ക്ഷത്രിയൻ
ഓരോരുത്തർക്കും അവരവർ അർഹിക്കുന്ന പേരുണ്ട്. അതിനപ്പുറം വിളിച്ചാൽ ആരായാലും കോപിക്കും.
മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന രമേശ് ചെന്നിത്തലയുടെ വിളിയിൽ പിണറായി വിജയൻ പിണങ്ങിയത് അത് കൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്.
മോഷ്ടാവിനെ കള്ളനെന്ന് വിളിച്ചതിലെ കുണ്ഠിതം അയ്യപ്പപ്പണിക്കർ കവിതയായി കുറിച്ചത് ഓർത്തുനോക്കുക. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ,താൻ കള്ളനെന്നു വിളിച്ചില്ലേ? എന്നാണ് അയ്യപ്പപ്പണിക്കരുടെ കവിത.
മോഷ്ടാവും കള്ളനും തമ്മിലുള്ള അന്തരമെന്തെന്നതിനെച്ചൊല്ലി സാഹിത്യചർച്ചയ്ക്ക് വക നൽകുന്നതാണ് പ്രസ്തുത കവിത. മോഷ്ടാവിനെ കള്ളനെന്ന് വിളിച്ചതിലെ പ്രതിഷേധം പോലെയാണ് മുഖ്യമന്ത്രിയെ മിസ്റ്റർ എന്ന് വിളിച്ചത് എന്ന് വേണമെങ്കിൽ കരുതാം.
പിണറായി വിജയനെ ജീവിതത്തിൽ ആരും മിസ്റ്റർ എന്ന് വിളിക്കാൻ ധൈര്യപ്പെട്ടിട്ടില്ലെന്നാണ് പാർട്ടിയുമായി അടുപ്പമുള്ളവരൊക്കെ പറയുന്നത്.
അതേസമയം കേൾക്കാൻ ഇമ്പമുള്ള പദങ്ങൾ കേൾക്കുന്നതിൽ ഒട്ടുമേ ഖിന്നൻ അല്ല പിണറായി എന്നതാണ് വസ്തുത. അങ്ങനെയുള്ള പട്ടികയിലാണ് കാരണഭൂതനും ഫീനിക്സ് പക്ഷിയും ക്യാപ്റ്റനുമൊക്കെ.
ബ്രണ്ണൻ കോളജിൽ എതിരാളികളുടെ ഊരിപ്പിടിപ്പിച്ച വടിവാളിനിടയിലൂടെ കൈവിരൽ കൊണ്ട് പ്രത്യേക ആക് ഷനുമായി നീങ്ങിയപ്പോൾ പോലും പിണറായിയെ ആരും മിസ്റ്റർ എന്ന് വിളിച്ചിട്ടില്ല.
അങ്ങനെയുള്ളയാൾ നിയമസഭാ മന്ദിരത്തിലെ മിതശീതോഷ്ണക്രമീകരണ സംവിധാനത്തിലെ ഇരിപ്പിടത്തിൽ ഇരിക്കുമ്പോൾ മിസ്റ്റർ എന്ന് വിളിക്കാൻ ചെന്നിത്തലയെന്നല്ല, പി.കെ.ബഷീർ ശ്രമിച്ചാൽ പോലും വകവച്ചു തരാൻ പിണറായിയെ കിട്ടില്ല. ഹരിപ്പാട്ടെ ചെന്നിത്തലയ്ക്ക് തലശേരിയുടെ ചരിത്രം അറിയാത്തത് കൊണ്ടാണ്.
തലശേരിയിൽ പഴയകാലത്ത് പ്രതാപിയായിരുന്ന ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ച് അനുയായികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന കഥയുണ്ട്. എന്തെങ്കിലും ആവശ്യവുമായി ആരെങ്കിലും ചെന്നാൽ ചെയ്യാൻ പറ്റുന്ന കാര്യമാണെങ്കിൽ പൊടുന്നനെ അങ്ങ് ഏറ്റെടുക്കും.
ചെയ്യാൻ പറ്റില്ലെന്ന് പ്രതികരിച്ചാലും പിന്നെയും അതേ ആവശ്യമായി നിലക്കൊണ്ടാൽ നേതാവിൻറെ മൊഴി, ‘ സാറെ അത് കഴിയില്ല’ എന്നായിരിക്കുമത്രെ. ആവശ്യത്തിൽ നിന്ന് പിന്തിരിയാതെ ആഗതൻ പിന്നേയും തുടർന്നാൽ കേൾക്കേണ്ടിവരിക ‘ മിസ്റ്റർ അത് കഴിയില്ല എന്നായിരിക്കുമെന്നാണ് കഥ.
അതായത് സാറിനും മിസ്റ്ററിനുമൊക്കെ നേതാവ് ഓരോ വിതാനം അടയാളപ്പെടുത്തിയിട്ടുണ്ട്. നിരാസത്തിൻറെ അങ്ങേ തലയ്ക്കുള്ളതാകും മിസ്റ്റർ വിളി. ചെന്നിത്തലയുടെ മിസ്റ്റർ വിളി കേട്ടപ്പോൾ പിണറായിയുടെ മനസിൽ ഓളംവെട്ടിയത് ആ കഥയായിരിക്കാം.
അതുകൊണ്ടാകാം മിസ്റ്റർ മുഖ്യമന്ത്രി മിന്നൽ പിണറായതെന്ന് സമാധാനിക്കുകയേ വഴിയുള്ളൂ. സത്യത്തിൽ മിസ്റ്റർ ചീഫ് മിനിസ്റ്ററിന് എന്താണൊരു കുഴപ്പം?
പരനാറിയും എടോ ഗോപാലകൃഷ്ണനുമൊക്കെപ്പോലെയുള്ള ഗണത്തിലുള്ളതാണോ മിസ്റ്ററും എന്നൊരു സംശയം ഇല്ലാതില്ല.മിസ്റ്റർ പുല്ലിംഗമാണ്. താൻ അതിൽ ഉൾപ്പെടില്ലെന്ന് ആരെങ്കിലും സ്വയം തീരുമാനിച്ചാൽ അവരെ മിസ്റ്റർ ആക്കാതിരിക്കലാണ് മാന്യത .
Post Views: 164