ക്ഷത്രിയൻ.
പണ്ടൊരു കോടതിയിൽ ഒരു കേസ് വിചാരണ. പ്രതിക്ക് വേണ്ടി ഹാജരായ വക്കീൽ കോഴികൊത്തുംപോലെ വാദിച്ചു. വക്കീലിൻറെ വാദം നൂറ് ശതമാനവും ഏറ്റിട്ടുണ്ടെന്ന് കോടതിയുടെ ചുമരുകൾ പോലും വിശ്വസിച്ചു.
അവസാന നിമിഷമാകട്ടെ എനിക്ക് ചിലത് പറയാനുണ്ടെന്നായി പ്രതി. കേസിനാധാരമായ കുറ്റം ചെയ്തത് താൻ തന്നെയാണെന്ന് വെളിപ്പെടുത്തിയ പ്രതി മജിസ്ട്രേറ്റിനെ നോക്കിപ്പറഞ്ഞുവത്രെ – ‘ഇതാണ് മജിസ്ട്രേട്ടേ സത്യം. എൻ്റെ വക്കീൽ പറഞ്ഞതെല്ലാം കളവാണ്’.
അതുപോലെ ഒരവസ്ഥയിലാണിപ്പോൾ മാസപ്പടിക്കേസിലെ കാര്യങ്ങൾ. മാസപ്പടിക്കേസ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒന്നാം നാൾ തൊട്ട് മുഖ്യൻ്റെ മകളെ രക്ഷിക്കാനുള്ള പ്രതിരോധം തീർക്കുകയായിരുന്നു മുഖ്യനും അനുയായികളും. ചെയ്യാത്ത സേവനത്തിന് പ്രതിഫലം പറ്റിയെന്നും അത് കരിമണലുമായി ബന്ധപ്പെട്ട കൈക്കൂലിയാണെന്നുമുള്ള വാദമുയർന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലുള്ള കരാറിൽ അന്വേഷണ ഏജൻസികൾക്കെന്ത് കാര്യം എന്നുവരെ ചോദ്യമുയർന്നു.
വീണ വീഴാതിരിക്കാൻ കരുതലുമായി ഇറങ്ങിയത് ഏതെങ്കിലും അണ്ടിമുക്ക് ബ്രാഞ്ച് സഖാക്കൾ മാത്രമായിരുന്നില്ല. സൈദ്ധാന്തിക ശിരോമണി ഗോവിന്ദൻ മാഷ് തൊട്ട് തീവ്രതാമാപിനി വിദഗ്ധൻ ബാലൻ സഖാവ് വരെ അന്വേഷണ ഏജൻസികൾക്കെതിരെ ചാടിവീണു. അഴിമതിയെന്നത് വീണയുടെ നാലയലത്ത് പോലും അടുക്കില്ലെന്ന് പറയാൻ ആയിരം നാക്കായിരുന്നു സഖാക്കൾക്ക്. തൻ്റെ കൈകൾ ശുദ്ധമാണെന്ന് കാരണഭൂതൻ നിയമസഭയിൽ ഇരു കൈകളുമുയർത്തി പ്രഖ്യാപിച്ചു.
തൻ്റെ കയ്യിലുള്ള രേഖ കൈരേഖയാനെന്ന് തെളിയിക്കാൻ ശങ്കരാടി സിനിമയിൽ കൈ ഉയർത്തിക്കാണിച്ചതിന് ശേഷം ഭൂമിമലയാളത്തിൽ മറ്റൊരു കൈ ഉയർന്നത് കാരണഭൂതൻറേത് മാത്രമാണെന്നാണ് സഖാക്കൾ പോലും അടക്കം പറയുന്നത്. അതിന് മുൻപോ ശേഷമോ അത്തരത്തിലൊരു കൈ നിയമസഭയ്ക്കകത്തോ പുറത്തോ ഉയർന്നതായി നിയമസഭാ രേഖയിലുമില്ല, താളിയോല ഗ്രന്ഥങ്ങളിലുമില്ല.
വിശ്വവിഖ്യാതമായ കൈ ഉയർത്തലുമായി അച്ഛനും അമ്മയുടെ പെൻഷൻ തുക ചെലവഴിച്ചുണ്ടാക്കിയ സ്ഥാപനത്തിൻ ഒരു കളങ്കവുമില്ലെന്ന് മകളും മരുമകനുമൊക്കെ വിശ്വസിക്കുകയും സഖാക്കളെക്കൊണ്ട് വിശ്വസിപ്പിക്കുകയും ചെയ്ത് മുന്നേറവേയാണിപ്പോൾ എസ്എഫ്ഐഒ മുൻപാകെ മീട്ടിയ വീണക്കമ്പികളെക്കുറിച്ചുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.
അങ്ങനെയൊരു മൊഴി ഇല്ലേയില്ലെന്ന് വീണയും ഭർത്താവും ആണയിടുന്നുവെങ്കിലും അന്വേഷണ ഏജൻസി പുറത്തുവിട്ട വിവരം വിശ്വാസത്തിലെടുത്താൽ നടേപറഞ്ഞ കോടതിക്കേസിൽ പകൽ മുഴുക്കെ വെള്ളമെടുത്ത കുടം അന്തിനേരത്ത് ഉടച്ചുകളഞ്ഞ വിദ്വാനെപ്പോലെയായിട്ടുണ്ട് കാര്യങ്ങൾ.
മാസപ്പടിക്കേസ് തന്നെ മുഖ്യനെ തകർക്കാൻ, സർക്കാരിനെ വീഴ്ത്താൻ, പാർട്ടിയെ ക്ഷീണിപ്പിക്കാൻ എന്നിങ്ങനെ പ്രതിരോധിച്ച് പ്രതിരോധിച്ച് തളർന്നിരിക്കുന്ന സഖാക്കളെയാണിപ്പോൾ എസ്എഫ്ഐഒ റിപ്പോർട്ട് പ്രയാസത്തിലാക്കിയിരിക്കുന്നത്. ഒരു സേവനവും നൽകിയിട്ടില്ലെന്ന് മൊഴി നൽകാനായിരുന്നുവെങ്കിൽ തങ്ങളെക്കൊണ്ടെന്തിന് ഇത്രമാത്രം പ്രതിരോധം തീർപ്പിച്ചുവെന്ന് ഓരോ സഖാവും സ്വയം ചോദിക്കുന്നുണ്ടാകും.
രണ്ട് കമ്പനികളും തമ്മിൽ വർഷാന്ത അറ്റകുറ്റപ്പണി സേവന കരാറായിരുന്നുവെന്നും അറ്റകുറ്റപ്പണിയെടുക്കേണ്ട സാഹചര്യം വന്നിട്ടില്ലാത്തതിനാൽ സേവനം നൽകിയിട്ടില്ലെന്ന് കണക്കാക്കിയാൽ മതിയെന്നുമുള്ള സഖാക്കളുടെ വാദം അംഗീകരിക്കുന്നതാണ് നല്ലത്. അത് ശരിയുമായിരിക്കും.
കർത്തയുടെ കമ്പനിയിൽ എംഎസ് വേഡും എക്സലുമൊക്കെയായിരുന്നുവത്രെ ഉപയോഗത്തിൽ. അത് തകരാറിലായാൽ വലിയ അറ്റകുറ്റപ്പണിയൊന്നും വേണ്ട. ജലദോഷത്തിന് ചികിത്സ തേടി ആരും മെഡിക്കൽ കോളജിൽ പ്രവേശിക്കാറില്ല. അത്യാവശ്യം വിവരമുള്ള കംപ്യൂട്ടർ ഓപ്പറേറ്റർ സിസ്റ്റമൊന്ന് ഓഫ് ചെയ്ത് ഓൺ ചെയ്താൽ തീരാവുന്ന പ്രശ്നം മാത്രമായിരിക്കും സംഭവിച്ചിരിക്കുക.
അത് നേരെയാക്കാൻ വീണയുടെ ജീവനക്കാർ ആംബുലൻസും പിടിച്ച് ഓടിക്കിതച്ച് എത്തേണ്ട ആവശ്യമൊന്നുമില്ല. അതിനാൽ സേവനം നൽകിയിട്ടില്ലെന്ന് പറയുന്നതും ശരിയാണ്. ചുരുക്കത്തിൽ സൈബിറടങ്ങളിലും മറ്റും ഈണത്തിൽ പോയ വീണനാദത്തിൻറെ കമ്പികൾ പൊട്ടിയ അവസ്ഥയാണിപ്പോൾ.
സേവനം നൽകിയിട്ടില്ലെന്ന് വീണ മൊഴിനൽകിയെന്ന എസ്എഫ്ഐഒ റിപ്പോർട്ടാണോ മൊഴി നൽകിയിട്ടില്ലെന്ന വീണാമൊഴിയാണോ യഥാർഥ മൊഴിയെന്ന് അറിയാൻ ഒന്നും മൊഴിയാതെ കാത്തിരിക്കുക നാം.
———————
ഇന്നലെച്ചെയ്തൊരബദ്ധം – മൂഢർ
ക്കിന്നത്തെയാചാരമാവാം.
നാളത്തെ ശാസ്ത്രമതാവാം – അതിൽ
മൂളായ്ക സമ്മതം രാജൻ.
– കുമാരനാശാൻ