ക്ഷത്രിയൻ
വിക്ക് എപ്പോഴുമുണ്ടോ എന്ന് ചോദിച്ചയാളോട്, ഇല്ല, സംസാരിക്കുമ്പോൾ മാത്രമെന്ന് മറുപടി നൽകിയിട്ടുണ്ട് പണ്ട് ഇ.എം.എസ്. കാവിപ്പാർട്ടി സംസ്ഥാന പ്രസിഡൻറായി നിയമിക്കപ്പെട്ട നേതാവും അങ്ങനെ പ്രതികരിക്കേണ്ട അവസ്ഥയിലാണെന്ന് തോന്നുന്നു.
പ്രസിഡൻറ് സ്ഥാനമേറ്റെടുത്ത് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. സ്വന്തം ജന്മസ്ഥലത്തിൻറെ പേര് പോലും നോക്കിവായിച്ചുകൊണ്ടുള്ള പ്രസംഗം. ആത്മകഥ പറയാനും നോക്കി വായിക്കണമെന്ന് പറഞ്ഞാൽ മനസിലാകുമല്ലോ, ഭാഷയുമായി ആശാനുള്ള ബന്ധം.
കാവിപ്പാർട്ടിയെ നയിക്കാനെന്തിന് മലയാളമെന്ന ചോദ്യം ഉയർന്നേക്കാം. കെ.ജി.മാരാർ തൊട്ട് ഉള്ളിസുര വരെ മലയാളത്തിൽ പ്രസംഗിച്ച് പ്രസംഗിച്ച് തളർന്നിട്ടും പച്ചപിടിക്കാത്ത പാർട്ടിയെ ഇനി കുറച്ചുകാലം മലയാളം അറിയാത്ത മലയാളി നയിച്ചോട്ടെയെന്ന് മോദിയും അമിത് ഷായും തീരുമാനിച്ചത് പാതകമൊന്നുമല്ല.
കന്നിപ്രസംഗം തന്നെ വൈറൽ ആയ സ്ഥിതിക്ക് ഇനിയങ്ങോട്ട് സ്ഥിതി മോശമാകാൻ ഇടയില്ല. മലയാളം വഴങ്ങായ്ക എല്ലായ്പ്പോഴുമുണ്ടോയെന്ന് ആരെങ്കിലും സംശയം ഉന്നയിച്ചാൽ വിക്കിനെക്കുറിച്ച് ഇ.എം.എസ് പറഞ്ഞ മറുപടി കടമെടുത്താൽ മതി. ‘ഇല്ല, പ്രസംഗിക്കുമ്പോൾ മാത്രം !!!
1990കളിൽ ഒരു ഇംഗ്ലീഷ് പത്രലേഖകനായി തിരുവനന്തപുരത്ത് ജോലി ചെയ്ത ബംഗാൾ സ്വദേശിയുണ്ട്. എപ്പോഴും സക്രിയനായിരുന്നു കക്ഷി. വർക്കിങ്ങ് ജേണലിസ്റ്റ് എന്നതിൻറെ ആശയം പൂർണമായും ഉൾക്കൊണ്ട് വർക്ക് ചെയ്ത ജേണലിസ്റ്റ്. മലയാളം അറിയാത്ത കക്ഷി തിരുവനന്തപുരത്തെ മറ്റ് പത്രക്കാരുടെ സഹായത്തോടെ ജോലി എളുപ്പമാക്കുമായിരുന്നു.
ആയിടെയാണ് മുഖ്യമന്ത്രികെ.കരുണാകരൻ കാറപകടത്തെ തുടർന്ന് ആശുപത്രിയിലാകുന്നത്. ലീഡറുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിനൊക്കെ ഉണ്ടാകാറുണ്ടെങ്കിലും ആശുപത്രിയിൽ നേരിട്ട് ചെന്ന് കാര്യങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചു ബംഗാളുകാരൻ.
അവിടെ ഇംഗ്ലീഷ് ചെലവാകാൻ പ്രയാസമാകരുതെന്ന് കരുതി ഒന്നുരണ്ട് ചോദ്യങ്ങൾ മലയാളത്തിൽ പഠിച്ചുവച്ചാണ് ആശുപത്രിയിൽ എത്തിയത്. മലയാളി പത്രപ്രവർത്തകൻ്റെ സഹായത്തോടെ ചോദ്യങ്ങൾ മംഗ്ലീഷിൽ എഴുതിപ്പഠിച്ചു.
സി.എമ്മിൻറെ പരിക്ക് എങ്ങനെയുണ്ട് എന്നതായിരുന്നു ഒരു ചോദ്യം. ആശുപത്രിയിൽ ലീഡറുടെ മുറിക്കടുത്തുണ്ടായിരുന്ന നഴ്സിനോടാണ് കാര്യങ്ങൾ തിരക്കിയത്.
C.M.nte parikk enganeyund എന്നെഴുതിപ്പഠിച്ച കക്ഷിയുടെ വാമൊഴിയിൽ PARIKKലെ ‘രി’ ‘റി’ ആയാണ് പുറത്ത് വന്നത്. ചോദ്യം കേട്ട നഴ്സ് നാണത്താൽ ചിരിച്ചുവെന്നും പത്രക്കാരൻ അന്തം വിട്ടുവെന്നുമാണ് അനന്തരകഥ.
അക്കാലത്ത് തന്നെ മലബാറിലൊരിടത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുപക്ഷത്ത് നിന്ന് രണ്ടുപേർ മരിച്ചു. സമാധാന യോഗത്തിലെ അധ്യക്ഷൻ ഉത്തരേന്ത്യക്കാരനായ ജില്ലാ കലക്ടർ. ഒരുപക്ഷത്തുള്ളവരോട് കലക്ടർ പറഞ്ഞു: നിങ്ങളുടെ ആൾക്കാർ അക്രമിച്ചു, ഒരാൾ മരിച്ചു, സന്തോഷമുണ്ട്.
മറുപക്ഷത്തോടും പറഞ്ഞു: നിങ്ങളുടെ ആൾക്കാർ അക്രമിച്ചു, ഒരാൾ മരിച്ചു, അതിലും സന്തോഷമുണ്ട്. രണ്ട് മരണമുണ്ടായിട്ടും കലക്ടർ എങ്ങനെ സന്തോഷിക്കുന്നുവെന്ന് മനസിലാക്കാൻ പക്ഷെ, ഇരു വിഭാഗത്തിനും പ്രയാസമുണ്ടായിരുന്നില്ല.
മലയാളവുമായി പൊരുത്തപ്പെട്ടുവരുന്ന കലക്ടറുടെ നാക്കിൻ തുമ്പിൽ സങ്കടം സന്തോഷത്തിന് വഴിമാറിയതാണെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. അത് കൊണ്ടുതന്നെ സമാധാന യോഗം സമാധാനപരമായി അവസാനിക്കുകയും ചെയ്തു.
അത്കൊണ്ട് കടിച്ചാൽ പൊട്ടാത്ത മലയാളത്തിന് പിന്നാലെ പോകാതെ കാവിപ്പാർട്ടിയുടെ പുതിയ പ്രസിഡൻറ് അറിയാവുന്ന ഇംഗ്ലീഷിൽ മൊഴിയുന്നതാകും ഉചിതം. മലയാളം അറിയാമായിരുന്നിട്ടും ഇംഗ്ലീഷിൽ പ്രസംഗിക്കുന്ന പ്രകാശ് കാരാട്ടിനെ മാതൃകയാക്കാവുന്നതുമാണ്.
Post Views: 159