January 28, 2025 7:24 am

അവൻ മുതൽ പരനാറി വരെ….

ക്ഷത്രിയൻ
ർഥം തേടുന്ന വാക്കുകൾ അനവധിയുണ്ട്. പലപ്പോഴും ആരെങ്കിലുമൊക്കെ ഉണർത്തുമ്പോഴാണ് നാം അർഥം തിരയുക.
ഒരാൾ മറ്റൊരാളെ അവൻ എന്ന് വിളിക്കാമോ എന്നതാണ് ഏറ്റവും ഒടുവിൽ അർഥം തേടുന്ന വാക്ക്. കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ സൂചിപ്പിച്ച് അവൻ എന്ന് വിളിച്ചുവെന്നതിലെ കെറുവിലാണ് എം.ബി രാജേഷ്. അവൻ എന്നൊക്കെ വിളിക്കാൻ പാടുണ്ടോയെന്ന് മന്ത്രി നിയമസഭയിൽ ആവേശപൂർവം ചോദിച്ചുകളഞ്ഞു.
ഞങ്ങളിൽ (ഭരണപക്ഷത്തുള്ളവർ) ആരെങ്കിലും നിങ്ങളെ (പ്രതിപക്ഷത്തുള്ളവരെ) അവൻ എന്ന് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യവുമുണ്ട് രാജേഷ് വക. അവൻ എന്ന് വിളിച്ചിട്ടില്ലെങ്കിലും അപ്പുറത്തെ ഒരാൾ ഇപ്പുറത്തെ ഒരാളെ പരനാറി എന്ന് വിളിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ തിരിച്ചടിച്ചതോടെയാണ് രാജേഷ് അടങ്ങിയത്.
കൊടുത്താൽ കൊല്ലത്ത് മാത്രമല്ല, കൊല്ലംകാരനെ കുറിച്ച് കണ്ണൂരുകാരനായ മുഖ്യൻറെ ‘പ്രശംസാവചനം’ ഇടക്കൊന്ന് ഓർമിപ്പിക്കാനും രാജേഷിൻറെ സന്ദേഹം വഴിവച്ചുവെന്ന് മാത്രം.
അവൻ എന്ന് വിളിച്ച സുധാകരനും വിളിക്കപ്പെട്ട വിജയനും കണ്ണൂരുകാരാണ്. മാത്രമല്ല് ഇരുവരും ബ്രണ്ണൺ കോളജ് കാലത്തെ അടുപ്പക്കാരുമാണ്. രണ്ടുപേർ തമ്മിലുള്ള അടുപ്പം കൂടുമ്പോഴേക്കും അവർ തമ്മിലുള്ള അകലം എല്ലാ കാര്യങ്ങളിലും നേർത്ത് ഇല്ലാതാകും, ഇല്ലാതാകണം. താങ്കളെന്നും നിങ്ങളെന്നുമൊക്കെയുള്ള വിളി അങ്ങനെ നീ എന്നതിലും അവൻ എന്നതിലുമൊക്കെ എത്തിനിൽക്കും.
അടുപ്പത്തിൻറെ സീമ ഇല്ലാതായാൽ നീ എന്ന് വിളിക്കുന്നതിന് പകരം നിങ്ങൾ എന്ന് വിളിക്കുന്നത് അരോചകമായിത്തീരും. അടുത്ത സുഹൃത്തിനെക്കുറിച്ച് അവനെ ഞാൻ കണ്ടിട്ടില്ല എന്ന് പറയുന്നതിന് പകരം അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല എന്നൊക്കെ പറയുന്നതും അരോചകമായിത്തീരും. അദ്ദേഹത്തിൽ നിന്ന് തുടങ്ങി അടുപ്പത്തിൻറെ ഇഴകൾ കൂടിച്ചേർന്നിടത്ത് വീണ്ടും അദ്ദേഹത്തിലേക്ക് പോവുക എന്നുവച്ചാൽ അത് അവർ രണ്ടുപേർക്കുമിടയിലുണ്ടാക്കുന്ന പ്രയാസം അനിർവചനീയവുമായിരിക്കും.
ആ അർഥത്തിൽ പിണറായി വിജയനെ കെ.സുധാകരൻ അവൻ എന്ന് വിളിച്ചതിൽ വലിയ പാതകം കാണേണ്ടുന്ന കാര്യമേ ഇല്ല. അല്ലങ്കിലും അവനും അദേഹവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. സുധാകരൻറെ അവൻ പ്രയോഗം സഭയിൽ എടുത്തിട്ട രാജേഷിന് പിണറായി വിജയൻറെ പരനാറി പ്രയോഗം ആരെങ്കിലും ഉണർത്തട്ടേയെന്ന ദുഷ്ടലാക്കുണ്ടായിരുന്നോ എന്നും സംശയിച്ച് കൂടായ്കയില്ല. 
പണ്ട് മലബാറിലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. ഏതെങ്കിലും കാര്യസാധ്യത്തിനായി എത്തുന്ന ഉദ്യോഗസ്ഥരോട് നേതാവ് മാന്യമായി പെരുമാറുമത്രെ. നടത്താൻ പറ്റാത്ത കാര്യത്തെക്കുറിച്ച് ഉദ്യോഗസ്ഥൻ ആവർത്തിച്ചുകൊണ്ടിരുന്നാൽ ‘ശരിയാക്കാം മിസ്റ്റർ’ എന്നായിരിക്കുമത്രെ പ്രതികരണം. ഉദ്യോഗസ്ഥൻ എന്നിട്ടും വിടുന്നില്ലെന്ന് കണ്ടാൽ ‘നോക്കാം സാറെ’ എന്ന് പറയും. അതോടെ ചാപ്റ്റർ ക്ലോസ്.
അസഹനീയതുടെ ഒന്നാം ഘട്ടത്തിൽ മിസ്റ്ററും അന്തിമഘട്ടത്തിൽ സാറും നേതാവിൻറെ ശീലമായിരുന്നു.
അത്രയൊക്കെയേ ഉള്ളൂ ഈ ഭാഷാപ്രയോഗത്തിന്. അവൻ അദ്ദേഹമായും അദ്ദേഹം അവനായുമൊക്കെ മാറിമറിയുന്നത് സ്വാഭാവികം. എന്നുവച്ച് പരനാറിയും നികൃഷ്ടജീവിയും വിവരദോഷിയുമൊന്നും നിർദോഷ പ്രയോഗങ്ങൾ ആകുന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News