വിദ്യാലയങ്ങളിൽ നിസ്ക്കാരം

പി. രാജൻ 

ക്രൈസ്തവർ  നടത്തുന്ന വിദ്യാലയത്തിൽ മുസ്ലിം കുട്ടികൾക്ക് നിസ്ക്കാരത്തിന് സൗകര്യമുണ്ടാക്കണമെന്ന് മൂവ്വാറ്റുപുഴയിൽ ചിലർ ആവശ്യപ്പെട്ടത് സംബന്ധിച്ച് വിവാദമുണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

കാരണം പൊതുവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ മതവിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുമായി കൂട്ടിക്കുഴച്ച് സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള വ്യാഖ്യാനം വരുത്തി വെച്ചിട്ടുള്ള ചിന്താക്കുഴപ്പം കുറച്ചൊന്നുമല്ല.

ന്യൂനപക്ഷങ്ങൾ നടത്തുന്നവയാണെന്ന കാരണത്താൽ വിദ്യാലയങ്ങൾക്ക് സർക്കാറിൻ്റ സഹായം നി ഷേധിക്കാവുന്നതല്ലെന്ന ഭരണഘടനാ വ്യവസ്ഥ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ചെന്നെത്തിയിരിക്കുന്നത് സർക്കാർ ചെലവിൽ കോടിക്കണക്കിന് രൂപ ചെലവാക്കുന്ന മതവിദ്യാഭ്യാസത്തിലാണ്.

ഇസ്ലാമിന്റെ ചരിത്രവും മേന്മയുമൊക്കെ സർവകലാശാലകളിൽ പാഠ്യവിഷയമാക്കി ഫലത്തിൽ പൊതുപ്പണം ചെലവാക്കി മത പ്രചരണമാണ് നടക്കുന്നത്. ലോകവ്യാപകമായി ഇസ്ലാം സൃഷ്ടിക്കുന്ന പൗരത്വ കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ച് ഒരു പഠനവും നമ്മുടെ സർവ്വകലാശാലകളിൽ നടന്നിട്ടില്ല.

 കേരളത്തിൽ സ്വകാര്യ കോളേജ് അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളവും ആനുകുല്യങ്ങളും നൽകുന്നത് സർക്കാറാണ്. അതു കൊണ്ട് തന്നെ മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പാടില്ലായിരുന്നു.

മതേതരത്വത്തിന് ശരിയായ വ്യാഖ്യാനം നൽകിയാൽ ക്രൈസ്തവർ നടത്തുന്ന വിദ്യാലയങ്ങളുടെ ഭാഗമായി കപ്പേള യോ മറ്റോ ഉണ്ടെങ്കിൽ അത്തരം വിദ്യാലയങ്ങൾക്ക് അറ്റകുറ്റപ്പണികൾ നടത്താൻ സർക്കാരിൻ്റെ പണം ചെലവഴിക്കാനാവില്ല.

ദേവസ്വത്തിനുകൊടുക്കുന്ന ഗ്രാൻറ് സർക്കാർ സഹായമല്ല, അമ്പല സ്വത്ത് സർക്കാർ ഏറ്റെടുത്തതിനു നൽകുന്ന നഷ്ടപരിഹാരമാണ്. അത് എത്രയോദശാബ്ദങ്ങൾ മുമ്പ് നിശ്ചയിച്ചതാണ്. അത് വർദ്ധിപ്പിക്കണമെന്ന ആവശ്യം  ശക്തിപ്പെടുകയാണ്.

പശ്ചിമ ബങ്കാളിലെ മമത ബാനർജി സർക്കാർ പൂജയാഘോഷങ്ങൾക്കുള്ള സർക്കാർ ഗ്രാൻ്റ് വർദ്ധിപ്പിച്ചിരിക്കയാണ്. പൊതുച്ചെലവിൽ നടക്കുന്ന മത പ്രീണനം മതേതരത്വത്തെത്തന്നെ അപകടത്തിലാക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

നിയമസഭയോടും സർക്കാർ ഓഫീസുകളോടും അനുബന്ധിച്ചും നിസ്ക്കാര പള്ളികൾ നിർമ്മിക്കണമെന്ന് ശഠിക്കാമോ? മതവും ആരാധനയും ആചാരങ്ങളും വ്യക്തിപരമായ കാര്യങ്ങൾ ആക്കി മാറ്റുന്നത് തന്നെയാണ് മതേതരത്വം.

ഭാരതത്തിൽ ഇന്ന് ഇത് സംബന്ധിച്ച് ഉണ്ടാകുന്ന വിവാദങ്ങൾ യഥാർത്ഥത്തിൽ രണ്ട് സംസ്ക്കാരങ്ങളുടെ സംഘർഷമാണ്. സമന്വയത്തിൻ്റേതായ ഭാരതീയ (ഹിന്ദു) സംസ്ക്കാരവും സംഹാരത്തിൻ്റേതായ വൈദേശിക( ഇസ്ലാമിസ്റ്റ്, ക്രൈസ്തവ, കമ്യൂണിസ്റ്റ് അധിനിവേശ) സംസ്ക്കാരവും തമ്മിലുണ്ടാകുന്നതാണ് സംഘർഷങ്ങൾ . (AssimilationVs.Annihilation). അത് മറച്ചുവെച്ചാലും പുറത്ത് വരും.

——————————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക