തിരുത്തപ്പെടുന്ന മിഥ്യാധാരണകള്‍

അരൂപി

തെരഞ്ഞെടുപ്പ് രണ്ട് മിഥ്യാധാരണകളെ തിരുത്തി. ഒന്ന്: ബി.ജെ.പി.യെ പരാജയപ്പെടുത്താനാവില്ല. രണ്ട് : വര്‍ഗ്ഗീയത ഭൂരിപക്ഷം ഹിന്ദുക്കളിലും കടന്നു കയറി. തീര്‍ച്ചയായും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശ്വസിക്കുന്നുണ്ടാവണം.

2014-ലെ തെരഞ്ഞെടുപ്പില്‍ 336 സീറ്റുകള്‍ നേടി അധികാരത്തിലേറിയ എന്‍.ഡി.എ.മുന്നണിയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 മേയ് 20-നാണ് ആദ്യമായി പാര്‍ലമെന്‍റ് മന്ദിരത്തിലെത്തിയത്. “ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍” എന്ന് വിശേഷിപ്പിച്ചു കൊണ്ട് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പടവുകളില്‍ സാഷ്ടാംഗം പ്രണമിച്ച ശേഷമാണ് അന്ന് മോദി ആ മന്ദിരത്തിനകത്തേക്ക് കടന്നത്.

ആ ദൃശ്യങ്ങള്‍ കണ്ട ജനങ്ങള്‍ ധരിച്ചത് പാര്‍ലമെന്‍റില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ജനാധിപത്യ വിഗ്രഹത്തെ ഭക്ത്യാദരപൂര്‍വ്വം മോദി കാത്ത് സൂക്ഷിക്കുമെന്നായിരുന്നു. “ഇന്ന് സാധരണക്കാരില്‍ പ്രത്യാശ ഉദയം ചെയ്തിരിക്കുന്നുവെന്നും ആത്യന്തികമായി ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന” അദ്ദേഹത്തിന്‍റെ അന്നത്തെ പ്രസ്താവന സാര്‍ത്ഥകമാകുമെന്നും അവര്‍ കരുതി.

എന്നാല്‍ മോദി സര്‍ക്കാരിന്‍റെ പല ചെയ്തികളും അവരെ നിരാശപ്പെടുത്തി. ചിലവ അവരെ ദുഃഖിപ്പിച്ചു. പല സംഭവങ്ങളും അവരെ രോഷാകുലരാക്കി. നിരവധി പ്രതിഷേധങ്ങളും പോരാട്ടങ്ങളും രാജ്യത്ത് നടന്നു.

എങ്കിലും 2019-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേറാന്‍ മോദി സര്‍ക്കാരിനായി. ഹിന്ദുത്വ മുദ്രാവാക്യവും, പുല്‍വാമ സംഭവവുമെല്ലാം അതിനവരെ സഹായിച്ചു. ഒന്നാമൂഴത്തിലെ തെറ്റുകള്‍ തിരുത്തി സദ്ഭരണം കാഴ്ചവക്കുമെന്ന് ഇത്തവണ പലരും ധരിച്ചു. 2020 ആഗസ്റ്റില്‍ അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടപ്പോള്‍ രാമരാജ്യം എന്ന ക്ഷേമരാഷ്ട്രത്തിന്‍റെ നിര്‍മ്മാണം കൂടിയാരംഭിക്കുകയാണെന്ന് അവര്‍ കരുതി. എന്നാല്‍ അവര്‍ക്ക് വീണ്ടും തെറ്റി.

മോദി സര്‍ക്കാരിന്‍റെ രണ്ടാമൂഴക്കാലത്ത് ഭൂരിപക്ഷ നിയമവാഴ്ച ഒന്നാമൂഴത്തേതിനേക്കാള്‍ വ്യാപകമായി. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളില്‍ പലതും നിഷേധിക്കപ്പെട്ടു. ഭരണഘടന തന്നെ അവഗണിക്കപ്പെട്ടു. പാര്‍ലമെന്‍റില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പകരം സംഘര്‍ഷം നടമാടി. അഭിപ്രായ സ്വാതന്ത്ര്യം പരിമിതമായി. മാധ്യമ സ്വാതന്ത്യം നഷ്ടമായി. വിമര്‍ശനങ്ങളും വിമതസ്വരങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ വര്‍ദ്ധിച്ചു.

ന്യൂനപക്ഷങ്ങളും ദളിതുകളും ആക്രമിക്കപ്പെട്ടു. ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. പട്ടിണി സൂചികയില്‍ രാജ്യം പിന്നോക്കം പോയി. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. തൊഴില്‍ രംഗം കലുഷിതമായി. തൊഴിലവകാശങ്ങള്‍ പരിമിതമായി. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കര്‍ഷകരെ തെരുവിലിറക്കി. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ തുടങ്ങി. പി.എം.കെയര്‍ ഫണ്ടും, തെരഞ്ഞെടുപ്പ് ബോണ്ടും പോലുള്ള അഴിമതികള്‍ ഉയര്‍ന്നു.

 

മണിപ്പൂരും, ഹരിയാനയും, ക്വതയും, ഹാഥസുകളും നാടിന് നാണക്കേടുണ്ടാക്കി. ചരിത്രം തിരുത്തിയെഴുതാനും അന്ധവിശ്വാസങ്ങളും അബദ്ധജടിലങ്ങളായ കാര്യങ്ങളും ശാസ്ത്രീയ സത്യങ്ങളായി പ്രചരിപ്പിക്കാനും ശ്രമിച്ചു. സ്വതന്ത്ര ജനാധിപത്യ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് എതിരാളികളെ വേട്ടയാടി. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഇങ്ങിനെ നിരവധി ആരോപണ ശരങ്ങള്‍ മോദി ഭരണത്തിനെതിരേ ഉയര്‍ന്നു.

രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിച്ച പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനോ തങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ നേരിടാനോ തിരുത്താനോ ബി.ജെ.പിക്കായില്ല. ഇങ്ങനെയായിരുന്നില്ല ഭരിക്കേണ്ടിയിരുന്നതെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്. മേധാവി തുറന്ന് പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷമായിരുന്നില്ല അദ്ദേഹം ഈ വിമര്‍ശനം നടത്തേണ്ടിയിരുന്നത്. മോദിക്ക് വേണ്ട ഉപദേശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും യഥാസമയം അദ്ദേഹം നല്‍കണമായിരുന്നു.

ജനാധിപത്യക്രമത്തിലൂടെ എങ്ങിനെ സ്വേഛാധിപതിയായിത്തീരാം എന്നാണ് മോദി തന്‍റെ രണ്ടാമൂഴത്തിലൂടെ തെളിയിച്ചത്. ഇക്കാലത്ത് എന്‍.ഡി.എ. എന്ന സങ്കല്‍പ്പം തന്നെ മാഞ്ഞുകഴിഞ്ഞിരുന്നു. ബി.ജെ.പി.എന്ന രാഷ്ട്രീയ പാര്‍ട്ടിയേയും അതിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ്. എന്ന സംഘടനയെപ്പോലും തന്‍റെ വരുതിയില്‍ നിര്‍ത്താന്‍ മോദിക്കായി.

ഹിന്ദുത്വ അജന്‍ഡ ബി.ജെ.പിയുടെ രക്തത്തിലലിഞ്ഞുചേര്‍ന്ന തത്വ സംഹിതയാണ്. ബി.ജെ.പിയുടെ വളര്‍ച്ചക്ക് വെള്ളവും വളവും നല്‍കിയത് ശ്രീരാമന്‍റെ പേരിലുള്ള പ്രചരണവും പ്രവര്‍ത്തനവുമായിരുന്നു. എങ്കിലും അയോദ്ധ്യയിലെ രാമജന്മഭൂമി വീണ്ടെടുക്കലോടും രാമക്ഷേത്ര നിര്‍മ്മിതിയോടും കൂടി ഹിന്ദുത്വത്തെ രാഷ്ട്രീയമായി മുതലെടുക്കുന്നതില്‍ മോദിയെപ്പോലെ മറ്റാരെങ്കിലും വിജയിച്ചിരിക്കാനിടയില്ല.

രാമക്ഷേത്ര നിര്‍മ്മിതിയില്‍ ഇത്രയധികം വ്യഗ്രത കാണിച്ചതും നിര്‍മ്മാണം മുഴുവനും പൂര്‍ത്തിയാകും മുമ്പ്, ശങ്കരാചാര്യരുടെ എതിര്‍പ്പുകളെപ്പോലും വകവക്കാതെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്ഷേത്രത്തിനെ ഉദ്ഘാടനവും പ്രാണ പ്രതിഷ്ഠയും താന്‍ തന്നെ നിര്‍വ്വഹിക്കണമെന്ന വാശി കാണിച്ചതും ആ മുതലെടുപ്പിന്‍റെ ഭാഗമായാകണം.

എന്തായാലും 2024 ജനുവരിയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷമുള്ള മോദി അതിനു മുമ്പുള്ള മോദിയേക്കാള്‍ വ്യത്യസ്തനായിരുന്നു. ഹിന്ദുത്വത്തിന്‍റെ അത്യുന്നത പുരോഹിതനായും, പരമോന്നത നേതാവായും വിശ്വഗുരുവായും അദ്ദേഹത്തിന്‍റെ ഇമേജ് വര്‍ദ്ധിച്ചു. മോദിയെ സ്തുതിക്കാന്‍ മാധ്യമങ്ങളും വാര്‍ത്താ ചാനലുകളും, യുട്യൂബര്‍മാരും, സമൂഹമാധ്യമപടയാളികളും, പ്രശസ്ത വ്യക്തികളും, സൈദ്ധാന്തികരും മത്സരിച്ചു.

ഒരവസരത്തില്‍ താന്‍ ദൈവാവതരമാണോ എന്ന് അദ്ദേഹം പോലും സംശയിച്ചു പോയി. മതാന്ധതക്ക് ഹിന്ദു വോട്ടുകളുടെ എകീകരണം സാദ്ധ്യമാക്കാന്‍ കഴിയുമെന്ന് മോദി വ്യാമോഹിച്ചു. അതുകൊണ്ടാണ് അദ്ദേഹം രാജ്യം മുഴുവന്‍ നടന്ന് മുസ്ലിം വിരുദ്ധത പ്രസംഗിച്ചത്. ആ പ്രസംഗങ്ങളില്‍ മുഗളര്‍, മട്ടണ്‍, മുസ്ലിം, മംഗല്യസൂത്രം, നുഴഞ്ഞുകയറ്റക്കാര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ കടന്നു വന്നു.

പക്ഷേ വോട്ടെണ്ണല്‍ ദിവസം പ്രതീക്ഷകളുടെ സോപ്പുകുമിളകള്‍ പൊട്ടി. “ഇത്തവണ 400 കടക്കും” എന്ന് വീമ്പിളക്കിയവര്‍ക്ക് ഭൂരിപക്ഷത്തിന് വേണ്ട് 273 എന്ന മാന്ത്രിക സംഖ്യയിലെത്തിച്ചേരാന്‍ പോലുമായില്ല. അതിലും വലിയ ക്ഷീണമായിപ്പോയി അയോദ്ധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി.യുടെ പരാജയം.

ബഹുഭൂരിപക്ഷം വരുന്ന തങ്ങളുടെ രക്തത്തില്‍ ശതാബ്ദങ്ങളായി അലിഞ്ഞു ചേര്‍ന്നിട്ടുള്ള മഹത്തായ ഹൈന്ദവ സംസ്ക്കാരത്തെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പ്രചരണത്തിലൂടെ മാറ്റിമറിക്കാനാവില്ലന്ന് ഭൂരിപക്ഷം ഹിന്ദുക്കളും പ്രഖ്യാപിച്ചു . അതിനാലാണ് ഭൂരിപക്ഷം ഹിന്ദുക്കളിലും വര്‍ഗ്ഗീയത അടിച്ചേല്‍പ്പിക്കാമെന്നും തങ്ങള്‍ അജയ്യരാണെന്നുമുള്ള ബി.ജെ.പി.യുടെ ധാരണ മിഥ്യയായിരുന്നുവെന്ന് നേരത്തേ സൂചിപ്പിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിച്ചത് സ്വാതന്ത്ര്യമാണ്. സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം, ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, മതേതരത്വം പുലരാനുള്ള സ്വാതന്ത്ര്യം. ഈ തെരഞ്ഞെടുപ്പ് സ്വേഛാധിപത്യ പ്രവണതകളേയും വര്‍ഗ്ഗീയ ധ്രൂവീകരണത്തിന്‍റേയും വിപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചു.

ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് വിധിച്ചു. ജനാധിപത്യത്തോടുള്ള വിശ്വാസം ജനങ്ങളില്‍ വര്‍ദ്ധിക്കാന്‍ ഈ തെരഞ്ഞെടുപ്പ് സഹായിച്ചു. രാമക്ഷേത്രം പണിയുക മാത്രമല്ല രാമരാജ്യമെന്ന ക്ഷേമരാഷ്ട്രം പണിയുക കൂടി വേണമെന്ന് ഈ തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ചു.

ഇക്കഴിഞ്ഞ 7-ന് പഴയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ചേര്‍ന്ന എന്‍.ഡി.എ.നേതാക്കളുടെ എം.പി.മാരുടേയും യോഗത്തില്‍ പങ്കെടുക്കാനെത്തിച്ചേര്‍ന്ന നരേന്ദ്ര മോദി ആദ്യം ചെയ്തത് ആ ഹാളില്‍ സൂക്ഷിച്ചിട്ടുള്ള ഭരണഘടനയെ തൊട്ട് വന്ദിക്കുകയും അതെടുത്ത് നെറുകയില്‍ തൊടുകയുമായിരുന്നു. ഭരണഘടനയെ വന്ദിച്ചാല്‍ മാത്രം പോര, അത് തുറന്ന് വായിക്കുക്കണം. സഖ്യകക്ഷികളുടെ കാരുണ്യത്താലാണെങ്കിലും തനിക്ക് ലഭിച്ച മൂന്നാമൂഴക്കാലത്ത് കഴിഞ്ഞ ഒരു ദശകക്കാലത്തെ ചെയ്തികള്‍ വിലയിരുത്തണം. സംഭവിച്ച പിഴവുകള്‍ തിരുത്തി സദ്ഭരണം കാഴ്ചവക്കണം. എങ്കിൽ  ബി.ജെ.പി.ക്ക് ഇനിയും തുടര്‍ഭരണം ലഭിക്കാനുള്ള അവസരം ജനങ്ങള്‍ നല്‍കുമെന്ന് തീർച്ച.