March 13, 2025 4:58 pm

ഭാഷ വല്ലാത്ത പ്രശ്നം തന്നെ

ക്ഷത്രിയൻ.

ഭാഷ കൊണ്ടുള്ള പൊല്ലാപ്പിനോളം വലിയ പൊല്ലാപ്പ് ഭൂലോകത്ത് വേറെയില്ല തന്നെ. ഭാഷയുടെ പേരിലുള്ള കാർക്കശ്യം ദേശീയ തലത്തിൽ തമിഴ്‌നാടിനാണ് വകവച്ചുകൊടുക്കാറെങ്കിലും ഭാഷയുടെ പേരിൽ ചോര ചിന്തിയ പാരമ്പര്യമുണ്ട് രാജ്യാന്തര തലത്തിൽ ബംഗ്ലദേശിന്.

കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്നതുപോലെ ഓരോരുത്തർക്കും അവരുടെ ഭാഷ അമൃതാണ്. ഭാഷയിൽത്തൊട്ടുള്ള കളിക്ക് ആരും നിന്നുകൊടുക്കാത്തതും അത് കൊണ്ടാണ്. ത്രിഭാഷ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവും തമിഴ്‌നാടും തമ്മിൽ ഗോഗ്വാ വിളികൾ നടക്കുന്നുവെങ്കിലും ഭാഷയെക്കുറിച്ച് മലയാളത്തിൽ ബോധമുണർത്തിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ്.

ആശമാരുടെ കാര്യത്തിൽ കേന്ദ്രം പറയുന്നത് കേരളത്തിന് മനസിലാകാത്തത് ഭാഷ അറിയാത്തത് കൊണ്ടാണെന്നാണ് സുരേഷ് ഗോപിയുടെ കണ്ടുപിടിത്തം. സ്വതസിദ്ധമായ ശൈലിയിൽ ‘ആശമാരെ ഞാനിങ്ങെടുക്കുവാ……’ എന്ന് വരുത്തിത്തീർക്കാനുള്ള ത്വരയാണ് കേന്ദ്രമന്ത്രിയുടേത്.

അല്ലെങ്കിലും ഭാഷകൊണ്ട് അമ്മാനമാടുക എന്നത് സുരേഷ് അണ്ണൻറെ രീതി തന്നെയാണ്. സിനിമയിലെ ശീലം രാഷ്ട്രീയത്തിലും എന്ന് ചുരുക്കം. കേന്ദ്ര ആരോഗ്യമന്ത്രി നദ്ദ പറഞ്ഞത് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന് മനസിലായിട്ടില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞതിൻ്റെ മലയാളം.

ഏത് ഭാഷയിൽ പറഞ്ഞാലും ഞൊടിയിടയിൽ പരിഭാഷ കണ്ടെത്താൻ ഗൂഗിൾ സംവിധാനമുള്ള കാലത്താണ് സംസ്ഥാനത്തെ ഫുൾ മന്ത്രിക്ക് ഭാഷ മനസിലാകുന്നില്ലെന്ന് കേന്ദ്രത്തിലെ അരമന്ത്രി കുറ്റപ്പെടുത്തുന്നത് എന്നോർക്കണം. പറഞ്ഞ മന്ത്രിയുടെ പൂർവാശ്രമം അഭിനയവും കേട്ട മന്ത്രിയുടേത് വാർത്താവതരണവും ആയിരുന്നുവെന്ന് മലയാളികൾക്കറിയാം.

രണ്ടും നാട്യത്തിൻ്റെ പട്ടികയിൽ പെടുമെങ്കിലും ഡിജിറ്റൽ പ്രതലത്തിൽ കൂടുതൽ കൈവച്ചത് അവതാരകയായിരിക്കുമെന്നതിനാൽ ഗൂഗിൾ സേർച്ചിനുള്ള പരിചയ സമ്പത്തും വീണയ്ക്കായിരിക്കുമെന്നതും വസ്തുത. ഭാഷ മനസിലാകാത്തത് കൊണ്ടുള്ള പൊല്ലാപ്പ് അല്ലങ്കിലും നിസാര പ്രശ്നമല്ല. ഭാഷ അറിഞ്ഞാൽ പോരാ, സ്ലാങ്ങും പരസ്പരം അറിഞ്ഞിരിക്കണം.

ഒരേ ഭാഷക്കാരാണെങ്കിലും സ്ലാങ്ങ് മനസിലാകാതിരുന്നാലും പ്രശ്നമാണ്. രാത്രി വണ്ടിക്ക് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് കയറിയ ഒരാൾ അർദ്ധരാത്രി വെള്ളം കുടിക്കാനായി തൃശൂർ ഫ്ലാറ്റ്ഫോമിൽ ഇറങ്ങി. ആവശ്യം തീർത്ത് തിരികെ കയറാനുള്ള ധൃതിയിൽ തൻറെ ബെർത്തുള്ള എസ്‌_ ത്രീ കോച്ച് ഏതെന്നതിനെക്കുറിച്ച് കൺഫ്യൂഷനായി. ഒരു കോച്ചിലെ തുറന്നിട്ട ജനാലയിൽ തലചായ്ച്ച് കിടന്ന ആളെ തട്ടിവിളിച്ച് ചോദിച്ചു എസ്_ ത്രീയാണോ എന്ന്.

ചോദ്യം തീരും മുൻപെ ഞെട്ടിയുണർന്ന സ്ത്രീയുടെ പ്രതികരണം യാത്രക്കാരനെ സ്തബ്ധനാക്കി. ‘എന്താ മനുഷ്യാ മുഖത്ത് കണ്ണില്ലേ.. ഒരു സ്ത്രീയെ തട്ടിവിളിച്ച് സ്ത്രീയാണോ എന്ന ചോദിക്കാൻ നാണമില്ലേ എന്നൊക്കെയായിരുന്നുവത്രെ ട്രെയിനിനകത്ത് നിന്നുള്ള പ്രതികരണം. എസ്‌- ത്രീയാണോ എന്ന ചോദ്യം സ്ത്രീയാണോ എന്ന് യാത്രക്കാരി മനസിലാക്കിയതായിരുന്നു പ്രശ്നം.

തിരുവനന്തോരത്തുള്ളവരുടെ ഭാഷ കാസ്രോട്ടുള്ളവർക്ക് എളുപ്പം മനസിലാകില്ലെന്ന് ചുരുക്കം. ഭാഷകൊണ്ട് അങ്ങനെ പൊല്ലാപ്പുകൾ അനവധിയുണ്ടാകുന്ന സാഹചര്യത്തിൽ ലോകത്തുള്ള എല്ലാ ഭാഷകളും നിരോധിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിക്കണം. പകരം ലോകത്തെല്ലാവർക്കും ആംഗ്യഭാഷ എന്ന തീരുമാനമുണ്ടാകണം.

അങ്ങനെ ഒരവസ്ഥ വന്നാൽ ഹിന്ദിയിൽ ആംഗ്യം കാണിച്ചാലും തമിഴിൽ ആംഗ്യം കാണിച്ചാലും ഒരേപോലിരിക്കും. നദ്ദയുടെ ആംഗ്യം വീണയ്ക്കും മനസിലാകും. സുരേഷണ്ണൻറെ വിടുവായത്തങ്ങൾക്കും അറുതിയാകും. ഭാഷ അപ്പുറത്തും ഇപ്പുറത്തും മനസിലാകുന്ന അവസ്ഥയ്ക്കുമുണ്ട് ഒരു സുഖമൊക്കെ.

തനിക്കിഷ്ടപ്പെട്ട നടൻ നരേന്ദ്ര മോദിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പറഞ്ഞപ്പോൾ തങ്ങൾ കുറേക്കാലമായി പറയുന്നതല്ലേ അതെന്ന് തിരിച്ചടിക്കാൻ ആർപിസിസി പ്രസിഡൻറ് ഗോവിന്ദ് സിംഗിന് കഴിഞ്ഞത് അതുകൊണ്ടാണ്. ഇതൊക്കെ പരിഗണിച്ച് ഭാഷയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാനുള്ള ദൗത്യം സുരേഷണ്ണൻ തന്നെ അങ്ങേറ്റെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News