തിരുവനന്തപുരം: സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവാദാരോപണങ്ങളിൽ, തൻ്റെ പൊളിററിക്കൽ സെക്രട്ടറി പി.ശശിയെ ന്യായീകരിച്ചും സി പി എം സ്വതന്ത്ര എം എൽ എ പി.വി. അൻവറെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കി.
അന്‍വര്‍ ആരോപണം ഉന്നയിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പുകഴ്ത്തി. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. തന്റെ ശ്രദ്ധയിലും പെടുത്താമായിരുന്നു. ഇതു രണ്ടും ചെയ്തില്ല.
സിപിഎം സംസ്ഥാന സമിതി അംഗമായ ശശി തന്റെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നത് പാർടി നിർദേശം അനുസരിച്ചാണ്. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. തെറ്റായ കാര്യവും അദ്ദേഹം ചെയ്തിട്ടില്ല. ഒരു പരിശോധനയും അക്കാര്യത്തില്‍ ആവശ്യമില്ല.
കൊടുക്കുന്ന പരാതിക്ക് അതേപടി നടപടി സ്വീകരിക്കാവില്ല. നിയമപ്രകാരം പരിശോധിച്ച് നടപടി എടുക്കും. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശി അല്ല, ആരായാലും ആ ഓഫിസില്‍ ഇരിക്കാന്‍ പറ്റില്ല. നിയമപ്രകാരമല്ലാത്ത കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അതിലുളള വിരോധം വച്ച് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അതിന്റെ മേല്‍ മാറ്റാന്‍ കഴിയില്ല.
അന്‍വര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു.റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.