ക്ഷത്രിയൻ.
ഏറ്റവും കൂടുതൽ ഓമനപ്പേരുള്ള മുഖ്യമന്ത്രിയെന്നല്ല, മലയാളി എന്ന നിലയിൽ തന്നെ പിണറായി വിജയൻ ഗിന്നസ് ബുക്കിൽ കയറാൻ സമയമായിരിക്കുന്നു.
എന്തോരം പേരുകളാണ് വിജയനെ തേടിയെത്തിയിട്ടുള്ളത്. ഏറ്റവുമൊടുവിലിതാ കേരളത്തിൻ്റെ കാരണവരാണ് പിണറായി എന്ന് പ്രഖ്യാപിച്ചിരിക്കയാണ് സാക്ഷാൽ കുണ്ടറ കാസ്ട്രോ.
തിരുവനന്തപുരത്തെ മെഗാ തിരുവാതിരയിൽ കാരണഭൂതനും ധീര സഖാവുമായി വാഴ്ത്തപ്പെട്ട വിജയൻ സ്തുതിപ്പാട്ടിൻ്റെ രണ്ടാം എപ്പിസോഡിൽ നാടിൻറെ അജയനും തീയിൽ കുരുത്ത കുതിരയും കൊടുങ്കാറ്റിൽ പറക്കും കഴുകനും മണ്ണിൽ മുളച്ച സൂര്യനും മലയാള നാടിൻറെ മന്നനും മാസും ക്ലാസും പുലിയും സിംഹവും നായകനും പടച്ചേവകനുമൊക്കെ ആയതാണ്. അതിനൊക്കെപ്പുറമെ ക്യാപ്റ്റൻ കൂടിയാണ് കക്ഷി.
എം.എ.ബേബിയെ അറിയില്ലെന്നും ആരെന്ന് മനസിലാക്കാൻ ഗൂഗിൾ സേർച്ച് ചെയ്യുമെന്നും ത്രിപുരയിലെ കാവിപ്പാർട്ടി നേതാവ് ബിപ്ലവ് കുമാർ വെളിപ്പെടുത്തിയ ദിവസമാണ് പിണറായിക്ക് ബേബി കാരണവർ പട്ടം ചാർത്തിയത്. നൂറായിരം പേരുകൾ ഇതിനകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞ പിണറായിക്ക് പുതിയ നാമം കണ്ടെത്തുന്നതിന് ബേബി എന്തുമാത്രം കഷ്ടപ്പെട്ടിരിക്കും. അവസാനം ഗൂഗിളിൽ സേർച്ച് ചെയ്ത് തന്നെയാകും പേര് കണ്ടെത്തിയത്.
കാലഹരണപ്പെടുന്നതിന് മുൻപ് ഓമനപ്പേര് നൽകുകയെന്നത് വിപ്ലവപ്പാർട്ടിയിൽ പതിവാണ്. അത്തരമൊരു കീഴ്വഴക്കത്തിൻറെ ഭാഗമായാണ് വി.എസ്.അച്യുതാനന്ദൻ പൊതുസ്വത്താണെന്ന് പിണറായി വിജയൻ പണ്ട് പറഞ്ഞത്. പിണറായിയുടെ വിശേഷണം അർഥസമ്പൂർണമായിരുന്നുവെന്ന് തെളിയാൻ അധികകാലമൊന്നും വേണ്ടിവന്നതുമില്ല.
പൊതുസ്വത്ത് എന്നാൽ കയ്യേറി നശിപ്പിക്കാനുള്ളതെന്ന വിശ്വാസം ആ പാർട്ടിക്കാർക്ക് പൊതുവേയുണ്ട്. കെഎസ്ആർടി ബസുകൾ തൊട്ട് സർക്കാർ ഓഫീസുകൾ വരെ പൊതുസ്വത്തുക്കൾ തീവച്ചും കല്ലെറിഞ്ഞുമൊക്കെ നശിപ്പിച്ചുപോരുന്നത് അതിൻ്റെ ഭാഗമായാണ്.
അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെൻറ് നൽകണമെന്ന് നിർദേശിക്കാൻ ഒരാളുണ്ടായതും പൊതുസ്വത്ത് ആയതോടെയാണെന്നതും കൂട്ടിവായിക്കുക.
എം.എ.ബേബിയുടെ കാരണവർ പ്രയോഗം ഏതായാലും ഭേഷ് ആയിട്ടുണ്ട്. കാരണവർ എന്ന സാഹിത്യഭാഷ മാലോകർക്കൊക്കെ ‘കാർന്നോർ’ ആണ്. കാർന്നോരെക്കുറിച്ച് ഒന്നും പറയേണ്ട എന്ന് പറയുന്ന അനന്തരവന്മാരെ ഭൂമിമലയാളത്തിൽ ഇഷ്ടം പോലെ കാണാം.
അനന്തരവന്മാരെക്കുറിച്ച് കാർന്നോർമാർക്കും ചില ധാരണകളൊക്കെ പൊതുവായുണ്ട്. പണ്ടൊരു കാരണവർ അനന്തരവനുമൊത്ത് നടക്കാനിറങ്ങി. വഴിയിൽ കണ്ടുമുട്ടിയ പഴയകാല സുഹൃത്ത് കൂടെയുള്ള ആളെക്കുറിച്ച് കാരണവരോട് തിരക്കി. ഇത് നേരെ അനന്തരവനും, നാളെ പറമ്പിൽ കയറരുത് എന്ന് എന്നോട് പറയേണ്ടവനും എന്നായിരുന്നുവത്രെ പരിചയപ്പെടുത്തിയത്.
ഒരുവിധപ്പെട്ട കാരണവന്മാരെല്ലാം അനന്തരവന്മാരെക്കുറിച്ച് ധരിച്ചുവച്ചിട്ടുണ്ടാവുക അങ്ങനെയൊക്കെ തന്നെയാകും. കാരണവർ ആയി വാഴ്ത്തപ്പെട്ട പിണറായി മനസിലും അങ്ങനെ ചിലതൊക്കെ തന്നെയാകില്ലെന്ന് ആരറിഞ്ഞു.
അച്യുതാനന്ദൻ്റെ പിൻബലത്തിൽ തലപ്പത്തെത്തി എന്നതാണ് പിണറായിയുടെ ഗ്രാഫിൽ കാണുന്നത്. അന്ന് അച്യുതാനന്ദൻ കാരണവരും പിണറായി അനന്തരവനുമായിരുന്നു, താമസിയാതെ അനന്തരവൻ കാരണവരായി. കാരണവർ അനന്തരവൻ പോലുമല്ലാതായി.
പിണറായിയുടെ ബലത്തിലാണ് ബേബി പുതിയ സ്ഥാനത്തെത്തിയത് എന്നതാണ് മധുരചരിതം. വിജയനെ കാരണവർ സ്ഥാനത്ത് അവരോധിച്ചതും അതുകൊണ്ടുതന്നെ. വി.എസിനോട് താൻ കാണിച്ചത് ബേബി തന്നോട് കാണിക്കില്ലെന്ന് ഉറപ്പിക്കാൻ ഏത് കാരണഭൂതനും കഴിയില്ലെന്നത് ഉറപ്പ്. കാരണവരും അനന്തരവനും തമ്മിൽ എന്തൊക്കെ കാണാനിരിക്കുന്നു.