തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മാററി മന്ത്രിയാവാൻ ശ്രമിക്കുന്ന എൻ സി പി യിലെ തോമസ് കെ തോമസ് കൂറുമാറാനായി ഇടതുമുന്നണിയിലെ ആൻ്റണി രാജു, കോവൂർ കുഞ്ഞുമോൻ എന്നീ എം എൽ എ മാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു എന്ന വാർത്ത വിവാദമാവുന്നു
ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും മുൻ ഗതാഗത മന്ത്രിയുമായ ആന്റണി രാജു, ആർഎസ്പി(എല്‍) നേതാവ് കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് ബിജെപി സഖ്യകക്ഷിയായ എൻ സി പി (അജിത് പവാർ)ല്‍ ചേരാനായി പണം വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം.
കുട്ടനാട് എംഎല്‍എയായ തോമസ് കെ തോമസിന് മന്ത്രിസഭാ പ്രവേശനത്തിന് വിലങ്ങുതടിയായതെന്ന് പറയുന്നൂ. ഈ നീക്കം മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വെളിപ്പെടുത്തിയെന്നാണ് വാർത്ത.
അതേസമയം, ആരോപണം പൂർണമായി നിഷേധിക്കുകയാണ് തോമസും കോവൂർ കുഞ്ഞുമോനും. എന്നാല്‍, ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിപ്പിച്ചെന്നും ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ടെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. തല്‍ക്കാലം കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്.
കഴിഞ്ഞതിനു മുൻപത്തെ നിയമസഭാ സമ്മേളനകാലത്ത് എംഎല്‍എമാരുടെ ലോബിയിലേക്കു വിളിച്ച് വാഗ്ദാനം നല്‍കിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചത്. മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എൻസിപിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ മുഖംതിരിച്ചതില്‍ തോമസ് നിരാശനായ സമയമായിരുന്നു അത്.
അജിത് പവാർ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും, 250 കോടി രൂപ ഇറക്കാൻ തയാറാണെന്നും തോമസ് പറഞ്ഞുവത്രെ. ആ പാർട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എല്‍ഡിഎഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതു വിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
അജിത് പവാറുമായി ഒരു ബന്ധവുമില്ല എന്നാണ് തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണം. ഇത് കുട്ടനാട് സീറ്റില്‍ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്