ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സിൽ മെഡലുകള്‍ നേടിയവര്‍ക്ക് കോടികളുടെ പാരിതോഷികം. ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളുമായി തിരിച്ചെത്തിയ കായിക താരങ്ങളെ കാത്തിരിക്കുന്നത് കോടികൾ.
ഷൂട്ടിംഗില്‍ മനു ഭാക്കര്‍ ഒരു വ്യക്തിഗത വെങ്കല മെഡലും സരബ്‌ജോത് സിങ്ങിനാപ്പം മിക്‌സഡ് വെങ്കലവും നേടി. സ്വപ്നില്‍ കുശാലെയും ഷൂട്ടിങ്ങില്‍ ഒരു വെങ്കലം നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളിയും പുരുഷ ഹോക്കി ടീം സ്‌പെയിനിനെ തോല്‍പിച്ച് വെങ്കലവും നേടി. അമന്‍ സെഹ്റവത്തിലൂടെ ഗുസ്തി വെങ്കലവും ഇന്ത്യ നേടി.
മെഡല്‍ ജേതാക്കള്‍ക്ക് ഇതുവരെ ലഭിച്ച ക്യാഷ് പ്രൈസുകള്‍:
മനു ഭാക്കര്‍
യുവജനകാര്യ കായിക മന്ത്രി 30 ലക്ഷം രൂപ മനുവിന് സമ്മാനമായി നല്‍കി.
പുരുഷ ഹോക്കി ടീം:
പുരുഷ ഹോക്കി ടീമിന് മലയാളി താരം പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെ ഓരോ അംഗത്തിനും 15 ലക്ഷം രൂപ സമ്മാനം ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. കൂടാതെ, സപ്പോര്‍ട്ട് സ്റ്റാഫിലെ ഓരോ അംഗത്തിനും 7.5 ലക്ഷം രൂപയും ലഭിക്കും. ഇന്ത്യന്‍ ഹോക്കിയെ കൈപിടിച്ചുയര്‍ത്തിയ ഒഡീഷ സംസ്ഥാനവും എല്ലാ ഹോക്കി താരങ്ങള്‍ക്കും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീഷ മുഖ്യമന്ത്രി മോഹന്‍ മാഞ്ചി സ്വന്തം നാട്ടുകാരനായ ഡിഫന്‍ഡര്‍ അമിത് രോഹിദാസിന് 4 കോടി രൂപയും ടീമിലെ ഓരോ കളിക്കാരനും 15 ലക്ഷം രൂപയും ഓരോ സപ്പോര്‍ട്ട് സ്റ്റാഫിന് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു. മറുവശത്ത്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സംസ്ഥാനത്ത് നിന്നുള്ള ഓരോ സ്‌ക്വാഡ് അംഗത്തിനും ഒരു കോടി രൂപ സമ്മാനം നൽകും.
സരബ്‌ജോത് സിംഗ്
മനുവിനൊപ്പം മിക്സഡ് ടീം ഷൂട്ടിംഗ് വെങ്കലം നേടിയ സരബ്ജോത്തിന് യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ക്യാഷ് അവാര്‍ഡ് സ്‌കീമിലൂടെ 22.5 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചു.
നീരജ് ചോപ്ര
നീരജ് ചോപ്രയുമായി ബന്ധപ്പെട്ട ക്യാഷ് പ്രൈസുകളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ടോക്കിയോയില്‍ സ്വര്‍ണം നേടിയപ്പോള്‍ ഹരിയാന സര്‍ക്കാര്‍ 6 കോടി രൂപ പ്രഖ്യാപിച്ചിരുന്നു.
സ്വപ്നില്‍ കുശാലെ
പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ വെങ്കലം നേടിയ കുശാലെയ്ക്ക് ഒരു കോടി രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചു.
അമന്‍ സെഹ്രാവത്
വെങ്കല മെഡല്‍ നേടിയ അമനും ക്യാഷ് പ്രൈസ് ലഭിക്കുമെങ്കിലും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.