കെ.ഗോപാലകൃഷ്ണൻ
കഴിഞ്ഞയാഴ്ച കേരളത്തിലെ പ്രതിപക്ഷ നേതാവ് മുൻ പ്രതിപക്ഷ നേതാവിനെ കണ്ട് തന്റെ നിലപാട് വിശദീകരിക്കുകയും ചില പ്രശ്നങ്ങളും തെറ്റിദ്ധാരണകളും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
മുൻ പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർട്ടിയുടെ ഒരു ഉന്നതതല യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും സംസാരിക്കാൻ അനുവദിച്ചില്ല എന്നതാണ് ഈ സാഹചര്യത്തിലേക്കു നയിച്ച ഒരു കാരണം! ഓർക്കുക, ഈ മുൻ പ്രതിപക്ഷ നേതാവ് നേരത്തേ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റും കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും ലോക്സഭാംഗവുമൊക്കെയായിരുന്നു. ഇപ്പോൾ എംഎൽഎയും പാർട്ടിയിലെ ഒരു മുതിർന്ന നേതാവുമാണ്.
നേതാക്കളും ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നതകൾ മൂലം കേരളത്തിലെ കോൺഗ്രസ് പാർട്ടി കഷ്ടപ്പെടുകയാണ്. ഹൈക്കമാൻഡിന്റെ ഗ്രൂപ്പ് രൂപീകരണം ഉൾപ്പെടെ സംസ്ഥാനത്ത് പാർട്ടിയെ യോജിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും സംസ്ഥാന-ദേശീയ തലത്തിലെ മുതിർന്ന നേതാക്കൾ മികച്ച രീതിയിൽ നടത്തിയിട്ടും ഫലമുണ്ടായില്ല.
പഴയ നല്ല കാലത്ത്, മുതിർന്ന നേതാക്കൾ ഭിന്നിച്ചപ്പോഴും പാർട്ടിയുടെ മൊത്തത്തിലുള്ള താത്പര്യങ്ങളിലും ആദർശങ്ങളിലും ഐക്യമുണ്ടായിരുന്നു. എല്ലാ തെരഞ്ഞെടുപ്പിനു മുമ്പും പാർട്ടി സ്ഥാനാർഥികളെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ, പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ എല്ലാ അഭിപ്രായവ്യത്യാസങ്ങളും ഇല്ലാതാകുകയും പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഒരിക്കലും ഒരു പ്രശ്നവുമുണ്ടായിട്ടില്ല. അയ്യോ! അതെല്ലാം മാറി.
ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്ന കെ. മുരളീധരനെ ചില പഴയ ആളുകളുടെ നേതൃത്വത്തിൽ പാർട്ടി അംഗങ്ങളുടെ വലിയൊരു സംഘംതന്നെ പരാജയപ്പെടുത്തി. ഗ്രൂപ്പ് വിധേയത്വം അവഗണിച്ച് എ.കെ. ആന്റണി, കെ. മുരളീധരനെ വൈദ്യുതി മന്ത്രിയാക്കി. കെപിസിസി മുൻ അധ്യക്ഷൻ, ലോക്സഭാംഗം, നിയമസഭാംഗം, പാർട്ടിയിലെ സമുന്നതൻ എന്നിങ്ങനെ തിളക്കമേറിയ നേതാവാണ് മുരളീധരൻ.
തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥിയെ പാർട്ടി അംഗങ്ങൾ പരാജയപ്പെടുത്തിയത് കെപിസിസിയെയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയെയും ഞെട്ടിച്ചു. ഇന്ന് സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ സ്ഥിതി അതാണ് എന്ന് ചുരുക്കം. ഭയപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും. പാർട്ടിയുടെ താത്പര്യങ്ങൾ നശിപ്പിക്കാനും അധികാരത്തിൽനിന്ന് അകറ്റാനുമുള്ള അപാരമായ സാധ്യതകൾ.
കിൽകെന്നി പൂച്ചകൾ
പരസ്പരം കടിച്ചുകീറുന്നവരാണ് കിൽകെന്നി പൂച്ചകൾ എന്നതാണ് വിശ്വാസം. ചിലപ്പോൾ പോരാട്ടത്തിനുശേഷം അവശേഷിക്കുന്നത് അവയുടെ വാലുകളായിരിക്കും. അത്തരത്തിലുള്ള പോരാട്ടത്തിനു പേരുകേട്ടതാണ് അവർ. റിപ്പബ്ലിക് ഓഫ് അയർലൻഡിലെ കിൽകെന്നി കൗണ്ടിയിലെ ഒരു നഗരമാണ് കിൽകെന്നി. 1805ഓടെ കിൽകെന്നി ബാരക്കിൽ നിയമിക്കപ്പെട്ട സൈനികർക്ക് വിരസത അനുഭവപ്പെട്ടുവത്രേ. അതിനാൽ വിനോദത്തിനായി അവർ രണ്ട് പൂച്ചകളെ പിടികൂടി, അവയുടെ വാലുകൾ ഒരുമിച്ച് കെട്ടി ഒരു വാഷിംഗ് മെഷീനിൽ തൂക്കി. പിന്നീട് അവർ വഴക്കിടുന്നത് കണ്ടു രസിച്ചു.
ഒരു ദിവസം പാറാവുകാരൻ മേലുദ്യോഗസ്ഥന്റെ വരവ് അറിയിക്കുന്നതിൽ പരാജയപ്പെട്ടു. ഒരു ഉദ്യോഗസ്ഥൻ അവ രക്ഷപ്പെട്ടേക്കുമെന്ന് പ്രതീക്ഷിച്ച് രണ്ട് പൂച്ചകളുടെയും വാലുകൾ വെട്ടിക്കളഞ്ഞു. അവർ എങ്ങനെയാണ് ആക്രമണോത്സുകമായി യുദ്ധം ചെയ്യുന്നതെന്നും വേർപെടുത്താൻ കഴിയാത്തതാണെന്നും വാസ്തവത്തിൽ വാലുകൾ ഒഴികെ പരസ്പരം ഭക്ഷിക്കുമെന്നുമൊക്കെയുള്ള കഥകൾ അവർ ഓഫീസറോട് പറഞ്ഞു.
കിൽകെന്നി പൂച്ചകളെക്കുറിച്ചുള്ള മറ്റൊരു കഥ കിൽകെന്നിയിൽനിന്നുള്ള പൂച്ചകളും കിൽകെന്നിക്ക് പുറത്ത് എല്ലായിടത്തുമുള്ള ഉഗ്രപോരാട്ടങ്ങൾ നടത്തിയ പൂച്ചകളും തമ്മിൽ ഒരു പോരാട്ടമുണ്ടായിരുന്നു എന്നതാണ്. പൂച്ചകൾ വളരെ ക്രൂരമായി പോരാടി, ആയിരക്കണക്കിന് മൃതദേഹങ്ങൾ അവശേഷിച്ചു. കിൽകെന്നി പ്രദേശത്തും അയർലൻഡിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ആളുകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നായിരുന്നുവത്രേ ഈ യുദ്ധം നടന്നത്.
ഒരു ജനാധിപത്യത്തിൽ അത്തരം പൂച്ചകളുടെ സഹജവാസനയുള്ള ആളുകൾ ഉണ്ടാകുന്നത് ആരോഗ്യകരമല്ല. എല്ലാ അഞ്ചു വർഷം കൂടുമ്പോഴും ഉൾപാർട്ടി സംഘടനാ തെരഞ്ഞെടുപ്പുകളും പൊതു തെരഞ്ഞെടുപ്പുകളും നടക്കുമ്പോൾ, അത്തരം ഘടകങ്ങൾ സംവിധാനത്തിൽ ഉണ്ടായിരിക്കുന്നത് സ്വാഗതാർഹമായ പ്രവണതയല്ല. ഒരു പാർട്ടി ഘടനയിലെ ആഴത്തിലുള്ള വിള്ളലുകൾ പാർട്ടിക്ക് കഠിനമായ സാഹചര്യങ്ങൾ നൽകും.
പിണറായി 2.0
അതെന്തായാലും കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കാലം വളരെ സുഖകരമാണ്. പിണറായി 2.0 എൽഡിഎഫിനും സംസ്ഥാനത്തിനും പ്രയാസകരമായ സമയത്താണ്. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ കടന്നുപോയാൽ ഗുണഭോക്താവ് യുഡിഎഫും പ്രത്യേകിച്ചു കോൺഗ്രസുമാണ്. പിണറായിയുടെ രണ്ടാം ടേം പലർക്കും അത്ര സുഖകരമായിരുന്നില്ല.
പല തരത്തിൽ അത് ഭരണത്തെയും എൽഡിഎഫ് സർക്കാരിന്റെ പ്രശംസനീയമായ പല നടപടികളെയും ദുർബലപ്പെടുത്തി. കൂടാതെ, സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ പരിതാപകരമായ അവസ്ഥയുടെ പ്രതികൂല ഫലങ്ങൾ എല്ലായിടത്തും വെളിപ്പെട്ടു. പെൻഷൻ പദ്ധതികൾ ഫലപ്രദമല്ലാത്തതിനാൽ ഗുണഭോക്താക്കൾക്ക് പെൻഷൻ കിട്ടാൻ ഏറെ കാലതാമസമുണ്ടാകുന്നു. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ഉറപ്പാക്കുന്ന കടകളും കഴിഞ്ഞ രണ്ടു വർഷമായി പരാജയത്തിലാണ്.
പല കേസുകളിലും പോലീസ് സംവിധാനം നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു, ക്രമസമാധാന സംവിധാനത്തിന്റെ പ്രവർത്തനത്തിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാകുന്നതായി ആക്ഷേപമുണ്ട്. ഈയിടെ ഒരു ഡിവൈഎസ്പി ഒരു ഗുണ്ടയുടെ ടോയ്ലറ്റിൽ ഒളിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ കണ്ടു. ഗുണ്ട സുഹൃത്തുക്കൾക്കു നൽകിയ അത്താഴവിരുന്നിലാണ് ഡിവൈഎസ്പി ഉൾപ്പെട്ടത്. മറ്റു പോലീസുകാർ ഗുണ്ടയുടെ വീട്ടിൽ കയറിയപ്പോൾ ഡിവൈഎസ്പി ശുചിമുറിയിൽ കയറി ഒളിക്കുകയായിരുന്നു.
കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ സംഭവങ്ങൾ എണ്ണമറ്റതാണ്. അതേസമയം, അന്വേഷണത്തിൽ മികവ് പുലർത്തുന്ന നിരവധി ഉദ്യോഗസ്ഥരാണ് സംസ്ഥാന പോലീസിലുള്ളത്. ഇടതു പാർട്ടികളുടെ യുവജന സംഘടനകളിലെ അംഗങ്ങൾക്കും ചില അവസരങ്ങളിൽ അർഹതയില്ലാത്ത കുറച്ചുപേർക്കും ജോലി ലഭിച്ച സംഭവങ്ങളുമുണ്ട്. ചില സഹകരണ ബാങ്കുകളുടെ കാര്യത്തിൽ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
വാസ്തവത്തിൽ, അത്തരം കേസുകളുടെ ലിസ്റ്റ് ഒരു ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്തത്രയാണ്. ഇത്തരം സംഭവങ്ങളും മറ്റു പലതും ഭരണത്തിന്റെ മോശം പ്രതിച്ഛായ ചിത്രീകരിച്ചുവെന്ന് പറഞ്ഞാൽ മതി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മോശം പ്രകടനം ജനങ്ങളുടെ ചിന്തയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മികച്ച ജനപ്രീതിയും പ്രതിഫലിപ്പിച്ചു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും സാധ്യത കൂടുതലാണ്. എന്നിരുന്നാലും, ഗ്രൂപ്പ് സ്പർധയും ആഭ്യന്തര കലഹങ്ങളും തുടരുകയാണെങ്കിൽ മറ്റു പാർട്ടികളെ സഹായിക്കുന്ന അപ്രതീക്ഷിത ഫലങ്ങൾ തള്ളിക്കളയാനാവില്ല.
നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാക്കാനും പരസ്പരം ആലിംഗനം ചെയ്യാനുമുള്ള സമയമാണിത്. ഒരുതരത്തിൽ പറഞ്ഞാൽ, കേരളത്തിലെ കിൽകെന്നി പൂച്ചകളുടെ തൃശൂർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കോൺഗ്രസ് പാർട്ടിയുടെ കണ്ണു തുറപ്പിച്ചു. അതെ, ചിലപ്പോൾ ശത്രുക്കളും ഉള്ളിലുണ്ടാകും.
——————————————————————————————
കടപ്പാട് : ദീപിക
——————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക