കെ. ഗോപാലകൃഷ്ണൻ
1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഹൃദയാഘാതം മൂലം അന്തരിച്ചു എന്ന വേദനാജനകമായ വാർത്ത വന്നു.
ഞാൻ ഒരു ഉദ്യോഗനിയമനത്തിനായി ഡൽഹിയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത്തരമൊരു പെട്ടെന്നുള്ള വിയോഗം ആരും പ്രതീക്ഷിച്ചിരുന്നില്ല. വലിയ ആഘാതത്തോടെയാണ് ന്യൂഡൽഹി അതു ശ്രവിച്ചത്.
വിദ്യാഭ്യാസമേഖലയിൽ ഇന്ത്യയെ സേവിച്ച, മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് യത്നിച്ച, സമ്മിശ്ര സമ്പദ്വ്യവസ്ഥയിലൂടെ സമ്പൂർണ പ്രതിബദ്ധതയോടെ പഞ്ചവത്സര പദ്ധതികളടക്കമുള്ള വിവിധ വികസന സംരംഭങ്ങൾ ആസൂത്രണം ചെയ്ത ആ മഹദ്വ്യക്തിയെ അന്തിമമായി ഒരുനോക്കു കാണാൻ പലരും കൊതിച്ചു. ഓഫീസുകൾ അടഞ്ഞു.
കേന്ദ്ര സർക്കാർ വേഗത്തിൽ പ്രതികരിക്കുകയും ഉടനടി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ, ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനും ആവശ്യമായ മറ്റു നടപടികൾ സ്വീകരിക്കാനും ഏറ്റവും മുതിർന്ന കേന്ദ്ര കാബിനറ്റ് മന്ത്രിയെ ക്ഷണിച്ചു. പ
രേതനായ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ന്യൂഡൽഹിയിലേക്ക് എത്തുന്ന വിദേശ നേതാക്കൾക്കടക്കം പൊതുദർശനം സുഗമമാക്കുന്നതിന് പണ്ഡിറ്റ് നെഹ്റുവിന്റെ മൃതദേഹം തീൻ മൂർത്തി ഭവനിൽ വയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്.
പുതിയ ഇന്ത്യ
പ്രതിബന്ധങ്ങളും നിക്ഷേപ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും, സാമ്രാജ്യത്വഭരണത്തിന്റെ ഭാഗമായി കൊളോണിയൽ ഭരണത്തെയും തുടർന്നുള്ള ചൂഷണത്തെയും നേരിട്ട ഇന്ത്യയെ പുനർനിർമിക്കാനുള്ള തന്റെ പദ്ധതികളിൽ ഉറച്ചുനിന്ന നെഹ്റു 16 വർഷവും 286 ദിവസവും പ്രധാനമന്ത്രിയായിരുന്നു. ഇന്നേവരെ, ഇന്ത്യയിൽ ഏറ്റവും ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനപ്രീതിക്കും ചേരിചേരാപ്രവർത്തനങ്ങൾ, സമാധാന സംരംഭങ്ങൾ, സ്വതന്ത്ര സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള സംഭാവനകൾ എന്നിവയ്ക്കും അദ്ദേഹം പ്രശസ്തനാണ്. അതിനാൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പലരും താത്പര്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. സംസ്കാര കർമങ്ങൾ അടുത്ത കുടുംബാംഗങ്ങളുടെ ഇഷ്ടാനുസരണം നടത്താൻ ആവശ്യമായ നടപടികളും ക്രമീകരണങ്ങളും ആരംഭിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ അവസാനമായി കണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ തീൻ മൂർത്തി ഭവനിൽ എത്തിയ നിരവധി പേരിൽ ഞാനും ഉണ്ടായിരുന്നു.
ഇന്ന്, 2024 മേയ് 27ന്, ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമവാർഷികത്തിൽ ഇന്ത്യയിലെ പലരും അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിക്കുകയും സാമൂഹികജീവിതത്തിലും രാഷ്ട്രീയ രംഗത്തുമടക്കം നിരവധി മേഖലകളിലെ അദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകൾ രാജ്യത്തെ ഓർമിപ്പിക്കുകയും ചെയ്യും.
1889 നവംബർ 14ന് പ്രയാഗ്രാജിൽ ജനിച്ച അദ്ദേഹം 1964 മേയ് 27ന് ന്യൂഡൽഹിയിലാണ് അന്തരിച്ചത്. അദ്ദേഹം തന്റെ ജീവിതം മുഴുവൻ പൊതുസേവനത്തിൽ ചെലവഴിച്ചു, പ്രാഥമികമായി ഇന്ത്യൻ സ്വാതന്ത്ര്യത്തിനും രാജ്യത്തിന്റെ വികസനത്തിനും രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ക്ഷേമത്തിനുംവേണ്ടി പോരാടി.
പുതിയ വെല്ലുവിളികൾ
ഇന്ത്യൻ ഐക്യത്തിന് ബാഹ്യമായ ഭീഷണികൾ പോലെ പലർക്കും മറ്റ് ആശങ്കകളും ഉണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിഭജനം ഉൾപ്പെടെയുള്ള രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും മാനസികവുമായ അപകടങ്ങളിൽനിന്നുള്ള ആന്തരിക സംഭവവികാസങ്ങളിൽനിന്ന് നമ്മുടെ ഐക്യത്തിനു വെല്ലുവിളിയായ യഥാർഥ ഭീഷണികളും അതിൽ ഉൾപ്പെട്ടിരുന്നു.
ജവഹർലാൽ നെഹ്റു (ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട്, ന്യൂഡൽഹി പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിമാർക്കുള്ള തന്റെ കത്ത്, വാല്യം 1, പേജ് 143) 1948ൽതന്നെ ഈ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടു പറഞ്ഞു: “ഇന്ത്യയുടെ ഐക്യവും സ്ഥിരതയും സംരക്ഷിക്കുന്നത് പ്രധാനമായും ഐക്യബോധം കൊണ്ടുവന്ന കോൺഗ്രസ് സംഘടനയുടെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കും. ആ സംഘടന ദുർബലമാവുകയോ പിളരുകയോ ചെയ്താൽ, ഒരു പ്രധാന ദൃഢീകരണ ഘടകം ഇല്ലാതാവുകയും ജനകീയ ഊർജം എതിരാളികളുടെ വഴക്കുകളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യും”. ചില മേഖലകളിൽ അത് അടിവരയിടുന്നു. 74 വർഷങ്ങൾക്കു ശേഷം അടുത്തിടെ രാഷ്ട്രീയ പ്രചാരണങ്ങളിൽപോലും ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ചില മുതിർന്ന നേതാക്കൾ ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നത് നമ്മൾ കണ്ടില്ലേ?
ഇന്ത്യക്കാർ ഗൗരവമായെടുക്കേണ്ടത് സമൂഹത്തിൽ കാണപ്പെടുന്ന ആരോഗ്യകരമല്ലാത്ത ഭിന്നിപ്പുകളെയാണ്. മതപരവും ജാതീയവുമായ വ്യത്യാസങ്ങളും സാമൂഹിക പിന്നാക്കാവസ്ഥ കാരണം അവശനിലയിൽ കഴിയുന്നവരെ സഹായിക്കാൻ ഏർപ്പെടുത്തുന്ന സംവരണങ്ങളും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയങ്ങളായി.
ചില പ്രദേശങ്ങളിൽ ഇത് വെറുപ്പിന്റെ കച്ചവടമായി മാറിയിരിക്കുന്നു. ഇതിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടുകയും പ്രതികൂല സാധ്യതകളുള്ള എല്ലാ ഘടകങ്ങളും ഒഴിവാക്കുകയും ആവശ്യമെങ്കിൽ നിയമനടപടികളിലൂടെ ഇല്ലാതാക്കുകയും വേണം. സമൂഹത്തിൽ വിഭജനം വളർന്നാൽ, അനന്തരഫലങ്ങൾ പ്രതികൂലവും അനാരോഗ്യകരവുമായിരിക്കും. നാനാത്വത്തിൽ ഏകത്വത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ. വിഭജനചിന്ത വളരുന്നത് ഇതു തകർക്കും. അതിനാൽ ഇത്തരം പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്.
മറ്റൊരു പോരായ്മ, സാമ്പത്തികവികസനത്തിൽപോലും നിഷേധാത്മകഘടകങ്ങൾ നുഴഞ്ഞുകയറുകയും അസമത്വങ്ങൾ ഉയർന്നുവരുകയും കൈമാറ്റം ചെയ്യപ്പെടുന്ന ധനവിഹിതം പോലും കൃത്യമായി വിതരണം നടക്കാതെ പോവുകയും ചെയ്യുന്നു എന്നതാണ്. എന്തെങ്കിലും വിവേചനം ഉണ്ടെങ്കിൽ അത് ഒരു പ്രശ്നമായി വികസിക്കും. ഇപ്പോൾ ആസൂത്രിതമായ വികസനപ്രക്രിയയിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. ധനകാര്യ കമ്മീഷനുകളുടെ തീരുമാനങ്ങളിൽപോലും ന്യായവും നീതിയുക്തവുമായി ലഭിക്കുന്നില്ലെന്ന് സംസ്ഥാനങ്ങൾക്കു പരാതിയുണ്ട്.
പ്ലാനിംഗ് കമ്മീഷൻ ആസൂത്രണം നിരീക്ഷിക്കുകയും കേന്ദ്ര ധനസഹായം അനുവദിക്കുകയും ചെയ്തിരുന്ന കാലത്ത് ആവശ്യങ്ങൾക്കനുസരിച്ച് ആസൂത്രണം തീരുമാനിക്കുകയും വിവിധ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് നിറവേറ്റുകയും ചെയ്തിരുന്നു. പദ്ധതി സംബന്ധിച്ച് ഒരു തീരുമാനമെടുക്കുന്നതിനുമുമ്പ് സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രവും വികസനത്തിന്റെ ചരിത്രവും അടിസ്ഥാനമാക്കിയുള്ള പഠനത്തെ വിലയിരുത്തേണ്ടതുണ്ട്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾക്കും ചെറിയ സംസ്ഥാനങ്ങൾക്കും കൂടുതൽ ആവശ്യങ്ങൾ ഉള്ളതിനാൽ സ്ഥിതി കൂടുതൽ സങ്കീർണമാണ്. ചില സന്ദർഭങ്ങളിൽ കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കുന്ന സാഹചര്യം സങ്കീർണമാക്കുന്ന തരത്തിൽ കൂടുതൽ പ്രാദേശിക പാർട്ടികൾ രംഗത്തുണ്ട്.
ജവഹർലാൽ നെഹ്റു ഇത്തരം സാഹചര്യങ്ങളെ കരുതിയിരിക്കുകയും വിവിധ ആവശ്യങ്ങൾ സമഗ്രമായി പഠിച്ച് അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. നിരവധി പ്രാദേശിക പാർട്ടികൾ കൂടുതൽ പദ്ധതികൾക്കും ഫണ്ടുകൾക്കുംവേണ്ടി രംഗത്തുവരികയും പുതിയ രാഷ്ട്രീയ മുന്നണികളും നിലപാടുകളുമായി കടുത്ത മത്സരത്തിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ ന്യായമായ സമീപനം ഉറപ്പാക്കാനും നാനാത്വത്തിൽ ഏകത്വം പ്രോത്സാഹിപ്പിക്കാനും നെഹ്റുവിന്റെ നിലപാടുകൾ ആഴത്തിൽ പരിഗണിക്കേണ്ടതുണ്ട്.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ മറ്റൊരു വിലയേറിയ ഉപദേശം ഇതാണ്: “ഒരു സർവകലാശാല മാനവികത, സഹിഷ്ണുത, യുക്തി, പുരോഗതി, ആശയങ്ങളുടെ സാഹസികത, സത്യാന്വേഷണം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുന്നു. കൂടാതെ വലിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള മനുഷ്യവർഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുമായി നിലകൊള്ളുന്നു. സർവകലാശാലകൾ തങ്ങളുടെ കർത്തവ്യങ്ങൾ വേണ്ടത്ര നിർവഹിച്ചാൽ അത് രാജ്യത്തിനും ജനങ്ങൾക്കും നല്ലതാണ്.
എന്നാൽ ഈ ക്ഷേത്രം തന്നെ സങ്കുചിതമായ മതാന്ധതയുടെയും നിസാര ലക്ഷ്യങ്ങളുടെയും ഭവനമായി മാറുകയാണെങ്കിൽ, രാഷ്ട്രം എത്രത്തോളം പുരോഗതി പ്രാപിക്കും അല്ലെങ്കിൽ ഒരു വ്യക്തി എങ്ങനെ ഔന്നിത്യത്തിൽ വളരും’’(ഇമേജസ് ആൻഡ് ഇൻസൈറ്റസ് -കെ.ആർ. നാരായണൻ, പ്രസാധകർ: അലൈഡ് പബ്ലിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്).വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നെഹ്റുവിന്റെ കാഴ്ചപ്പാടുകൾ മേൽപറഞ്ഞ ഖണ്ഡികയിൽ സമ്പൂർണവും വ്യക്തമാണ്. ഇത് നമ്മുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കാം, പ്രത്യേകിച്ച് കേരളത്തിൽ.
വിദ്യാഭ്യാസത്തെ കൂടുതൽ അർഥവത്തായതും ഭാവിയിലെ കരിയറിനും കരിയർ ആസൂത്രണത്തിനുമുള്ള വഴികാട്ടിയുമാക്കാം. പഞ്ചവത്സര പദ്ധതികളിലൂടെ വികസനം അദ്ദേഹം ആസൂത്രണം ചെയ്തു. അതിൽ പൊതുമേഖല, രാജ്യത്തെ മാതൃകാ തൊഴിലുടമയും നിക്ഷേപകനും എന്ന നിലയിൽ വർത്തിച്ചു. കൃഷിയുടെ വികാസത്തിന് അണക്കെട്ടുകളും ജലസേചനവും, വൻകിട വ്യവസായങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിന് സമ്മിശ്ര സമ്പദ്വ്യവസ്ഥയിൽ സ്വകാര്യ മൂലധനവും ഉൾച്ചേർത്തു.
കെട്ടുറപ്പുള്ള ഇന്ത്യ
ചുരുക്കിപ്പറഞ്ഞാൽ, വൻകിടവ്യവസായത്തിനും വിവിധ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവിനും വിദേശ നിക്ഷേപകർക്ക് അദ്ദേഹം അർഹമായ പങ്കു നൽകി. പോരായ്മകൾ ഉണ്ടെങ്കിലും, ആസൂത്രണ പദ്ധതികൾ പുരോഗമിക്കുന്നതിനനുസരിച്ച് അത് പരിഹരിക്കപ്പെട്ടു, വെല്ലുവിളികളിൽ ഏറ്റെടുത്ത് വിജയിപ്പിച്ചു.
എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, പ്രതിരോധം എന്നിവ കെട്ടിപ്പടുക്കുന്നതിൽ പ്രശംസനീയമായ പുരോഗതിയുണ്ടായി. ശ്രദ്ധേയമായ ഒരു കാര്യം, ഐക്യരാഷ്ട്രസഭയിൽ ഒരു പാക്കിസ്ഥാൻ പ്രതിനിധി ഇന്ത്യൻ പുരോഗതിയെക്കുറിച്ച് വളരെ വിമർശനാത്മകമായി സംസാരിച്ചപ്പോൾ നമ്മുടെ അന്നത്തെ വിദേശകാര്യമന്ത്രി അന്തരിച്ച സുഷമ സ്വരാജ് പാക്കിസ്ഥാൻ എന്താണ് സംഭാവന ചെയ്യുന്നതെന്ന് ലോകത്തിന് അറിയാമെന്ന ഉചിതവും ഉജ്ജ്വലവുമായ മറുപടിയാണ് നൽകിയത്.
വിദ്യാഭ്യാസം, സമുദ്രശാസ്ത്രത്തിലെ ഗവേഷണം, ബഹിരാകാശ ഗവേഷണം, ആറ്റോമിക് എനർജി ഗവേഷണം, ബിസിനസ് മാനേജ്മെന്റ്, കാർഷിക ഗവേഷണം, വ്യവസായങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിലാണ് ഇന്ത്യ സ്ഥാപനങ്ങൾ പടുത്തുയർത്തിയതെന്ന് അവർ ചൂണ്ടിക്കാട്ടി.
ബഹുരാഷട്ര കോർപറേഷനുകളിൽ ഉയർന്ന സ്ഥാനങ്ങളിലാണ് ഇന്ത്യൻ വിദഗ്ധരും മാനേജർമാരും. കൂടാതെ അന്താരാഷ്ട്രതലത്തിൽ പരക്കെ അറിയപ്പെടുന്ന സയന്റിഫിക് പ്രോഗ്രാമുകളിൽ ഇന്ത്യക്കാർ ഗവേഷണം നടത്തുന്നു. ഇവയിൽ മിക്കതും, പരിമിതമായ വിഭവങ്ങൾ ഉണ്ടായിരുന്നിട്ടും നെഹ്റുവിന്റെ കാഴ്ചപ്പാടിന്റെ ഫലമായുണ്ടായ സംരംഭങ്ങളാണ്!
ചിലർക്ക് വിയോജിപ്പും വിമർശനവും ഉള്ളപ്പോഴും ഇന്ത്യക്ക് അഭിനന്ദനവും അന്താരാഷ്ട്ര പ്രശംസയും ഉണ്ട്. എല്ലാ രാജ്യത്തും സമൂഹത്തിലും വിയോജിപ്പുണ്ടാകും. എന്നാൽ, അത് ഒരിക്കലും പരിപാടികളെയും പദ്ധതികളെയും ബാധിക്കില്ല. ജീവിതരീതിയുടെ ഭാഗമായും അസ്തിത്വപരവും അതിജീവനപരവുമായ കാരണങ്ങളാലും ഒരു സ്വതന്ത്ര ജനാധിപത്യത്തിൽ ചിലർ അതു ചെയ്യുന്നു.
നെഹ്റുവിന്റെ സംഭാവനകൾ ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്. അദ്ദേഹത്തിന്റെ 60-ാം ചരമവാർഷികത്തിൽ നിരവധി എഴുത്തുകാരും ബുദ്ധിജീവികളും ഇന്ത്യക്കാരും അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നു. പതിവു വിയോജിപ്പുകാർക്കും പ്രഫഷണൽ എതിരാളികൾക്കും സ്വതന്ത്ര സമൂഹത്തിൽ സ്ഥാനമുണ്ട്!
——————————————————————————————
കടപ്പാട് : ദീപിക
——————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക