ക്ഷത്രിയൻ
കാലം 1991-1996. കരുണാകരൻ മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവായി ഇ.കെ.നായനാരും. സംസ്ഥാന സെക്രട്ടറിയായി ഇ.കെ.നായനാർ തിരഞ്ഞെടുക്കപ്പെട്ടതോടെ പാർട്ടി സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവുമായി.
സഭയ്ക്കകത്ത് പ്രതിപക്ഷ ബെഞ്ചിലെ മുൻനിര സീറ്റിൽ നിന്ന് നായനാർ രണ്ടാം നിരയിലേക്കും രണ്ടാം നിരയിൽ നിന്ന് അച്യുതാനന്ദൻ മുൻനിരയിലുമെത്തുന്നു.
പാർട്ടി സെക്രട്ടറി എന്ന നിലയിൽ എകെജി സെൻററിൽ നായനാരുടെ പത്രസമ്മേളനം. സ്വതസിദ്ധമായ രീതിയിൽ നായനാർ കത്തിക്കയറുന്നതിനിടെ മുൻനിര സീറ്റിലിരുന്ന ഒരു പത്രലേഖകൻ എന്തോ ചോദ്യമുന്നയിക്കുന്നു.
ചോദ്യം നായനാർക്ക് തീരെ രുചിച്ചില്ല. ഇഷ്ടപ്പെടാത്ത ചോദ്യമുന്നയിച്ച ലേഖകന് നേരെ രോഷത്തോടെയായി നായനാർ. ‘എന്ത് ചോദ്യാടോ നീ ചോദിക്കുന്നത്. നിനക്ക് വല്ല വിവരവുമുണ്ടോ. ഏതാടോ നിൻ്റെ കടലാസ്?’ ഉത്തരം മുട്ടുമ്പോൾ നായനാർ എന്നും സ്വീകരിക്കാറുള്ള നമ്പർ.
അത്രയും പറഞ്ഞതിന് ശേഷം നായനാർ ലേഖകന് ഒരുപദേശവും നൽകി. മുന്നിലിരുന്നാൽ പോര, വിവരവും വേണം, വിവരം! പത്രക്കാരുടെ കൂട്ടത്തിൽനിന്ന് ചന്ദ്രിക ലേഖകൻ എ.എം.ഹസ്സന് അപ്പോഴൊരു സംശയം.
‘സഖാവെ, മുന്നിലിരുന്നാൽ വിവരം വേണമെന്നത് നിയമസഭയിലും ബാധകമാണോ?’ ലോകത്ത് എല്ലായിടത്തും ബാധകമാണെടോ എന്നും പറഞ്ഞ് നായനാർ അടുത്ത വിഷയത്തിലേക്ക് കടക്കുമ്പോഴാണ് മറ്റൊരു ലേഖകൻ്റെ വക. സഖാവെ ആ പറഞ്ഞത് കാര്യമായിട്ടാണോ. നിയമസഭയിൽ ഇപ്പോൾ മുൻനിരയിലൊക്കെ ആൾ മാറിയിട്ടുണ്ട്.
താൻ പറഞ്ഞത് വി.എസിനെക്കുറിച്ചാണെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കുമെന്ന തിരിച്ചറിവിൽ നായനാർ, ചന്ദ്രിക ലേഖകന് നേരെ തിരിഞ്ഞു.
‘നിൻറെ കൊസ്രാക്കൊള്ളിയൊന്നും എന്നോട് വേണ്ടാ.. കേട്ടാ……’
(കണ്ണൂരുകാരായതിനാലാകാം ചന്ദ്രിക ലേഖകൻ എ.എം.ഹസ്സനോടും ജന്മഭൂമിയിലെ കെ.കുഞ്ഞിക്കണ്ണനോടും പ്രത്യേക വാത്സല്യമായിരുന്നുവത്രെ നായനാർക്ക്.)
ഇക്കഥ ഇപ്പോൾ ഓർക്കാൻ കാരണം കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് സ്വീകരിച്ച നിലപാടാണ്. പിൻബെഞ്ചിലിരിക്കുന്ന ജൂനിയർമാർക്കൊന്നും വഴങ്ങാൻ കിട്ടില്ലത്രെ മുൻബെഞ്ചിലിരിക്കുന്ന മന്ത്രിയെ. കേട്ടാൽ തോന്നും ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പം 1957 തൊട്ട് നിയമസഭയിലെത്തിയ സീനിയറിൽ സീനിയറാണ് ഈ രാജീവെന്ന്.
മുൻബെഞ്ചുകാരും പിൻബെഞ്ചുകാരും തമ്മിൽ സഭയിലെ അവകാശങ്ങളിൽ അണുമണിത്തൂക്കം വ്യത്യാസമുള്ളതായി സഭാചട്ടം പറയുന്നില്ല. ശാക്തർ ആൻഡ് കൗളിൻ്റെ വ്യാഖ്യാനങ്ങളിലും അങ്ങനെയൊരു അന്തരം കാണാൻ സാധിക്കില്ല.
രാജീവും രാഹുലും തമ്മിൽ സീനിയർ-ജൂനിയർ അന്തരമുള്ളതായി സാങ്കേതികമായും പറയാൻ പറ്റില്ല. രാജീവ് തിരഞ്ഞെടുക്കപ്പെട്ടതും രാഹുൽ തിരഞ്ഞെടുക്കപ്പെട്ടതും പതിനഞ്ചാം നിയമസഭയിലേക്കാണ്. പതിനഞ്ചാം നിയമസഭാ അംഗങ്ങളായാണ് രണ്ടുപേരും അറിയപ്പെടുക.
പി.രാജീവ് എത്രാമത് നിയമസഭയിൽ അംഗമായിരുന്നുവെന്ന് വരുംകാലത്ത് പി എസ് സി പരീക്ഷയിൽ ചോദ്യമുണ്ടായാൽ എഴുതേണ്ടത് പതിനഞ്ചാം നിയമസഭ എന്നാണ്. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചാണ് ചോദ്യമെങ്കിലും അത് തന്നെയാണ് ഉത്തരം.
രാജീവിൻറെ 15ന് സീനിയോറിറ്റിയും രാഹുലിൻറേതിന് ജൂനിയർ പദവിയും എന്നില്ല. നിയമസഭയിലെ ഇരിപ്പിടത്തിൻ്റെ കാര്യമാണെങ്കിൽ ഈ സഭയിൽ പുതുമുഖമായ രാജീവ് മന്ത്രിയായത് കൊണ്ടുമാത്രമാണ് ഒന്നാം നിരയിലെത്തിയത്.
അല്ലായിരുന്നുവെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചത് പോലെ പിൻനിരയിൽ തന്നെയാകുമായിരുന്നു സീറ്റ്. രണ്ടുപേരുകളും തുടങ്ങുന്ന ആദ്യാക്ഷരം ‘ആർ’ എന്നായതിനാൽ കോൺഗ്രസ് ബെഞ്ചിൽ രാഹുലിന് കിട്ടിയത് പോലെ ഒരിടത്തിൽ സിപിഎം ബെഞ്ചിൽ രാജീവുമുണ്ടാകുമായിരുന്നു.
എസ് എഫ് ഐ കളിച്ചും കൊച്ചിയിൽ ചില പദ്ധതികൾക്കെതിരെ പടനയിച്ചും വളരുന്നതിടയിൽ രാജ്യസഭയിൽ ഒരു ടേം ലഭിച്ചുവെന്നതാണ് രാജീവിൻ്റെ ജീവചരിത്രം. അവിടെ സാമാന്യം ഭേദപ്പെട്ട പ്രകടനമായിരുന്നുവെന്ന് പറയാതെവയ്യ.
കാലാവധി കഴിഞ്ഞിറങ്ങുമ്പോൾ ലഭിച്ച ആശംസാവചസ്സുകൾ അധികം പേർക്കൊന്നും ലഭിക്കാത്തവിധമായിരുന്നുവെന്നും വാർത്തയുണ്ടായിരുന്നു. ആരെയും മുഖത്ത് നോക്കി പ്രശംസിക്കരുതെന്നുണ്ട്.
ഒരാളെ ‘ബെടക്കാക്കാൻ’ അത്തരം പ്രശംസ മതിയത്രെ. രാജ്യസഭയിൽ നിന്നിറങ്ങുമ്പോൾ ബിജെപി മന്ത്രി അരുൺ ജെയ്റ്റ്ലി ഉൾപ്പെടെ നടത്തിയ പ്രകീർത്തനമാണ് രാജീവിനെ വഷളാക്കിയതെന്ന് കരുതുന്നതാകും ന്യായം.
അതിൻറെയൊക്കെ ഹാങ്ങോവർ ഇപ്പോഴും മാറിയിട്ടില്ലെന്നതിൻ്റെ അനന്തരഫലമായി കണ്ടാൽ മതി നിയമസഭയിലെ പ്രതികരണം. പിൽക്കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കണ്ടതുകൊണ്ടായിരിക്കണം മുന്നിൽ ഇരുന്നാൽ പോരാ. വിവരവും വേണമെന്ന് നായനാർ അന്നേ പറഞ്ഞുവച്ചത്.
Post Views: 169