എസ്. ശ്രീകണ്ഠൻ
കെ.ഗോപാലകൃഷ്ണൻ ഒരു തികഞ്ഞ പ്രൊഫഷണലാണ്. റിപ്പോർട്ടറായും പത്രാധിപരായും ഒക്കെ അതു തെളിയിച്ചിട്ടുണ്ട്. ആർക്കെങ്കിലും വെട്ടി ഒതുക്കാവുന്ന തരത്തിലല്ല അതിൻ്റെ നിൽപ്പ്.
വി.കെ.മാധവൻകുട്ടി ,നരേന്ദ്രൻ, കെ.ഗോപാലകൃഷ്ണൻ എന്നിവർ മലയാള നാട്ടിൽ നിന്നു പോയി ഡൽഹിയിൽ കസറിയവരാണ്. മാധവൻകുട്ടി മാതൃഭൂമിയെ ഉത്തരേന്ത്യൻ ഗോസായിമാർക്കിടയിൽ കുട്ടീസ് പേപ്പറാക്കി. അത്രയൊന്നും വളർന്നില്ലെങ്കിലും ഗോപാൽജി,നരേന്ദ്രാദികൾ ഉൾക്കാഴ്ചയുള്ള റിപ്പോർട്ടുകൾ അയച്ച് പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയവരാണ്.
എന്നെ പോലുള്ള പൈതങ്ങൾ ഒരു കാലത്ത് കേരള കൗമുദി തപ്പി നടന്നത് നരേന്ദ്രനെ വായിക്കാനാണ്. മനോരമയൊക്കെ വിട്ട് ദീപികയിൽ ഗോപാൽജി എഴുതിയപ്പോൾ ദീപിക തേടി നടന്നു. ദില്ലി ബ്യൂറോ ചീഫ് എന്ന പണിയിൽ പത്രസ്ഥാപനത്തിൻ്റെ (മുതലാളിയുടെ ) ലെയ്സണും ഉൾപ്പെടും. അതു കൂടി ചെയ്താലെ ആ കസാലയിൽ ഉറച്ചിരിക്കാനാവൂ. പലരും പഠിച്ച പണി മറന്ന് ലെയ്സൺ ഓഫീസർമാരായി. അവർ അവിടെ അങ്ങനെ കുറ്റിയടിച്ചു. പലർക്കും സ്വന്തം ബിസിനസ് ഉണ്ടവിടെ.
അങ്ങനെ വന്നപ്പോൾ തിമിരം. ഉൾക്കാഴ്ച പോയിട്ട് നേർക്കാഴ്ച പോലും ഇല്ലാതായി. ഗോപാൽജി അങ്ങനെ മെരുങ്ങില്ല. റിപ്പോർട്ടർ പണി കഴിഞ്ഞ് മാതൃഭൂമിയിൽ പത്രാധിപരായി വന്നു. അവിടെയും ഗോപാൽജി വിജയിച്ചു. പ്രചാരം പത്തു ലക്ഷം ഒന്നു കടന്നു കിട്ടാൻ പറ്റാതെ മാതൃഭൂമി കിതയ്ക്കുമ്പോഴാണ് ഗോപാൽജിയുടെ രംഗപ്രവേശം.
ചില്ലറ പൊടികൈകൾ കൊണ്ട് അദ്ദേഹം ലക്ഷ്യം കണ്ടു. മാതൃഭൂമിയുടെ ടാർഗറ്റ് ഓഡിയൻസ് ആരാണെന്ന ഗ്രൗണ്ട് റിയാലിറ്റി മൂപ്പർക്കറിയാം. ക്രിസ്ത്യാനിയും ഇസ്ലാമിനും ഉപരി ഹൈന്ദവ വീടുകളിലാണ് മാതൃഭൂമി പോകുന്നതെന്ന് ആർക്കാ അറിയാത്തത്?.
മാതൃഭൂമി കലണ്ടർ പൊടി തട്ടിയെടുത്ത് ഹൈന്ദവ വിശേഷ ദിവസങ്ങൾ ഒന്നൊന്നായി ഡയറിയിൽ കുറിച്ചു. ദേവീ ദേവന്മാരുടെ വർണ്ണ ചിത്രങ്ങൾ മൂല മന്ത്രങ്ങൾക്കൊപ്പം ഒന്നാം പേജിൽ . മെച്ചപ്പെട്ട ലേ ഔട്ട്,അവതരണം, പുതിയ പുതിയ എക്സ്ക്ളൂസീവുകൾ, ഫീച്ചർ പേജുകൾ . എല്ലാം കൂടി ആയപ്പോൾ ഈസി വാക്കോവറായി. മനോരമ പോലും ഒന്നു കിടുങ്ങി. അക്കാലത്ത് മനോരമയിൽ താക്കോൽ സ്ഥാനങ്ങളിൽ ഇരുന്നവർ ശരിക്കും അതനുഭവിച്ചു കാണും.
പിൽക്കാലത്ത് ഗോപാൽജി മാതൃഭൂമി വിട്ടപ്പോൾ വീണ്ടും പഴയ പടിയായി കാര്യങ്ങൾ. പിന്നെ മീശ വിവാദം. ഗോപാൽജി അടുപ്പിച്ചവരെ മാതൃഭൂമി ആട്ടി അകറ്റി. ഫലം അവർ അനുഭവിച്ചു. ഗോപാൽജിക്ക് ശേഷം വന്നവർ മാതൃഭൂമി പത്രാധിപ കസാലയിൽ ഒന്നും ചെയ്യാനാവാതെ ഉഴലുകയായിരുന്നു. താരതമ്യേന ചെറുപ്പമായ മനോജ് കെ ദാസ് പോലും നിഷ്പ്രഭനായി. മനോജിൻ്റെ രണ്ടാം ഇന്നിങ്സ് ?.
അതൊക്കെയാണ് ചരിത്രവും വർത്തമാനവും. ഗോപാൽജിയുടെ സ്റ്റാർഡം അത്രയ്ക്കുണ്ട്. ഒരു കഥക്കൂട്ടിൽ വെട്ടിയൊതുക്കാനാവില്ല ആ പ്രൊഫൈൽ. അങ്ങനെയല്ലേ അതിൻ്റെ നിൽപ്പ്.