January 29, 2025 4:13 am

ആർ എസ് എസിൽ നിന്ന് ബി ജെ പിയിയിലേക്കുള്ള ദൂരം…

അരൂപി

ഭാരതീയ ജനതാ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നഡ്ഡ എന്ന ജെ.പി.നഡ്ഡ സ്വതവേ ഗൗരവ പ്രകൃതക്കാരനാണ്. തമാശകള്‍ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ പൊതുവേ കടന്ന് വരാറില്ല. എന്നാല്‍ തനിക്കും തമാശ വഴങ്ങുമെന്ന് ഇക്കഴിഞ്ഞ മേയ് 18-ന് അദ്ദേഹം തെളിയിച്ചു.

“ആര്‍.എസ്.എസ്. ഒരു സാംസ്ക്കാരിക സംഘടനയാണ്. ഞങ്ങളൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആര്‍.എസ്.എസിനും ബി.ജെ.പിക്കും അവരവരുടേതായ പ്രത്യേക പ്രവര്‍ത്തന മേഖലകളുണ്ട്” എന്നാണ് ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ബി.ജെ.പി.യും ആര്‍.എസ്.എസും ഒന്നല്ല; രണ്ടും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞുവച്ചതിന്‍റെ ചുരുക്കം.

അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന ഒരു രാഷ്ട്രീയ തമാശയെന്നല്ലാതെ മറ്റെന്ത് പറയാനാണ് ? ഡി.വൈ.എഫ്.ഐ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടനയല്ലന്നും കെ.എസ്.യു. കോണ്‍ഗ്രസ്സിന്‍റെ പോഷക സംഘടനയല്ലന്നും പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അതുപോലെ നഡ്ഡയുടെ ഈ പ്രസ്താവനയേയും ആരെങ്കിലും ഗൗരവമായി എടുക്കുമെന്ന് തോന്നുന്നില്ല.

സാങ്കേതികമായി അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം. അര്‍.എസ്.എസും ബി.ജെ.പിയും രണ്ട് സംഘടനകള്‍ തന്നെയാണ്. ആര്‍.എസ്.എസ്. ഒരു സാമൂഹ്യ, സാംസ്ക്കാരിക സംഘടനയും ബി.ജെ.പി.യും ആ പാര്‍ട്ടിയുടെ മുന്‍ഗാമിയായ ജനസംഘവും രാഷ്ട്രീയ പാര്‍ട്ടിയുമാണ്. പക്ഷേ യാഥാര്‍ത്ഥ്യമെന്താണ്?

ബി.ജെ.പി. സ്വതന്ത്ര സംഘടനയാണെന്നും അത് ആര്‍.എസ്.എസിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായല്ല പ്രവര്‍ത്തിക്കുന്നതുമുള്ള നഡ്ഡയുടെ വാദം ശുദ്ധ നുണയാണ്. അത് മനസ്സിലാക്കാന്‍ 1997-ലെ ആര്‍.എസ്.എസ്. പ്രസിദ്ധീകരിച്ച “വൈഭവ് കേ പഥ് പര്‍” എന്ന പുസ്തകത്തിന്‍റെ ആമുഖം മാത്രം വായിച്ചാല്‍ മതി. അതില്‍ ആര്‍.എസ്.എസ്. സൃഷ്ടിച്ച നാല്‍പ്പതില്‍പ്പരം സംഘടനകളുടെ പട്ടികയുണ്ട്. എ.വി.ബി.പി., ഹിന്ദു ജാഗരണ്‍ മഞ്ച്, വിശ്വഹിന്ദുപരിഷത്, സ്വദേശി ജാഗരണ മഞ്ച്, സംസ്ക്കാര്‍ ഭാരതി തുടങ്ങിയ സംഘടനകളുടെ ഇടക്ക് പ്രമുഖമായ സ്ഥാനമാണ് അതില്‍ ബി.ജെ.പി.ക്ക് നല്‍കിയിരിക്കുന്നത്.

1951 ഒക്ടോബര്‍ 21-ന് ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഡോ. ശ്യാമപ്രസാദ് മുക്കര്‍ജി രൂപം നല്‍കുന്നത് അന്നത്തെ ആര്‍.എസ്.എസിന്‍റെ സര്‍സംഘചാലകായിരുന്ന എം.എസ്.ഗോള്‍വാള്‍ക്കറുടെ അനുമതിയോടും ആശീര്‍വാദത്തോടുമായിരുന്നു. ജനസംഘത്തിന്‍റെ ആദ്യ അദ്ധ്യക്ഷനായ ശ്യാമപ്രസാദ് മുക്കര്‍ജി മുതല്‍ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ ജെ.പി.നഡ്ഡ വരെയും എ.ബി.ബാജ്പേയ് മുതല്‍ നരേന്ദ്ര മോദി വരേയുള്ള ബി.ജെ.പി പ്രധാനമന്ത്രിമാരും ക്യാബിനറ്റ് മന്ത്രിമാരും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമെല്ലാം കറകളഞ്ഞ ആര്‍.എസ്.എസുകാരാണ് എന്ന് വസ്തുത ആര്‍ക്കാണറിയാത്തത്? അവരെല്ലാം തന്നെ അക്കാര്യം അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ചിട്ടുമുണ്ട്.

“ഞങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. അവരുടെ ചെറു യോഗങ്ങളും അഭ്യര്‍ത്ഥനകളുമെല്ലാം ഞങ്ങളുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങളുടെ തന്ത്രപരമായ ധാരണയുടെ ഭാഗമായി ആര്‍.എസ്.എസിന്‍റെ പോസ്റ്ററുകളോ, ബാനറുകളോ ഞങ്ങള്‍ ഉപയോഗിക്കുന്നില്ലന്ന് മാത്രം”, ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ ബി.ജെ.പി. നേതാവിന്ന്ന്നെ വാക്കുകളാണിത്. ഇതാണ് യാഥാര്‍ത്ഥ്യവും.

ആര്‍.എസ്.എസും ബി.ജെ.പിയും നിര്‍വ്വഹിക്കുന്നത് തൊഴില്‍ പരമായ വിഭജനം മാത്രമാണെന്ന് പ്രമുഖനായ ഒരു ആര്‍.എസ്.എസ്. വക്താവ് വ്യക്തമാക്കുന്നു. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ മാറ്റം വരുത്താല്‍ ആര്‍.എസ്.എസ്. സ്ഥാപിച്ച രാഷ്ട്രീയ സംഘടനയാണ് ഇന്നത്തെ ബി.ജെ.പിയുടെ മുന്‍രൂപമായ ഭാരതീയ ജനസംഘം. വര്‍ഷത്തില്‍ പലതവണ ആര്‍.എസ്.എസും ബി.ജെ.പി.നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബി.ജെ.പി.നേതാക്കളെല്ലാം തന്നെ ആര്‍.എസ്.എസ്. സംഘചാലകരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആര്‍.എസ്.എസ്.മേധാവിയുടെ അദ്ധ്യക്ഷതയില്‍ വര്‍ഷം തോറും നടക്കുന്ന “അഖില ഭാരതീയ പ്രതിനിധി സഭ”യാണ് ബി.ജെ.പി.യടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നയങ്ങളും പരിപാടികളും നിശ്ചയിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നുമുള്ള വസ്തുതയും ഏവര്‍ക്കും അറിയാവുന്നതാണ്.

അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനത സര്‍ക്കാരിനെ അധികാരത്തിലേറ്റുവാന്‍ ആര്‍.എസ്.എസ്. വഹിച്ച പങ്ക് ആര്‍ക്കെങ്കിലും നിരസിക്കാനാവുമോ? ജനത പാര്‍ട്ടിയില്‍ ചേരുമ്പോള്‍ ജനസംഘത്തിലെ അംഗങ്ങള്‍ ആര്‍.എസ്.എസ്.ബന്ധം ഉപേക്ഷിക്കണെമെന്ന് ജയപ്രകാശ് നാരായണനും ആര്‍.എസ്.എസ്. നേതാവ് നാനാജി ദേശ്മുഖും തമ്മിലുണ്ടാക്കിയ ധാരണ നടപ്പിലാകാതെ പോയതെന്ത് കൊണ്ടാണ്? ജനത സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി. എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത് ആര്‍.എസ്.എസ്സിന്‍റെ ആശീര്‍വാദത്തോടെയല്ല എന്ന് ആരെങ്കിലും പറയുമോ?

ബി.ജെ.പി.യും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ ബി.ജെ.പി.അധികാരത്തിലേറിയതിന് ശേഷമുള്ള ആര്‍.എസ്.എസിന്‍റെ വളര്‍ച്ച മാത്രം നോക്കിയാല്‍ മതി. 2021-ല്‍ ആര്‍.എസ്.എസിന് രാജ്യത്താകെ 60117 ശാഖകളാണുണ്ടായിരുന്നതെങ്കില്‍ 2022-ല്‍ ശഖകളുടെ എണ്ണം 68651 ആയി വര്‍ദ്ധിച്ചു.

ബി.ജെ.പിയും ആര്‍.എസ്.എസ്സും തമ്മിലുള്ള ബന്ധം അത്രമേല്‍ ദൃഢമാണെന്ന ബോദ്ധ്യം മാലോകര്‍ക്കെല്ലാം അറിവുള്ളതായിരിക്കേ തങ്ങള്‍ക്കിപ്പോള്‍ ആര്‍.എസ്.എസ്. സഹായം ആവശ്യമില്ലന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയാര്‍ജ്ജിച്ചുവെന്നും പ്രസ്താവിക്കാന്‍ നഡ്ഡയെ പ്രേരിപ്പിച്ച സാഹചര്യങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ കഴിഞ്ഞ കുറേ നാളുകളായി അന്വേഷിക്കുന്നത്.

ബി.ജെ.പി.യും ആര്‍.എസ്.എസും തമ്മിലുള്ള ആശയപരമായ ഭിന്നത വളരുന്നുവെന്നാണ് അവരില്‍ ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. അതാണ് 2014-ലേയും 2019-ലേയും തെരഞ്ഞെടുപ്പില്‍ കണ്ട ആവേശം ഇത്തവണ ആര്‍.എസ്.എസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് എന്നാണ് അവരുടെ നിഗമനം. ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്ന ആര്‍.എസ്.എസ്. ഇത്തവണ അതില്‍ കാര്യമായ പങ്ക് വഹിച്ചിരുന്നില്ല. പ്രചരണ രംഗത്തും അവരുടെ സജീവ സാന്നിദ്ധ്യം പ്രകടമായിരുന്നില്ല. അതിന്‍റെ പ്രതിഫലനം വോട്ടിംഗ് ശതമാനത്തിലെ ഇടിവില്‍ ദൃശ്യമാകുകയും ചെയ്തു. ആര്‍.എസ്.എസ്സിന്‍റെ ഈ നിസ്സഹകരണത്തെക്കുറിച്ച് ഉയര്‍ന്ന സംശയങ്ങള്‍ക്ക് ഒരു ന്യായീകരണമെന്ന മട്ടിലാകാം നഡ്ഡ ഇപ്രകാരം പ്രതികരിച്ചത് എന്ന് അവര്‍ കരുതുന്നു.

ആര്‍.എസ്.എസിന്‍റെ തീവ്ര ഹിന്ദുപക്ഷ നിലപാടുകള്‍ പിന്തുടരുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന പ്രചരണം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിപഷം ശക്തമായി ഉന്നയിച്ച ഒന്നായിരുന്നു. എന്നാല്‍ അന്യമതസ്ഥര്‍ അപ്രകാരം ആശങ്കപ്പെടേണ്ടതില്ലന്ന് അവരെ ബോദ്ധ്യപ്പെടുത്തുവാന്‍ വേണ്ടി തന്ത്രപൂര്‍വ്വം ആര്‍.എസ്.എസ്. ബന്ധത്തെ നഡ്ഡ തള്ളിപ്പറഞ്ഞതാകാമെന്ന് കരുതുന്നവരുമുണ്ട്.

മതത്തെ രാഷ്ട്രീയമായി കൂട്ടിയിണക്കി തങ്ങള്‍ വളര്‍ത്തിക്കൊണ്ട് വന്ന സ്വയം സേവകന്‍ ‘വിശ്വഗുരുവും’ ‘ഹിന്ദു ഹൃദയ സാമ്രാട്ടു’മായെല്ലാം വളര്‍ന്ന് അത്യന്തം ശക്തിശാലിയായ തങ്ങള്‍ക്ക് തന്നെ ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി. നേതൃത്വവുമായി അകന്ന് നില്‍ക്കുന്നതെന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്. ആ അകല്‍ച്ചയെ മറച്ച് വക്കാനാവാം ഇത്തരമൊരു പ്രസ്താവന നടത്താന്‍ നഡ്ഡയെ പ്രേരിപ്പിച്ചതെന്ന് ചിലര്‍ നിരീക്ഷിക്കുന്നു.

സഹായിച്ചവരെയൊക്കെ തള്ളിപ്പറയാനും ചതിക്കാനും മടിക്കാത്തവരാണ് ബി.ജെ.പി.നേതൃത്വത്തില്‍ ഇന്നുള്ളവരെന്നും അതിനാല്‍ തങ്ങളെ ചതിച്ച പോലെ ആര്‍.എസ്.എസ്സിനേയും ചതിക്കാനോ നിരോധിക്കാന്‍ പോലുമോ അവര്‍ മടിക്കില്ലന്നും അതിന്‍റെ മുന്നോടിയായാണ് ഇപ്പോള്‍ ആര്‍.എസ്.എസ്സ് ബന്ധത്തെ നഡ്ഡ നിരാകരിക്കുന്നതെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെയപ്പോലുള്ളവര്‍ കരുതുന്നു.

നിഗമനങ്ങളും നിരീക്ഷണങ്ങളും എന്തായാലും ബി.ജെ.പി.യും ആര്‍.എസ്.എസ്സും തമ്മിലുള്ള ബന്ധം പൂര്‍വ്വാധികം ദൃഢതരമാകുമെന്നല്ലാതെ ദുര്‍ബ്ബലമാകുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ആര്‍.എസ്.എസ്. ശക്തിയാര്‍ജ്ജിച്ചത് മോദി ഭരണത്തിന്‍റെ ഛായയിലാണ്. മാത്രമല്ല രാമക്ഷേത്രം, മറ്റ് പല ഹിന്ദുക്ഷേത്രങ്ങള്‍, കശ്മീരിന്‍റെ പ്രത്യേക പദവി, തുടങ്ങി എത്രയോ ആര്‍.എസ്.എസിന്‍റെ ആവശ്യങ്ങള്‍ മോദി നിറവേറ്റിയിരിക്കുന്നു.

“ഒരു രാഷ്ട്രം, ഒരു പതാക, ഒരു പ്രത്യയശാസ്ത്രം, ഒരു നേതാവ്” എന്ന് 1940-ല്‍ ആര്‍.എസ്.എസ്. മുഴക്കിയ മുദ്രാവാക്യത്താല്‍ പ്രചോദിതരായ നരേന്ദ്ര മോദിയും കൂട്ടരും അത് സാര്‍ത്ഥകമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് താനും. ഈ സ്വപ്നം മോദിയിലൂടെ സാക്ഷാത്ക്കരിക്കാനാവുമെന്ന് ആര്‍.എസ്.എസ്സും കരുതുന്നു. അത് സാദ്ധ്യമാകണമെങ്കില്‍ ആര്‍.എസ്.എസ്സിന്‍റെ പിന്തുണയും സഹായവും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് മോദിക്കും നഡ്ഡക്കുമുണ്ട് താനും.

ചുരുക്കം പറഞ്ഞാല്‍ ആര്‍.എസ്.എസ്.-ബി.ജെ.പി.ബന്ധത്തെക്കുറിച്ചുള്ള നഡ്ഡയുടെ പ്രസ്താവന കേട്ടപ്പോള്‍ പലര്‍ക്കുമുണ്ടായ ആശയക്കുഴപ്പം ‘ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായൊരിണ്ടല്‍’ മാത്രമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News