ക്ഷത്രിയൻ.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് തീവ്രത പോരെന്ന ആക്ഷേപവുമായി നിലവിൽ വന്ന പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ്.
ലീഗിനെ കൊച്ചാക്കുക എന്നത് നാഷണൽ ലീഗിൻ്റെ ആജന്മ നിലപാടും. കണ്ടില്ലേ, എത്ര കലാപരമായാണ് നാഷണൽ ലീഗുകാർ കാര്യങ്ങൾ നടത്തുന്നത്.
പ്രളയക്കെടുതിയിൽ എല്ലാം നശിച്ച നൂറിലേറെ പേർക്ക് വീടൊരുക്കുന്ന പദ്ധതിക്ക് ശിലയിടാൻ മുസ്ലിം ലീഗ് നേതാക്കൾ ചുരം കയറി വയനാട്ടിലേക്ക് പോയ അതേദിവസം തന്നെ നാഷണൽ ലീഗുകാർ കണിച്ചുകുളങ്ങരയ്ക്ക് പോയത് വെറുതെയാണെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ?
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് പോലെ സുകൃതമാണ് ആപത്തിൽപ്പെട്ട ആരെയും സഹായിക്കുന്നത് എന്ന് കരുതുന്നവരാണ് നാഷണൽ ലീഗുകാർ. ലീഗ് വയനാട്ടിലെ ദുരിത ബാധിതർക്കൊപ്പമാണെങ്കിൽ ഞങ്ങൾ പ്രയാസമനുഭവിക്കുന്ന നടേശഗുരുവിനൊപ്പം. അതാണ് നാഷണൽ ലീഗ് ലൈൻ. ആപൽബാന്ധവത്തിന് വലിപ്പച്ചെറുപ്പം കണക്കാക്കാൻ വഹാബിനേയും കൂട്ടരെയും കിട്ടില്ല.
കേരളത്തിൽ ഇരുനൂറിലേറെ ജീവികൾ വംശനാശം നേരിടുന്നുണ്ടെന്നാണ് രണ്ടുവർഷം മുൻപുള്ള കണക്ക്. നീർനായ, ഈനാംപേച്ചി,കുട്ടിത്തേവാങ്ക്, വെരുക്, വെള്ളിമൂങ്ങ തുടങ്ങിയവയൊക്കെ പട്ടികയിലുണ്ട്. അത്തരത്തിൽ വംശനാശം നേരിടുന്ന രാഷ്ട്രീയ ജീവിയാണ് നാഷണൽ ലീഗും.
ഹർകിഷൻ സിങ്ങ് സുർജിതിൻ്റെ ആശീർവാദത്തോടെ ഇബ്രാഹിം സുലൈമാൻ സേട്ടാണ് ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപിച്ചത്. സേട്ടിൻറെ തൊപ്പിയും സിങ്ങിൻ്റെ തലേക്കെട്ടും ചേർന്നാൽ ആസേതുഹിമാചലം പന്തലിക്കുമെന്നായിരുന്നു ധാരണ.
കാലക്രമേണ സേട്ട് തന്നെ ‘ഘർവാപസി’ ആയെന്നും ഇല്ലെന്നും ശ്രുതിയുണ്ട്.
സംഗതിയെന്തായാലും ഇടത് മുന്നണിയുടെ കോലായയിൽ കാൽനൂറ്റാണ്ടിലേറെ കാത്തിരുന്ന ശേഷം കേരളത്തിൽ അരമന്ത്രിപ്പണി ലഭ്യമായി എന്നത് സത്യം. രണ്ടര വർഷത്തേക്കുള്ള മന്ത്രിപ്പണി തുടങ്ങി രണ്ടരമാസം തികയും മുമ്പേ അഴിമതിയെച്ചൊല്ലി പൊതുവേദിയിൽ തല്ലിപ്പിരിയാനും യോഗമുണ്ടായി.
പേരിൽനിന്ന് ഇന്ത്യൻ ഒഴിവാക്കി വെറും നാഷണൽ ലീഗ് ആയവരാണ് ടാക്സിയും പിടിച്ച് കണിച്ചുകുളങ്ങരയ്ക്ക് വിട്ടത്. നടേശൻ മൊതലാളിയെ കാണുക, ആശ്വാസം പകരുക. ലീഗിനെ രണ്ട് ഭള്ള് പറയുക. അതിനപ്പുറം ലക്ഷ്യമൊന്നും പോയവർക്ക് ഉണ്ടായിട്ടേയില്ല.
മലപ്പുറത്തെക്കുറിച്ച് അനാവശ്യം പറഞ്ഞ് വലഞ്ഞിരിക്കുകയായിരുന്നു നടേശൻ മൊതലാളി. നടേശൻ പറഞ്ഞത് മലപ്പുറത്തേയും അവിടുത്തെ മുഴുവൻ ജനങ്ങളെയുമാണെന്ന് ഉള്ളിക്കറി കഴിക്കുന്നവർക്ക് പോലും മനസിലായ കാര്യമാണ്. കുരുമുളകിട്ട് തയാറാക്കിയ ബീഫ് വരള ഒന്നാംതരം ഉള്ളിക്കറിയാക്കി മാറ്റാൻ വിരുതുള്ള സുരേന്ദ്രന് പോലും നടേശൻ പറഞ്ഞത് ലീഗിനെയാണെന്ന് തോന്നിയിട്ടേയില്ല. അങ്ങനെയുള്ളപ്പോഴാണ് വഹാബിനും കൂട്ടർക്കും തോന്നുന്നത് നടേശമൊഴി ലീഗിനെക്കുറിച്ചാണെന്ന്.
നടേശൻ മൊതലാളി മുസ്ലിം ജനതയെ ആക്ഷേപിച്ചുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ഉറപ്പുണ്ടത്രെ, നാഷണൽ ലീഗിന്. 20ലക്ഷം മുസ്ലിംകൾ മാത്രമാണ് ലീഗിലെന്നും ബാക്കി 70ലക്ഷം ലീഗല്ലെന്നുമുള്ള കണക്കും നടേശൻ മൊതലാളിയുടെ കൈവശമുണ്ട്.
ആ എഴുപത് ലക്ഷവും നാഷണൽ ലീഗിൽ, അഥവാ വഹാബിൻ്റെ കീഴിലാണെന്ന് നടേശഗുരു പറയാതിരുന്നത് വിനയംകൊണ്ട് മാത്രമാണ്. മുസ്ലിംകളുടെ അട്ടിപ്പേറ് ലീഗ് ഏറ്റെടുക്കേണ്ടെന്ന് കാരണഭൂതനും മുസ്ലിംകളുടെ കാര്യം ലീഗ് പറയേണ്ട എന്ന് നടേശഗുരുവും തിട്ടൂരം നൽകിയ സാഹചര്യത്തിൽ ഇനിയങ്ങോട്ട് മുസ്ലിംകളുടെ കാര്യം വഹാബും കൂട്ടരും മാത്രം പറഞ്ഞാൽ മതിയാകും.
കോവിലിലെ ദേവന് പോലും അവസരം നൽകരുത്. നാഷണൽ ലീഗ് രണ്ടെണ്ണമുള്ളതിനാൽ വഹാബിൻ്റെ പാർട്ടി ഇനി നടേശൻ ലീഗ് എന്ന പേരിലാകാവുന്നതുമാണ്. ഒരേ പേരിൽ രണ്ട് പാർട്ടിയുള്ളത് കൊണ്ടുള്ള പുകിലും മാറിക്കിട്ടും.
ദേവർകോവിലും കൂട്ടരും ആട്ടിയകറ്റിയതോടെ ഗതികിട്ടാപ്രേതത്തിൻ്റെ അവസ്ഥയിലാണ് വഹാബും കൂട്ടരും. ഇടത് മുന്നണിയിലുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് അവസ്ഥ.
എകെജി സെൻ്റെറിൻ്റെ വരാന്തയിൽപ്പോലും ഇപ്പോൾ പ്രവേശനം ഇല്ലെന്നാണ് കേൾവി. ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ഇങ്ങനെയൊക്കെ പ്രത്യക്ഷപ്പേടേണ്ടിവരും. അതിന് നടേശൻ മൊതലാളിയുടെ കോലായ എങ്കിൽ കോലായ. ഏതായാലും ചക്കിക്കൊത്ത ചങ്കരനെപ്പോലെ നടേശനൊത്ത കൂട്ടരെ തന്നെയാണ് സഹായത്തിന് കിട്ടിയത്.
ഇനി മലയാളമറിയുന്ന മുഴുവൻ മുസ്ലിംകളും നടേശൻ മൊതലാളിക്ക് സിന്ദാബാദ് വിളിക്കാൻ സാധ്യതയുണ്ട്.