ക്ഷത്രിയൻ.
വ്യവസായ മന്ത്രി പി.രാജീവിനോട് കേന്ദ്രത്തിന് ഇത്രയും ക്രൂരത പാടില്ലായിരുന്നു. ലബനനിൽ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവായെ വാഴിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് അവിടെനിന്ന് അമേരിക്കയിലേക്ക് പറക്കാനുള്ള രാജീവിൻ്റെ മോഹം തല്ലിക്കെടുത്തിയ കേന്ദ്ര നടപടിയിൽ മലയാളികൾ ഒന്നടങ്കം പ്രതിഷേധിച്ചേ പറ്റൂ.
എന്തൊക്കെ പ്രതീക്ഷകളുമായാണ് മന്ത്രി തിരുവനന്തപുരത്ത് നിന്ന് വിമാനം കയറിയത്. ശരീരം ലബനനിലായിരുന്നെങ്കിലും മന്ത്രിമനസ് അമേരിക്കയിൽ എത്തിക്കഴിഞ്ഞിരുന്നുവത്രെ. അപ്പോഴാണ് യാത്രാനുമതിയില്ലെന്ന് കേന്ദ്രം അറിയിച്ചത്.
സഖാക്കളെന്തിന് അമേരിക്കയിൽ പോകുന്നുവെന്നൊക്കെ ശത്രുക്കൾ ചോദിച്ചെന്ന് വരും. ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റെ മന്ത്രിസഭയെ താഴെയിറക്കാൻ കോവളത്തും വിഴിഞ്ഞത്തും അങ്കമാലിയിലുമൊക്കെ പണസഞ്ചിയുമായി കറങ്ങിയ അമേരിക്കൻ സായ്പ് മൊയ്നിഹാൻ്റെ രാജ്യവുമായി എന്തിന് ബന്ധപ്പെടണമെന്ന നിഷ്കളങ്കതയാണ് അത്തരം ചോദ്യത്തിന് പിന്നിലെന്ന് മാത്രം.
എന്നുവച്ച് അന്നുതൊട്ടിങ്ങോട്ട് അമേരിക്കയിൽ കാല് കുത്താനുള്ള ഒരവസരവും ഒരു കമ്യൂണിസ്റ്റുകാരനും പാഴാക്കിയിട്ടില്ല. സാമ്രാജ്യത്വം തുലയട്ടേയെന്ന് മുദ്രാവാക്യം വിളിച്ചെന്നിരിക്കും. പിബി അംഗം മുതൽ അണ്ടിമുക്ക് ബ്രാഞ്ച് സെക്രട്ടറി വരെ പ്രസംഗങ്ങളിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ നാക്കിട്ടടിക്കുകയും ചെയ്യും.
അതേസമയം കാരണഭൂതൻ തൊട്ടുള്ളവർക്ക് പനിവന്നാൽ കുത്തിവെയ്പിന് പോലും അമേരിക്ക വേണം. ആരോഗ്യ രംഗത്ത് ലോകാടിസ്ഥാനത്തിൽ കേരളം ഒന്നാമതാണെന്ന ഗീർവാണമടിക്കുമ്പോഴും ചികിത്സ തേടി അമേരിക്കയിൽ പോകാതിരിക്കാൻ മാത്രമുള്ള മണ്ടത്തരമൊന്നും പാർട്ടി കാണിക്കില്ല, കാണിച്ചിട്ടുമില്ല.
രാജീവും പരിവാരവും അമേരിക്കയ്ക്ക് പോകാൻ തുനിഞ്ഞത് ‘മരുമകൻ മന്ത്രിയുടെ’ ടൂറിസം വകുപ്പിനെ പ്രോത്സാഹിപ്പിക്കാനാണെന്ന ആക്ഷേപമൊന്നും ആർക്കുമുണ്ടാകില്ല.
രാജീവ് മന്ത്രിയുടെ ലക്ഷ്യങ്ങൾ പലതായിരുന്നു. പഴയ മൊയനിഹാൻ്റെ അനന്തരവകാശികളെ കണ്ടെത്തി നാല് വർത്തമാനം പറയണം. പിന്നെ, നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ റിച്ചാർഡ് ഫ്രാങ്കിയുമൊത്ത് പ്രാതൽ ചർച്ച.
കാരണഭൂതനും നിർമല സീതാരാമനും ഡൽഹിയിൽ തുടങ്ങിവച്ച പ്രാതൽ ചർച്ചയ്ക്ക് ആഗോള പരിപ്രേക്ഷ്യം നൽകാനുള്ള ശ്രമമാണത്രെ അത്. സാക്ഷാൽ ഡൊണൽഡ് ട്രംപിനെയാണ് ഉദ്ദേശിച്ചതെങ്കിലും തോമസ് ഐസകിൻറെ ശുപാർശക്കത്ത് പ്രകാരം എളുപ്പത്തിൽ ലഭിക്കാവുന്നയാൾ എന്ന നിലയിലാണ് ഫ്രാങ്കിയെ തിരഞ്ഞെടുത്തത്.
റിച്ചാർഡ് ഫ്രാങ്കി ആരെന്ന് മനസിലായില്ലേ. നമ്മുടെ തോമസ് ഐസകിൻ്റെ കൂട്ടുകാരൻ. ഈ മഹത്തുക്കൾ ചേർന്നെഴുതിയ പുതിയ പുസ്തകം താമസിയാതെ വെളിച്ചം കാണുന്നുണ്ട്. അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേരളീയർ പണ്ടേ പലതും പറഞ്ഞതാണ്. ഈ ഫ്രാങ്കി അമേരിക്കൻ ചാരനാണെന്ന് എം.എൻ.വിജയൻറെ ‘പാഠം’ മാസിക പണ്ട് ആരോപിച്ചിട്ടുമുണ്ട്.
ടൈംസ്ക്വയറിൽ സമയം ചെലവഴിക്കണമെന്നതായിരുന്നു മറ്റൊരു ലക്ഷ്യം. ക്രിസ്ത്യാനികൾക്ക് വത്തിക്കാൻ പോലെയും മുസ്ലിംകൾക്ക് മക്ക പോലെയും പുണ്യസ്ഥലമാണത്രെ ഇപ്പോൾ കാരണഭൂതൻ്റെ അനുയായികൾക്ക് ടൈംസ്ക്വയർ. സ്ക്വയറിൽ കാരണഭൂതൻ ഇരുമ്പ് കസേരയിലിരുന്ന രംഗം പ്രതിഷ്ഠപോലെ മനസിൽ കരുതുന്ന സഖാക്കളുമുണ്ടെന്നാണ് ശ്രുതി.
അവിടുത്തേക്ക് തീർഥാടനം മാത്രമല്ല, ഒരു വ്യവസായത്തിൻറെ സാധ്യതയും മന്ത്രി മനസിൽ കണ്ടിരുന്നുവത്രെ. കാരണഭൂതൻ ഇരുന്ന മോഡൽ കസേര പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്നെങ്കിലും കേരളത്തിൽ ഇപ്പോൾ നിലവിലില്ല.
ആ മോഡൽ കസേര വ്യാവസായികാടിസ്ഥാനത്തിൽ കേരളത്തിൽ ലഭ്യമാക്കാനുള്ള സാധ്യതയാണ് മന്ത്രിമനസിൽ ഉണ്ടായിരുന്നത്. സോപ്പിൻറെ പരസ്യത്തിൽ ഹേമമാലിനി കുളിക്കുന്ന സോപ്പെന്നൊക്കെ പറയുന്നപോലെ കാരണഭൂതൻ ഇരുന്ന കസേരയെന്ന പരസ്യത്തിലൂടെ വിപണനം പുഷ്ടിപ്പെടുത്താനാകുമെന്നാണ് കണക്ക് കൂട്ടിയത്.
കസേര അമേരിക്കയിൽ നിർമിച്ച് കേരളത്തിൽ എത്തിക്കുന്നതിനെക്കുറിച്ച് വ്യവസായമന്ത്രി എന്ന നിലയിലും കേരളത്തിൽ തന്നെ നിർമിക്കുന്നതിനെക്കുറിച്ച് സ്റ്റാർട്ടപ്പിൻ്റെ മന്ത്രി എന്ന നിലയിലും അമേരിക്കൻ മലയാളികളുമായി ചർച്ച ആലോചിച്ചതുമാണ്. യുവാക്കൾക്ക് നാട്ടിൽതന്നെ ജോലി തരപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞത് അതിനാലാണ്.
കേരളത്തിൻറെ മുക്കിലും മൂലയിലും ഇരുമ്പ് കസേര നിർമാണ യൂണിറ്റുകൾ. വേണമെങ്കിൽ അത് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതും ആലോചിക്കാം. കേരളത്തിൻ്റെ അവസരമാണ് കേന്ദ്രം ഇല്ലാതാക്കിയതെന്ന് പറഞ്ഞത് എത്രമാത്രം അർഥവത്താണെന്ന് ആലോചിച്ചുനോക്കൂ.
എത്രയും പെട്ടെന്ന് തിരിച്ചത് നന്നായി. അല്ലങ്കിൽ വിമാനമിറങ്ങുമ്പോൾ കിട്ടുന്ന സല്യൂട്ടും നഷ്ടമായേനെ. ജനപ്രതിനിധികളെ പൊലീസ് സല്യൂട്ട് ചെയ്യുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്ന ഉപക്ഷേപവുമായി കോവളം എംഎൽഎ വിൻസെൻറ് നിയമസഭയിലെത്തിയത് ഓർക്കുക. അങ്ങനെയൊരു നിർദേശവുമായി വന്ന വിൻസെൻറിന് എല്ലാവരും ചെർന്ന് ബിഗ് സല്യൂട്ട് നൽകണമെന്നത് വേറെ കാര്യം.
Post Views: 120
One Response
Good