മാദ്ധ്യമങ്ങൾ മറച്ചുവെച്ച ഒരു കേസിനെപ്പറ്റി ഓർമ്മ വന്നത് ഗവർണ്ണർക്കെതിരായി സംസ്ഥാന സർക്കാർ കൊടുത്തിരിക്കുന്ന കേസിനെപ്പറ്റി വായിച്ചപ്പോഴാണ്.
ലോകസഭാ സ്പീക്കർ ആയിരുന്ന പി.എ.സംഗ്‌മക്കെതിരായി ഞാൻ കൊടുത്ത ഒരു കേസ് മാദ്ധ്യമങ്ങളെല്ലാം മറച്ചുവെച്ചിരുന്നു.ഞാൻ മാദ്ധ്യമങ്ങൾക്ക് അനഭിമതനായിരുന്നത് കൊണ്ടാണ് കേസിനെക്കുറിച്ച വാർത്തയൊന്നും പ്രസിദ്ധീകരിക്കാതിരുന്നത്.
പ്രസ്സ് കൗൺസിലിലേക്ക് ലോകസഭയിൽ നിന്നുള്ള അംഗത്തെ നാമനിർദ്ദേശം ചെയ്യാൻ സ്പീക്കർക്ക് ആണ് അധികാരം.ഈയധികാരം ഉപയോഗിച്ച് സ്പീക്കർ സംഗ് മ പ്രസ്സ് കൗൺസിൽ അംഗമാക്കിയത് ജനതാ ദൾ നേതാവായ എം.പി.വീരേന്ദ്രകുമാറിനെയാണ്.
മാതൃഭൂമിയുടെ മാനേജിങ്ങ് ഡയറക്ടർ കൂടിയായിരുന്ന വീരേന്ദ്രകുമാർ ,ആ സമയത്ത് പ്രസ്സ് കൗൺസിലിൽ ഞാൻ കൊടുത്തിരുന്ന പരാതിയിൽ എതിർകക്ഷിയായിരുന്നു. പ്രസ്സ് കൗൺസിൽ നിയമമനുസരിച്ച് ഏതെങ്കിലും പരാതിയിൽ ശാസനക്ക് ഇരയാകുന്നയാൾക്ക് കൗൺസിലിൽ അംഗമായി തുടരാനുള്ള അർഹത നഷ്ടപ്പെടുന്നതാണ്.
എന്നാൽ പാർലമെന്റിൽ നിന്ന് സ്പീക്കർ നാമനിർദ്ദേശം ചെയ്യുന്ന അംഗത്തിനു കൗൺസിലിന്റെ വിമർശമോ ശാസനയോയുണ്ടായാലും കൗൺസിലിൽ അംഗമായി തുടരുന്നതിന്നു വിലക്കൊന്നുമില്ല. പത്രാധിപരോ മാനേജിങ്ങ് ഡയറക്ടറോ ആയ ആളെ പ്രസ്സ് കൗൺസിൽ അംഗമാക്കരുതെന്നു വ്യവസ്ഥയൊന്നുമില്ല താനും. നിയമത്തിലുള്ള ഈ പഴുത് അടക്കുന്നില്ലെങ്കിൽ പ്രസ്സ് കൗൺസിൽ അംഗങ്ങളുടെ പദവിയിൽ തന്നെ വിവേചനമുണ്ടാകും.
സംഗതി ഒരു അക്കാദമിക പ്രശ്നം ആയി മാത്രം തോന്നാവുന്നതാണ്. പക്ഷെ കേസ് പുറത്ത് വന്നാൽ ഞാൻ ആ ളാകുമോയെന്ന പ്രശ്നം മാദ്ധ്യമമുടമസ്ഥർക്കും തൽപ്പരകക്ഷികൾക്കും വലിയ പ്രയാസമുണ്ടാക്കുന്നതായിരുന്നു. കടുത്ത സമ്മർദ്ദം നടത്തി വീരേന്ദകുമാർ കേന്ദ്ര മന്ത്രിയായി.
പ്രസ്സ് കൗൺസിൽ അംഗത്വം രാജിവെച്ചു.എന്റെ അഭിഭാഷകനായിരുന്ന ഡോ. സെബാസ്ററ്യൻ
പോൾ ലോകസഭാ തെര ഞ്ഞെടുപ്പിൽ ഇടത് പക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി.പിന്നീട് ഒരിക്കൽ സ്പീക്കർ സംഗ്മ എറണാകുളം പ്രസ്സ് ക്ലബ്ബിൽ വന്നപ്പോൾ എന്റെ സാന്നിദ്ധ്യത്തിൽ തന്നെ, മാദ്ധ്യമങ്ങൾ മറച്ചുവെച്ചിരുന്ന ഈ കേസിന്റെ കാര്യം അദ്ദേഹത്തെ സെബാസ്ററ്യൻ പോൾ ഓർമ്മിപ്പിച്ചു.മാന്യനായ സാംഗ്മ തല താഴ്ത്തിയിരുന്നതേയുള്ളൂ.