ബി.ജെ.പി.യുടെ പോസ്റ്റര്‍ ; പോലീസ് കേസ് ഹൈക്കോടതി റദ്ദാക്കി

In Featured, Special Story
October 01, 2023

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, വൈദ്യുതത്തൂണില്‍ ബി.ജെ.പി.യുടെ പോസ്റ്റര്‍ പതിച്ച യുവാവിന്റെ പേരില്‍ വിവിധ വകുപ്പുകള്‍പ്രകാരം പോലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. 2015 ഒക്ടോബര്‍ 10-നായിരുന്നു സംഭവം.ഉദ്യോഗസ്ഥന് സാമാന്യബോധം വേണം. ഇത്തരത്തില്‍ കേസെടുക്കുന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് റിഫ്രെഷ്മെന്റ് ക്ലാസ് നടത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

കുന്ദംകുളം പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാണിപ്പയ്യൂര്‍ സ്വദേശി രോഹിത് കൃഷ്ണ ഫയല്‍ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്.നിയമം അറിയാമെന്നുപറഞ്ഞിട്ട് കാര്യമില്ലെന്ന് ഓര്‍മിപ്പിച്ച കോടതി, ‘വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍’ എന്ന ജ്ഞാനപ്പാനയിലെ വരികളും ഉത്തരവില്‍ കുറിച്ചു. ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ചുകൊടുക്കാനും നിര്‍ദേശിച്ചു.

പൊതുമുതല്‍ നശിപ്പിച്ചതിനുപുറമേ വൈദ്യുതിനിയമത്തിലെ വകുപ്പും ചുമത്തിയതോടെ വിചാരണ കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് തൃശ്ശൂര്‍ അഡീഷണല്‍ ജില്ലാ കോടതിലേക്ക് മാറ്റിയിരുന്നു. ശാസനയില്‍ തീര്‍ക്കാവുന്ന പ്രശ്‌നമാണ് സെഷന്‍സ് കോടതിയിലേക്ക് എത്തിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.

പോസ്റ്റര്‍ നീക്കാന്‍ കെ.എസ്.ഇ.ബി.യ്ക്ക് 63 രൂപ ചെലവാകുമെന്ന് കണ്ടെത്തിയതോടെയാണ് വൈദ്യുതിനിയമത്തിലെ വകുപ്പും ചുമത്തിയത്.  മറ്റാര്‍ക്കും ശല്യമാകാത്ത ചെറിയ കാര്യങ്ങള്‍ക്ക് കേസെടുക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം വ്യക്തമാക്കുന്നുണ്ട്. പോസ്റ്റര്‍ നീക്കാന്‍ 63 രൂപ ചെലവാകുമെന്ന കണ്ടെത്തല്‍ ശരിയാണോ എന്നതിലാണ് കോടതി തീര്‍പ്പുണ്ടാക്കേണ്ടത്. അതിന് കോടതി ദിവസങ്ങളോളം ചെലവഴിക്കേണ്ടിവരുന്നു.