December 18, 2024 1:23 pm

എന്തുകൊണ്ട് രക്തക്കറ അന്വേഷിച്ചില്ല.. ?

കൊച്ചി: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് സംശയമെന്ന്  ഭാര്യ  മഞ്ജുഷ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ല. കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹർജിക്കാരി കോടതിയെ അറിയിച്ചു.

”55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ചെറിയ കനമുള്ള കയറിൽ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. പോസ്റ്റ് മോർട്ടം ശരിയായ വിധത്തിൽ നടന്നിട്ടില്ല. പോസ്റ്റുമോർട്ടത്തിൽ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു”. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീൻ ബാബു പറഞ്ഞതായുളള കണ്ണൂർ ജില്ല കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹർജിക്കാരി ആരോപിച്ചു. കളക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടില്ലെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. ഇതു പരിശോധിച്ചാൽ തന്നെ നവീൻ ബാബു കളക്ടറെ ഈ യോഗത്തിനുശേഷം കളക്ടറെ പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നു.

”ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന എ ഡി എമ്മിൻ്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിക്കുന്നത്. ഇപ്പോഴും തെളിവുകൾ കെട്ടിച്ചമയ്ക്കുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കേസ് സിബിഐക്ക് വിടണം.

പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും നവീൻ ബാബുവിനെ കുടുംബത്തിന്റെ ആശങ്കയും കോടതി പരിഗണിക്കണം. കേരളാ പോലീസിനെ വില കുറച്ച് കാണുന്നില്ല. പക്ഷേ രാഷ്ട്രീയ സമ്മർദമൊഴിച്ചാൽ കേരള പൊലീസിനെ കുറിച്ച് മോശം അഭിപ്രായമില്ല. സിബിഐ യ്ക്ക് മികച്ച രീതിയിൽ അന്വേഷിക്കാൻ സംവിധാനമുണ്ടെന്നും ഹർജിക്കാരി ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News