജ്യം വിട്ട പ്രജ്വല്‍ രേവണ്ണയ്ക്കായി പ്രത്യേക അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.ഇതിനെ തുടർന്ന് പ്രജ്വലിനെ ജനതാദള്‍(എസ്) പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനു അശ്ലീല വിഡിയോകള്‍ പുറത്തു വന്നതോടെയാണ് പ്രജ്വലിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News