കണ്ണൂർ: എ ഡി എം ആയിരുന്ന കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ് പി.പി.ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി.
പാർടി സംരക്ഷണത്തിലായിരുന്ന അവർ നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് ഇതിനു തയാറായത്. സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു പാർടിയുടെ ഈ തീരുമാനം.
ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. അവരെ പൊലീസ് ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. ദിവ്യയുടെ അറസ്റ്റ് വൈകുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ദിവ്യയെ അറസ്റ്റു ചെയ്യണമെന്ന് നവീൻ ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസും ശ്രദ്ധിച്ചു.തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താൻ കീഴടങ്ങാൻ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ പൊലീസ് മേധാവി എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കം മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നായിരുന്നു സർക്കാരിന്റെ കണ്ടെത്തൽ.
യാത്രയയപ്പ് യോഗത്തിൽ ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു ദിവ്യയുടെ വിമർശനം.