ഏക വ്യക്തി നിയമവും ഒന്നിച്ചുള്ള തിരഞ്ഞെടുപ്പും വരും :പ്രധാനമന്ത്രി

ന്യൂഡൽഹി : എൻ. ഡി. എ സർക്കാരിന്റെ അജണ്ടയിലുള്ള ഏറെ വിവാദപരമായ രണ്ട് നയങ്ങളായ ഏക വ്യക്തി നിയമവും ഒരുരാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിനിയമങ്ങൾ ചർച്ച ചെയ്യണമെന്ന് മോദി പറഞ്ഞു. വിവേചനപരമായ സാമുദായിക നിയമങ്ങൾ നിർത്തലാക്കി മതേതര സിവിൽ കോഡ് നടപ്പിലാക്കണം.

ഒരുരാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പിനെ പിന്തുണച്ച അദ്ദേഹം, രാഷ്ട്രം അതിനായി ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. അടിക്കടിയുള്ള തിരഞ്ഞെടുപ്പിൽ രാജ്യത്തെ സ്തംഭനാവസ്ഥയിൽ എത്തിക്കുന്നുവെന്നും പദ്ധതികളും സംരംഭങ്ങളും ഫലം കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെങ്കോട്ടയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് 6000 പേർ പ്രത്യേക അതിഥികളായി എത്തിയിരുന്നു.