April 3, 2025 9:54 am

കൊച്ചാപ്പയുടെ അറിവും തിരിച്ചറിവില്ലായ്മയും

ക്ഷത്രിയൻ 

ങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതാണ് ഇക്കാലമത്രയുമുള്ള ചൊല്ല്. നിയമസഭയിൽ തോറ്റതിന് സമൂഹ മാധ്യമത്തിൽ എന്നതാണ് അതിൻ്റെ പുതിയ വകഭേദമെന്ന് തോന്നുന്നു.

സമയപരിധിയും കടന്ന് നീണ്ടുപോയ പ്രസംഗം നിർത്തിക്കിട്ടാൻ മൈക്ക് ഓഫ് ചെയ്ത സ്പീക്കർക്കെതിരെ ഒളിയമ്പുമായി ഫെയ്സ്ബുക്കിൽ അവതരിച്ചിരിക്കയാണ് ഭരണപക്ഷത്തെ ഒരു എംഎൽഎ.

മലപ്പുറത്ത് ലീഗിനെ തോൽപിച്ച് നാലുതവണ അംഗമായവൻ്റെ ഉശിര് മക്കയിലേക്ക് ഈന്തപ്പഴം കയറ്റുന്നവർക്ക് കാണില്ലെന്നാണ് കൊച്ചാപ്പ പറയുന്നത്. അല്ലെങ്കിലും കൊച്ചാപ്പയ്ക്ക് ഈന്തപ്പഴം വലിയ ദൗർബല്യമാണെന്നാണ് കേൾവി. ഈന്തപ്പഴത്തെക്കുറിച്ചുള്ള ഓർമ്മ പോലും അതിനാൽ സ്വപ്നതുല്യവുമായിരിക്കും.

റമസാൻ അവസാനിക്കാറായിട്ടും കൊച്ചാപ്പയുടെ നാവിൻതുമ്പത്ത് ഈന്തപ്പഴം വിരുന്നുവരുന്നതൊക്കെ അതിനാലാണ്. സമയം കഴിഞ്ഞും നീണ്ടുപോയ പ്രസംഗം നിർത്തണമെന്ന ആവശ്യമേ സ്പീക്കർ ഉന്നയിച്ചിട്ടുള്ളൂ. സ്പീക്കറുടെ ആവശ്യവും കൊച്ചാപ്പയുടെ പ്രസംഗവും റെയിൽപാളം പോലെ നീണ്ടപ്പോൾ സ്പീക്കർക്ക് കലികയറി. മൈക്ക് ഓഫ് ചെയ്തു.

പ്രതിപക്ഷത്തെ ഏതാണ്ടെല്ലാ അംഗങ്ങളും കാലങ്ങളായി അനുഭവിച്ചുവരുന്ന കാര്യം കൊച്ചാപ്പക്കും അനുഭവിക്കേണ്ടി വന്നുവെന്ന് മാത്രം. അതിനാണിപ്പോൾ കൊച്ചാപ്പ ഫെയ്സ്ബുക്കിനെ കൂട്ടുപിടിച്ചത്. അങ്ങനെയെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽതൊട്ട് പ്രതിപക്ഷ നേതാവ് വരെ ഫെയ്സ് ബുക്കിൽ കുടികെട്ടി താമസിക്കേണ്ടിവരുമല്ലോ.

മലപ്പുറത്ത് ലീഗിനെ തോൽപിച്ച ഉശിര് കൊച്ചാപ്പ വിളമ്പുന്നത് ആദ്യമൊന്നുമല്ല. കേട്ടാൽ തോന്നും ഉശിരുള്ള ജയമാണ് കൊച്ചാപ്പ ഓരോ തവണയും നേടിയതെന്ന്. കുഞ്ഞാപ്പയെ തോൽപിച്ച പ്രദേശത്ത് നിന്നേയല്ല അതിന് ശേഷം മൂന്നുതവണയും കൊച്ചാപ്പ ജയിച്ചത്.

കുഞ്ഞാപ്പ തോറ്റതോടെ കുറ്റിപ്പുറം മണ്ഡലം തന്നെ ഇല്ലാതായി. കൊച്ചാപ്പ ജയിച്ചത് കൊണ്ട് അങ്ങനെ സംഭവിച്ചുവെന്നും പറയാം. കുഞ്ഞാപ്പയുടെ പരാജയവും കൊച്ചാപ്പയുടെ വിജയവും അനിതരസാധാരണമായൊരു സാഹചര്യത്തിൽ സംഭവിച്ചതാണെന്ന് അറിയാത്തവരല്ല മലയാളികൾ.

പിന്നീട് മൂന്ന് തവണ കൊച്ചാപ്പ ജയിച്ചത് വിപ്ലവപ്പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിച്ചുകയറുന്ന മണ്ഡലത്തിലാണ്. അതൊന്നും തന്നെ ലീഗ് സ്ഥാനാർഥികൾക്കെതിരായ വിജയവും അല്ല. മലപ്പുറമെന്നാൽ ലീഗ് മാത്രമാണെന്ന വിശ്വാസവും തെറ്റാണ്.

ചുകപ്പന്മാർക്ക് അത്യാവശ്യം സ്വാധീനമുള്ള പ്രദേശം അന്നും ഇന്നും മലപ്പുറത്തുണ്ട്. കുഞ്ഞാലിയും ഇമ്പിച്ചി ബാവയുമൊക്കെ അടക്കിവാണ പ്രദേശങ്ങൾ ഇന്നും അവിടെയുണ്ട്. അതുകൊണ്ടാണ് ഓരോ തിരഞ്ഞെടുപ്പിലും ഒന്നുരണ്ടിടങ്ങളിൽ വിപ്ലവപ്പാർട്ടി ജയിക്കുന്നത്.

കുഞ്ഞാപ്പക്കെതിരായ വിജയം അവകാശവാദമായി തുടരണമെങ്കിൽ കൊച്ചാപ്പ അതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലും കുഞ്ഞാപ്പക്കെതിരെ മത്സരിക്കണമായിരുന്നു. അതിനുള്ള ധൈര്യം കൊച്ചാപ്പക്കുണ്ടായിട്ടില്ല.

അതുമല്ലെങ്കിൽ അന്ന് കുഞ്ഞാപ്പയെ പരാജയപ്പെടുത്തിയ കുറ്റിപ്പുറത്തെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾക്കൊള്ളുന്ന കോട്ടക്കൽ മണ്ഡലത്തിലെങ്കിലും ലീഗിനെതിരെ മത്സരത്തിന് ഇറങ്ങണമായിരുന്നു. കൊച്ചാപ്പയും കുടുംബവും വസിക്കുന്ന പ്രദേശം കൂടിയാണല്ലോ അത്.

സ്പീക്കറോട് കലിപൂണ്ടതിന് പുറമെ മറ്റൊരു അംഗത്തോടും കൊച്ചാപ്പ രോഷാകുലനായത്രെ. നീ പത്താം ക്ലാസല്ലേ, ഞാനല്ലേ ബികോം എന്ന സിനിമാ ഡയലോഗ് പോലെ നീ സ്കൂൾ മാഷല്ലേ, ഞാൻ കോളജ് പ്രഫസർ അല്ലേ എന്നായിരുന്നുവത്രെ കൊച്ചാപ്പയുടെ ചോദ്യം.

അറിവല്ല, തിരിച്ചറിവാണ് വേണ്ടതെന്ന് പണ്ട് കാരണവന്മാർ പറഞ്ഞത് വെറുതേയല്ല. നിയമസഭയ്ക്കകത്ത് കോളജ് പ്രഫസർക്കും സ്കൂൾ വാധ്യാർക്കും വ്യത്യസ്ത പരിഗണനയാണെന്ന് കരുതുന്ന ഡോക്ടറെ നിയമസഭയിലേക്കയച്ചവരെ വേണം പഴിക്കാൻ.

പുതിയ സഭയിൽതന്നെ എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവർ വരെയുണ്ടെന്നാണ് സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നത്. കൊച്ചാപ്പ തീയറി അനുസരിച്ച് അവരുടെയൊക്കെ ഇടപെടൽ അരോചകമായി കണേണ്ടിവരും. കോളജ് പ്രഫസർ അല്ലാത്ത മന്ത്രിമാരുമായി ഇനി കൊച്ചാപ്പ ഇടപഴാകുമോ ആവോ?

കറുപ്പും വെളുപ്പും സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ പ്രതികണവുമായി ഇറങ്ങിയ സാംസ്കാരിക നായകർ സ്കൂൾ വാധ്യാരും കോളജും പ്രഫസറുമെന്ന കൊച്ചാപ്പിയൻ കാഴ്ചപ്പാടിനെക്കുറിച്ച് മൗനം പാലിക്കുന്നത് ഉചിതമല്ല.

പണ്ട് സുകുമാർ അഴീക്കോടും എം.പി.വീരേന്ദ്രകുമാറും തമ്മിലുണ്ടായ വാശിയേറിയ വാക്പയറ്റ് അവസാനിപ്പിച്ചുകൊണ്ട് അവരിലൊരാൾ പറഞ്ഞ മൊഴിയുണ്ട് ; ‘എൻറെ നിലവാരമുള്ളവരോട് മാത്രമേ ഞാൻ ഇടപെടാൻ പാടുള്ളൂവെന്ന് എനിക്കിപ്പോൾ മനസിലായി.

അതിനാൽ ഇനി ഞാൻ ഈ വിവാദത്തിന് ഇല്ല. അറിവല്ല, തിരിച്ചറിവാണ് വേണ്ടതെന്നറിയാത്ത കൊച്ചാപ്പമാരോട് സംവദിക്കാതിരിക്കാൻ ആർക്കും സ്വീകരിക്കാവുന്നതാണ് ആ മൊഴി.

One Response

  1. ഇല്ലേലും ഈ വെളുത്ത സമാജികരെ കാണുമ്പോ…. ഇത്തിരി കെറുവു കൂടുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News