പത്രപ്രവർത്തകർക്ക് ക്ഷമ വേണം

പി. രാജൻ

ന്ത് കേട്ടാലും കണ്ടാലും ക്ഷമിക്കേണ്ടവരാണ് പത്രപ്രവർത്തകർ.കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ഒരു പത്രലേഖകനെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പത്രപ്രവർത്തകരുടെ സംഘടന പരാതിപ്പെടുന്നു. സംഘടനയുടെ നേതാക്കൾ അതിൽ പരസ്യമായി പ്രതിഷേധിച്ചിട്ടുമുണ്ട്.

സംഗതി ഇങ്ങനെ പെരുപ്പിക്കേണ്ട കാര്യമില്ലെന്നാണ് തോന്നിയത്. പൊതു പ്രവർത്തകരായാലും പത്രപ്രവർത്തകരായാലും പെരുമാറ്റത്തിൽ പരമാവധി ക്ഷമിക്കുകയാണ് വേണ്ടത്. തന്നെയൊക്കെ ആരാണ് പത്രപ്രവർത്തകനാക്കിയതെന്ന് എൻ്റെ സുഹൃത്തായ ഒരു കമ്യൂണിസ്റ്റ് നേതാവ് ഒരിക്കൽ പരസ്യമായിഎന്നോട് ചോദിച്ചിട്ടുണ്ട്.

സാക്ഷാൽ ഇ.കെ.നായനാർ തന്നെ എൻ്റെ ലേഖനത്തെ വങ്കത്തമെന്ന് ദേശാഭിമാനിയിൽ ആക്ഷേപിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് എൻ്റെ ചില കോൺഗ്രസ്സ് സുഹൃത്തുക്കൾ മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ ആയിരുന്ന വി.എം. നായരുടെയടുത്ത് സമ്മർദ്ദം ചെലുത്തിയിരുന്നു.

മാതൃഭൂമിയുടെ വി.കെ മാധവൻകുട്ടിയും മനോരമയുടെ ടി.വി.ആർ.ഷേണായിയും ചേർന്നെഴുതിയ പുസ്തകത്തിൽ ഈ സമ്മർദ്ദത്തെപ്പറ്റിയെഴുതിയിരുന്നു.അവരൊക്കെ പിന്നീടും എൻ്റെ സുഹൃത്തുക്കൾ ആയി തുടർന്നു.

മാതൃഭൂമി മാനേജ്മെൻ്റ് എന്നെ സൂക്ഷിക്കണമെന്ന് വീക്ഷണം പത്രാധിപർ ലേഖനമെഴുതിയിട്ടുണ്ട്. പത്രപ്രവർത്തനമെന്ന തൊഴിലിൽ സംഭവിക്കുന്ന അനിവാര്യമായ ചില അപഭ്രംശങ്ങളായി തള്ളിക്കളയേണ്ടതാണ് ഇത്തരം സംഭവങ്ങൾ. പകയോ പരിഭവമോ പ്രാക്കോ പത്രപ്രവർത്തകർക്ക് ചേർന്നതല്ല.

ഞാൻ ഒരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്നു പറഞ്ഞു കൊണ്ടാണ് മാനേജിങ്ങ് ഡയറക്ടർ ആയിരുന്ന പൊതുപ്രവർത്തകൻ വീരേന്ദ്രകുമാർ എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. അതുകൊണ്ട് എൻ്റെ അഭിപ്രായം മാറിയിട്ടില്ല.മാറ്റണമെന്ന് തോന്നുന്നുമില്ല.

-———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക