കെ. ഗോപാലകൃഷ്ണൻ.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിനു ശേഷം സംസ്ഥാനത്തും അധികാരം പിടിക്കാൻ സാധ്യതയും സാഹചര്യവുമുള്ള കേരളത്തിലെ കോൺഗ്രസ് പക്ഷേ, രൂക്ഷമായ ഭിന്നതകൾക്കും ഗ്രൂപ്പുകളികൾക്കും അധികാര വടംവലികൾക്കും തർക്കങ്ങൾക്കും പേരെടുത്തതുമാണ്.
എന്നാൽ ഐക്യത്തിനായുള്ള ശ്രമങ്ങൾ നടത്താനും അംഗങ്ങളെ ഒരുമിപ്പിച്ച് പാർട്ടിയെ ചലിപ്പിക്കാനും പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന് പ്രേരിപ്പിക്കാനും ഹൈക്കമാൻഡിന് കഴിയാതെവരുന്നതാണ് സംസ്ഥാനത്തിന്റെ ചരിത്രം. പരാജയത്തിനുശേഷം ഇടയ്ക്കിടെ ഉണ്ടാകുന്ന ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളും ഐക്യപ്പെടലും പാർട്ടി അംഗങ്ങൾക്കും പാർട്ടിക്കു പൊതുവെയും നാണക്കേടുണ്ടാക്കുന്ന ഒന്നായി മാറിയതോടെ ഹൈക്കമാൻഡിനും ആകെ നാണക്കേടായി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി, പാർട്ടി നേതാക്കൾ പരസ്പരം പോരടിക്കുന്നു. പാർട്ടിക്കുള്ളിലെ ഭിന്നതകളുടെ വിശദാംശങ്ങൾ ഇടയ്ക്കിടെ പൊതുജനങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഇതേത്തുടർന്ന് ഐക്യമുണ്ടാക്കാനും പാർട്ടി അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുതിർന്ന നേതാക്കളെ ബോധവത്കരിക്കാനും ഹൈക്കമാൻഡ് ഇടപെട്ടു, പക്ഷേ അതിന്റെ ഫലവും സാധാരണപോലെ അല്പായുസായിരുന്നു. കേരളത്തിലെ പാർട്ടിയിൽ ഏറ്റവും ഉന്നതതലത്തിൽ ഭിന്നതകൾ നിലനിൽക്കുന്നു എന്നതാണ് പ്രശ്നം. അഭിപ്രായവ്യത്യാസങ്ങളുടെ വിശദാംശങ്ങൾ 24 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ പരമാവധി 48 മണിക്കൂറിനുള്ളിൽ ആളുകൾക്ക് അറിയാം എന്നതാണ് മറ്റൊരു പ്രശ്നം.
പാർട്ടിയെ ഒപ്പം നിറുത്താനും യോജിപ്പിക്കാനും ഹൈക്കമാൻഡ് തെരഞ്ഞെടുത്ത കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒട്ടും താമസമില്ലാതെ പാർട്ടി അംഗങ്ങളിലേക്കും ബഹുജനങ്ങളിലേക്കും എത്തുന്നു. വാസ്തവത്തിൽ, അവരുടെ പോരാട്ടം പാർട്ടി ഹൈക്കമാൻഡിന് ലജ്ജാകരമാണ്.
കാരണം, അവർതന്നെ തെരഞ്ഞെടുത്ത ഈ മുതിർന്ന നേതാക്കൾ അച്ചടക്കരാഹിത്യത്തിലും ചേരിപ്പോരിലും മുൻനിരയിലുള്ളവരാണ്. അവരുടെ അഭിപ്രായവ്യത്യാസങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യാനും പാർട്ടി മാനേജ്മെന്റ് ടീമിലെ ഉന്നതരിൽ ഒതുക്കാനും കഴിയുമായിരുന്നു. അതിലും മോശം, മുൻ പ്രതിപക്ഷ നേതാവ് തന്റെ കഴിഞ്ഞ മാസത്തെ ശമ്പളം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്, ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഒരു സാധാരണ സമ്പ്രദായമാണെങ്കിലും വിമർശിക്കപ്പെട്ടതാണ്.
മുന്നണിയിലുള്ളവരെ ഉൾപ്പെടെ ഇതു വിഷമത്തിലാക്കി. ചില സിപിഎം അംഗങ്ങളെയും! അത്തരത്തിലുള്ളതെല്ലാം എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനത്ത്, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയസാധ്യത ഒരുക്കുന്നതാണ് .
ബിജെപിയുടെ തൃശൂർ ജയം
പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ പാർട്ടി അംഗങ്ങൾ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തതിനെത്തുടർന്ന് ഒരു മുതിർന്ന നേതാവ് പരാജയപ്പെട്ടതോടെയാണ് ദേശീയ-സംസ്ഥാന തലങ്ങളിൽ നേതൃത്വം സംസ്ഥാനതലത്തിൽ ഐക്യത്തിന് ഊന്നൽ നൽകിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാർട്ടിയുടെ ഭൂമിശാസ്ത്രപരമായ മേഖലകളിൽ ബിജെപി ഇപ്പോൾ പ്രവേശനം നേടുകയാണെന്ന് ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗങ്ങളിൽ സ്നേഹപൂർവം പരാമർശിക്കുന്ന ഒരു വസ്തുതയാണ് തൃശൂരിലെ വിജയം.
പ്രശ്നം പുതിയതല്ല. കോൺഗ്രസിന് തുടക്കം മുതൽ ഗ്രൂപ്പുകളുണ്ടെങ്കിലും അണികളെ ഒരുമിച്ചു നിർത്താനും ഹൈക്കമാൻഡ് നിർദേശിക്കുന്ന സ്ഥാനാർഥിക്കുവേണ്ടി ഒറ്റക്കെട്ടായി പോരാടാനും അറിയാമായിരുന്നു. എന്നാൽ പാർട്ടിക്ക് അത്തരത്തിലുള്ള അച്ചടക്കം നഷ്ടമായെന്ന് തൃശൂർ തെരഞ്ഞെടുപ്പുഫലം തെളിയിച്ചിരിക്കുകയാണ്. കെ. കരുണാകരൻ, എ.കെ. ആന്റണി ഗ്രൂപ്പുകൾ നിലവിലുണ്ടായിരുന്നെങ്കിലും അത്തരം അച്ചടക്കമില്ലായ്മ ഉണ്ടായിരുന്നില്ല.
പാർട്ടിയുടെ താത്പര്യമായിരുന്നു എല്ലാ പാർട്ടി അംഗങ്ങളുടെയും മുൻഗണന. പാർട്ടിയുടെ താത്പര്യങ്ങളും പഴക്കമുള്ള മൂല്യങ്ങളും മറന്ന് സങ്കുചിത ലക്ഷ്യങ്ങൾക്കും നിസാരനേട്ടങ്ങൾക്കും വേണ്ടി സംസ്ഥാനത്തെ ഉന്നത നേതാക്കൾ പോരാടാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. പാർട്ടി ഇന്ത്യ മുന്നണിയെ നയിക്കുകയും പ്രാദേശിക രാഷ്ട്രീയ ശക്തികളോടും ചെറു രാഷ്ട്രീയ സ്ഥാപനങ്ങളോടും പൊരുത്തപ്പെടുകയും അതിന്റെ പ്രത്യയശാസ്ത്രത്തിലും നയങ്ങളിലും നിലനിന്നുകൊണ്ട് വർഗീയ ശക്തികളോട് പോരാടുകയും ചെയ്യുമ്പോഴാണ് കേരളത്തിൽ അസ്വാസ്ഥ്യജനകമായ ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ദേശീയ തലത്തിലെ നിലപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഒരു പ്രധാന പ്രതിപക്ഷ ശക്തിയായി വളരാനും പാർലമെന്റിൽ ഫലപ്രദമായി പ്രവർത്തിക്കാനും എൻഡിഎയ്ക്ക് കടുത്ത രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിക്കാനും സഹായിച്ചിട്ടുണ്ട്.
കേരളത്തിലെ പോരായ്മകൾ
പാർട്ടിക്ക് രാജ്യത്തുടനീളം വിജയകരമായി മുന്നേറാൻ കഴിയുമെന്നും കേരളത്തിലെ പോരായ്മകൾ രാജ്യത്തുടനീളമുള്ള അതിന്റെ പുനരുജ്ജീവനത്തെ ബാധിക്കില്ലെന്നും പാർട്ടി നേതാക്കൾക്ക് അറിയാം. എന്നാൽ, രാഹുൽ ഗാന്ധിയുടെ രാജിക്കു ശേഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്ടിൽനിന്നു മത്സരിക്കാനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് അവിസ്മരണീയമായ വിജയം നേടുക എന്നതാണ് പാർട്ടിയുടെ ഒരു ലക്ഷ്യം. കോൺഗ്രസ് നേതാക്കൾക്ക് അവരുടെ വിജയം ഉറപ്പാണ്, എന്നാൽ അത് ഉജ്വലമാക്കാൻ അവർ രാഹുലിന്റെ അതേ ഭൂരിപക്ഷം നിലനിർത്തണം. നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളുടെ കാര്യത്തിൽ, കേരളത്തിലെ വോട്ടർമാർ മികച്ച വിജയം നൽകാതിരിക്കില്ല.
വയനാട് മണ്ഡലത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോയിലെ അവിസ്മരണീയമായ സാന്നിധ്യം അത് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വിദൂരമല്ലാത്തതിനാൽ ഐക്യം ഊട്ടിയുറപ്പിക്കാനും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മെഷിനറി ശക്തിപ്പെടുത്താനും സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും ഉത്സാഹത്തിലാണ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട് വലിയ പ്രശ്നമല്ലെങ്കിലും മികച്ച പ്രകടനം നടത്താൻ ബിജെപി പരമാവധി ശ്രമിച്ചേക്കും. കേരളത്തിൽനിന്നുള്ള രണ്ട് ബിജെപി മന്ത്രിമാരുടെ നീക്കങ്ങൾ ഇതിനകംതന്നെ സംസ്ഥാനത്ത് സജീവമാണ്. കൂടാതെ വിവിധ ജാതി, മത ഗ്രൂപ്പുകൾക്കിടയിൽ അടിത്തറ ശക്തിപ്പെടുത്താൻ അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു.
സുരേഷ് ഗോപി കളിയിൽ മിടുക്കനാണെന്ന് തോന്നുന്നു, ആത്മവിശ്വാസത്തോടെയാണ് നീങ്ങുന്നത്. പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കേന്ദ്രസഹായത്തോടെ ചില പദ്ധതികൾ കേരളത്തിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കുമെന്ന് ഉറപ്പാണ്. സമുദായ, ജാതി തലങ്ങളെ മറികടന്ന് ബഹുജനങ്ങളുടെ പിന്തുണ നേടുന്നതിന് അദ്ദേഹത്തിന് ഒരു രീതിയുണ്ട്, ഇത് കേന്ദ്രത്തിലെ പാർട്ടി നേതൃത്വം ഇതിനകംതന്നെ ശ്രദ്ധിക്കുന്നുണ്ട്.
സംസ്ഥാനത്തെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മനസിലാക്കുന്ന കോൺഗ്രസ് നേതൃത്വം, വയനാട് തെരഞ്ഞെടുപ്പു വരെയെങ്കിലും പാർട്ടിയുടെ സംസ്ഥാന-ജില്ലാ തലങ്ങളിൽ വലിയ നേതൃമാറ്റത്തിന് പോകാനിടയില്ല. എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരവും യുഡിഎഫിന് അനുകൂലമാകും.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാന്…
ഏതാനും നേതാക്കളുടെയും ഗ്രൂപ്പുകളുടെയും നാമനിർദേശം തുടരാതെ സംഘടനയിൽ നേരിട്ടുള്ള തെരഞ്ഞെടുപ്പിലേക്ക് പോകുക എന്നതാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ഏറ്റവും നല്ല മാർഗം. നാമനിർദേശം തുടരുന്നത് പാർട്ടി സംഘടനയെ ദുർബലപ്പെടുത്തുകയും ഗ്രൂപ്പുകളെ വളർത്തുകയും ചെയ്യും.
സംഘടനാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിവുള്ള യുവജനേതാക്കളെ യഥാസ്ഥാനത്ത് എത്തിക്കാൻ സഹായിക്കും. ഇപ്പോൾ പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഈ ചുമതല നിർവഹിക്കാൻ കഴിവുള്ള നിരവധി നേതാക്കളുണ്ട്. അത്തരമൊരു നീക്കം പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും മുതിർന്ന നേതാക്കൾ വഴിമാറി പുതിയതും ചലനാത്മകവുമായ യുവാക്കൾക്ക് വഴിയൊരുക്കാനും സഹായിക്കും.
കൂടാതെ, പാർട്ടിയിൽ സ്ത്രീകൾക്ക് മികച്ച അവസരങ്ങൾക്കു വഴിയൊരുക്കും, അത് ഇന്ന് വളരെ താഴ്ന്ന നിലയിലാണ്. അനായാസം, നിയമസഭകളിലും സ്ത്രീകൾക്ക് ഗണ്യമായ അവസരം നൽകാൻ ഇത് പാർട്ടിയെ സഹായിക്കും. വൈകിയാണെങ്കിലും രാജീവ് ഗാന്ധിയുടെ സ്വപ്നവും പൂർത്തീകരിക്കാൻ കഴിയും!
ഏഴ് പതിറ്റാണ്ടിലേറെയായി തങ്ങളുടെ നേതാക്കളെയും സർക്കാരുകളെയും വിജയകരമായി തെരഞ്ഞെടുക്കാനുള്ള അവകാശം രാജ്യം പൗരന്മാർക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്ന് നാം മറക്കരുത്. എഐസിസി, പിസിസി, ഡിസിസി ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണ്? പാർട്ടിക്ക് സമയം നഷ്ടപ്പെടാതിരിക്കട്ടെ. അതിനായി ശ്രമിക്കൂ.
——————————————————————————————
കടപ്പാട് : ദീപിക
—————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക