ക്ഷത്രിയൻ.
ചെങ്കൊടിയുടെ പുതിയ അമരക്കാരൻ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എകെജി സെൻററിലെത്തുമ്പോൾ സംസ്ഥാന കാര്യക്കാരനും ഓഫീസ് കാര്യസ്ഥനുമൊക്കെ അങ്ങകലെ തഞ്ചാവൂരിനടുത്ത കല്ലണ അണക്കെട്ടിലായിരുന്നുവത്രെ.
പാറപ്പുറത്ത് പിറന്നുവീണ പാർട്ടിയുടെ ഏഴരപ്പതിറ്റാണ്ട് ചരിത്രത്തിൽ ഇന്നേവരെ ഒരു അഖിലേന്ത്യാ സെക്രട്ടറിക്കുമുണ്ടായിട്ടില്ല ഈ ഗതികേട്. വളഞ്ഞ ഘടനയിലാണ് അണക്കെട്ടുള്ളതെന്ന് അവിടെച്ചെന്ന് നോക്കിയപ്പോൾ ഗോവിന്ദൻ മാഷിന് ബോധ്യപ്പെട്ടുവെന്നാണ് പറയുന്നത്.
ഇന്ത്യയിലെ ആദ്യത്തേതല്ലാത്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇന്ത്യയിലെ തന്നെ ആദ്യത്തെ അണക്കെട്ട് സന്ദർശിക്കാൻ കണ്ടെത്തിയ സമയം ഏതായാലും ഉചിതമായിട്ടുണ്ട്. കർഷകർക്ക് വെള്ളമില്ലാതായപ്പോൾ അന്നത്തെ രാജാവ് കരികാല ചോളൻ പണിതതാണ് കല്ലണ അണക്കെട്ട്.
ഗോവിന്ദൻ മാഷിൻ്റെ പാർട്ടിയും ഇപ്പോൾ ഏതാണ്ട് വെള്ളം ലഭിക്കാത്ത തരിശ്ഭൂമി പോലെയായിവരുന്നുണ്ട്. കല്ലട അണക്കെട്ടിന് പുറമെ കീലടി മ്യൂസിയം സന്ദർശിക്കാനും മാഷ് മറന്നില്ല. മ്യൂസിയം സന്ദർശിക്കുന്ന ആർക്കും ഇന്ത്യയുടെ ആദിമ ചരിത്രത്തെക്കുറിച്ചുള്ള ധാരണ മാറ്റേണ്ടിവരുമെന്നും ഗോവിന്ദൻ കട്ടായം പറയുന്നു.
ശോഷിച്ച് ശോഷിച്ച് ഇല്ലാതാകുന്ന അവസ്ഥയിലെത്തി നിൽക്കുന്ന പാർട്ടിയെ പ്രതിഷ്ഠിക്കാൻ ഏതെങ്കിലും മ്യൂസിയം കണ്ടുപിടിക്കേണ്ടത് അനിവാര്യമാണ്. ആ തിരിച്ചറിവാണ് ഗോവിന്ദനെയും സംഘത്തേയും കീലടി മ്യൂസിയത്തിൽ എത്തിച്ചതെന്നും പറയാം.
കുണ്ടറ കാസ്ട്രോ, തിരുവനന്തപുരത്തെത്തിയപ്പോൾ ഗോവിന്ദൻ മാഷ് സ്ഥലത്തുണ്ടായില്ല എന്നത് കുറ്റമേ ആകുന്നില്ല. പാർട്ടിയുടെ ഭാവിയോർത്ത് കരുതൽ നടപടികൾ സ്വീകരിക്കാനുള്ള പ്രയാണത്തിലായിരുന്നു ഗോവിന്ദനെന്ന് കരുതിയാൽ മതി. അതേസമയം ഗോവിന്ദൻ മാഷ് ഇല്ലാത്ത സമയം നോക്കി ബേബി എ.കെ.ജി സെൻററിൽ കയറിയതാണ് തെറ്റ്.
അഖിലേന്ത്യാ സെക്രട്ടറിയായി തിരഞ്ഞെടൂക്കപ്പെട്ട ബേബി അഖിലേന്ത്യാ ആസ്ഥാനമായ ഡൽഹി എകെജി ഭവൻ ആയിരുന്നു ആദ്യം സന്ദർശിക്കേണ്ടിയിരുന്നത്. അതിന് പകരം തിരുവനന്തപുരം എകെജി സെൻററിലേക്ക് വന്നത് നയവ്യതിയാനമാണെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിക്കൂടായ്കയില്ല.
എകെജി ഭവനിൽ എത്തിയാലുണ്ടാകാവുന്ന ബദ്ധപ്പാടുകളാണ് ബേബിയെ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റിച്ചതെന്നും കരുതാതെ വയ്യ. തിരുവനന്തപുരത്ത് നിന്നും വല്ലതും ലഭിച്ചിട്ടുവേണം ഡൽഹിയിലെ വൈദ്യുതി ബില്ലും വെള്ളക്കരവുമൊക്കെ അടക്കാൻ. ജീവനക്കാരുടെ ശമ്പളം, പത്രമാസികകളുടെ വരിസംഖ്യ തുടങ്ങിയവയ്ക്കൊക്കെ ആശ്രയിക്കുന്നതും കേരളത്തെയാണ്. അത്തരമൊരവസ്ഥയിൽ മധുരയിൽ നിന്ന് ഡൽഹിക്ക് പോയിരുന്നെങ്കിൽ സംഗതി കുഴയുമായിരുന്നുവെന്ന തിരിച്ചറിവ് കാസ്ട്രോയ്ക്കും കാണുമല്ലോ.
കേരളത്തിൽ മന്ത്രിയായിരിക്കെ രൂപതയ്ക്ക് ‘രൂപ താ’ എന്നും അതിരൂപതയ്ക്ക് ‘അധികം രൂപ താ’ എന്നും വ്യാഖ്യാനം നൽകിയ ആളാണ് കക്ഷി. ഡൽഹിയിൽ നിന്ന് കേരളത്തിലോട്ടുള്ള ഓരോ വരവും ഇനി ഡൽഹിയിലെ വട്ടച്ചെലവിന് രൂപ താ എന്നും അധികം രൂപ താ എന്നും കാരണഭൂതനോട് അപേക്ഷിക്കാൻ വേണ്ടിയാകുമെന്നത് പള്ളിക്കാരെപ്പറ്റിയുള്ള വാക്ക് അറം പറ്റിയതാണെന്ന് സമാധാനിക്കാം.
ഫിദൽ കാസ്ട്രോയ്ക്ക് ചുരുട്ടായിരുന്നുവെങ്കിൽ കുണ്ടറ കാസ്ട്രോയ്ക്ക് തുണിസഞ്ചിയാണ് ട്രേഡ് മാർക്ക്. ഇക്കാലമത്രയും തുണിസഞ്ചിയിൽ നിറയെ പുസ്തകങ്ങളും രേഖകളുമായിരുന്നു. ഇനി ഡൽഹി വട്ടച്ചെലവിന് കാരണഭൂതൻ നൽകുന്ന പണവും നിറക്കേണ്ടിവരും.
ബേബിയെ കാണാതിരിക്കാനാണ് ഗോവിന്ദൻ അണക്കെട്ട് കാണാൻ പോയതെന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്കാണ്. രണ്ട് സൈദ്ധാന്തികർ തമ്മിൽ ഒരുമിച്ചുവരുന്നതിലെ താത്വികവൈഷമ്യം വല്ലതുമാണോ എന്നത് കരിക്കുലത്തിന് പുറത്ത് ചിന്തിക്കാമെന്നുമാത്രം.
കുണ്ടറ കാസ്ട്രോയുടെ തുടക്കം കണ്ടിട്ട് രക്ഷപ്പെടാൻ പിടിപ്പത് പാടുപെടേണ്ടിവരുമെന്നാണ് തോന്നുന്നത്. മുഖ്യൻ്റെ മകളുമായി ബന്ധപ്പെട്ട വിവാദം മുഖ്യനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയമാണെന്നാണ് പുതിയ അഖിലേന്ത്യൻ്റെ കന്നിമൊഴി. എ.കെ.ബാലൻ തൊട്ട് എ.എ. റഹീം വരെയുള്ളവർ പറഞ്ഞുപറഞ്ഞ് തേമാനം സംഭവിച്ച മൊഴി ആവർത്തിക്കാൻ എം.എ. ബേബി വേണോ എന്ന സംശയമൊക്കെ പലർക്കുമുണ്ട്.
ഒന്നുമില്ലെങ്കിൽ ഉമ്മൻ ചാണ്ടി പറയാറുള്ളത് പോലെ നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടേ എന്നെങ്കിലും പറഞ്ഞൂടായിരുന്നോ ഈ കാസ്ട്രോയ്ക്ക് എന്ന് ചോദിക്കുന്നവരുമുണ്ട്.
മധുരയും പാർട്ടി കോൺഗ്രസും കാസ്ട്രോയുമൊക്കെ ഒരുവഴിക്കായപ്പോഴാണ് കണ്ണൂരിൽ ചെന്താരകം വീണ്ടും ഫ്ലക്സിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. തൂണിലും തുരുമ്പിലും ദൈവം എന്നത് പോലെയാണത്രെ ജനമനസുകളിൽ പി.ജയരാജൻ. ഇമ്മാതിരി ഫ്ലക്സുകളാണ് ചെന്താരകത്തിന് ശനിദശ ആയത്.
ഇനിയൊന്നും നഷ്ടപ്പെടാനില്ലെന്ന് മാത്രമല്ല ലഭിക്കാനുമില്ല എന്നതിനാൽ ദൈവത്തെ പോലെ എന്നല്ല, ദൈവം തന്നെ എന്നും ഫ്ലക്സിൽ കണ്ടാൽ അതിശയപ്പെടേണ്ട.
എല്ലാ കാര്യത്തിൽ ഒന്നാമതെന്ന് മേനി നടിക്കുന്നതിനെക്കുറിച്ച് ആലപ്പുഴയിലെ മഹാകവി പരിഹാസം ചൊരിഞ്ഞതും ഈ ദിവസങ്ങളിൽ തന്നെ.
എല്ലാംകൊണ്ടും സംഭവബഹുലമാണ് കേരളീയ അന്തരംഗം. പ്രതീകാത്മക പ്രവൃത്തികളാൽ നിറയും മലയാളമണ്ണ്.
കുഞ്ചൻ നമ്പ്യാർ പാടിയതുപോലെ:
വലിയൊരഭിമാനക്ഷയമുടവർക്കും
വലിയവനോടുള്ളിൽ കലഹമുളവോർക്കും
പല പല വിമോഹം ഹൃദി കരുതുവോർക്കും
കുറയുമിഹ നിദ്രാ പ്രണമത മുകുന്ദം.
One Response
മനോഹരം.