April 21, 2025 11:22 am

എ ഐ മൂത്താൽ സോഷ്യലിസം: നിലപാട് തിരുത്തി ഗോവിന്ദൻ

തൊടുപുഴ: ആർടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എന്ന നിർമിത ബുദ്ധി സാങ്കേതിക വിദ്യ വളരുന്ന സാഹചര്യത്തിൽ മാർക്സിസത്തിന് കാര്യമായ പ്രസക്തിയുണ്ടെന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത് തിരുത്തി സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

എ ഐ മൂത്താൽ സോഷ്യലിസത്തിലേക്കെന്നു പറഞ്ഞതിൽ മലക്കംമറിയുകയായിരുന്നു അദ്ദേഹം.എഐ വരുന്നതോടെ 60 ശതമാനം തൊഴിലില്ലായ്മ രൂക്ഷമാവും. ഇതിനെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഇന്നല്ലെങ്കിൽ നാളെ പ്രതികരിക്കും. അതു വിപ്ലവത്തിലേക്കു വഴി തെളിക്കുമെന്നും സംസ്ഥാന ഗോവിന്ദൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിശദീകരിച്ചു.

അഞ്ചു ശതമാനം തൊഴിലില്ലായ്മ തന്നെ ഇപ്പോൾ താങ്ങാനാകുന്നില്ല. അപ്പോൾ 60 ശതമാനം തൊഴിലില്ലായ്മ വന്നാലോ? വാങ്ങൽ‌ ശേഷി ഇല്ലാതാകും. ഉപജീവനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതാവും. അങ്ങനെയൊരു സാഹചര്യത്തിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥയെ വർഗസമരത്തിലൂടെ മാറ്റാതെ ഒരു രാജ്യത്തിനും മുന്നോട്ടുപോകാൻ സാധിക്കാതെ വരും. അത് സോഷ്യലിസത്തിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ ഐ സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് ചൂഷണത്തിന് വഴിവെക്കു. സമ്പത്ത് മുതലാളിത്ത രാജ്യങ്ങളില്‍ കുന്നുകൂടും. ഉദാഹരണമായി പറഞ്ഞാല്‍ കേരളത്തില്‍ സമ്പത്തിന്റെ 87 ശതമാനം പത്ത് ശതമാനത്തിന്റെ കൈയിലാണ്. അന്‍പത് ശതമാനം ജനങ്ങളുടെ കൈയിലുള്ള സമ്പത്ത് മൂന്ന് ശതമാനമാണ്. ഇങ്ങനെ വരുമ്പോള്‍ എഐ മുഴുവന്‍ വരിക സമ്പത്തുള്ളവരുടെ ഇടയിലായിരിക്കും. അതിന്റെ ഭാഗമായി തൊഴിലില്ലായ്മയും വാങ്ങല്‍ ശേഷി പൂര്‍ണമായി ഇല്ലാതാകുകയും ചെയ്യും. അങ്ങനെയാകുമ്പോള്‍ സ്ഥിതി സ്‌ഫോടാനാത്മകമായിരിക്കും.

ജോര്‍ജ് കുര്യനടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ കേരളത്തിന് എതിരാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. കേരളം നേടിയ ആനൂകുല്യങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും ഇല്ലെങ്കില്‍ ഇവര്‍ കേരളത്തിന് ഒരുചില്ലിക്കാശുപോലും തരില്ല.

ജോര്‍ജ് കുര്യനും ആര്‍എസ്എസുകാരും, ബിജെപിക്കാരും കേന്ദ്രമന്ത്രിമാരുമെല്ലാം കേരളത്തിനെതിരാണ്, കേരളത്തിന് വിരുദ്ധമായ നിലപാടാണ് അവര്‍ സ്വീകരിച്ചുവരുന്നത്. ഇവിടെ ദാരിദ്ര്യം വേണം, പട്ടിണി വേണം. ആ പട്ടിണിയിലേക്ക് കേരളത്തെ നയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ആനൂകൂല്യം തരില്ലെന്നാണ് പറയുന്നത്. അങ്ങനെ ഒരു ആനുകൂല്യം കേരളത്തിന് വേണ്ട. മാര്‍ക്‌സിസ്റ്റോ, കോണ്‍ഗ്രസോ, ബിജെപിയോ, ലീഗോ എന്നതല്ല പ്രശ്‌നം.കേരളം നേടിയെടുത്ത ആനൂകൂല്യങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

സാമ്പത്തിക പ്രതിരോധം മാത്രമല്ല ആശയതലത്തിലും അതുതന്നെയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറഞ്ഞതുപോലെ കേന്ദ്രം ചില്ലിക്കാശ് തന്നില്ലെങ്കിലും കേരളം കേരളത്തിന്റെ സ്വന്തം കാലില്‍ നിന്നുകൊണ്ട് എല്ലാ പദ്ധതികളും ജനക്ഷേമപരമായി മുന്നോട്ടുകൊണ്ടുപോകും.

കിഫ്ബി റോഡില്‍ ടോള്‍ പിരിവില്‍ അന്തിമ തീരുമാനമായിട്ടില്ല. അത് സംബന്ധിച്ച് ആലോചിക്കും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുകൂലമായ സമീപനം സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ ടാക്‌സ് എല്ലാം ജിഎസ്ടി എന്നുപറഞ്ഞ് അവര്‍ കൊണ്ടുപോകുകയാണ്. കിഫ്ബി വികസനത്തിനായി കടംവാങ്ങി പദ്ധതി ആസൂത്രണം ചെയ്ത് മുന്നോട്ടുപോകുകയാണ്.

അതിന്റെ ഭാഗമായി എന്തൊക്കെയാണ് വേണ്ടിവരിക എന്നത് അവരുമായി ആലോചിച്ച് തീരുമാനിക്കും. ബ്രുവെറിയില്‍കര്‍ണാടകത്തിലെ സ്പിരിറ്റ് നേതാക്കള്‍ക്ക് നഷ്ടം വരുമോ എന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്കയെന്നും ഇവിടുത്തെ ജനങ്ങളുടെ ഒരു തുള്ളി കുടിവെള്ളം ഇതിനായി ഉപയോഗിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

സിനിമ നടനും സി പി എം എം എൽ എ യുമായ മുകേഷിന്റെ കാര്യം കോടതിയലാണ് ഉള്ളത്. അതിനെക്കുറിച്ച് എപ്പോഴും പ്രത്യേകിച്ച് പറയേണ്ടതുണ്ടോ?. കോടതി വിധി വരുമ്പോള്‍ ഇനി അതിനെക്കുറിച്ച് പറയും.ലൈംഗിക പീഡന കേസ് എടുത്താല്‍ കുറ്റപത്രം കൊടുക്കുക സ്വാഭാവികമാണ്. ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ രാജിവച്ചാല്‍ പിന്നെ എംഎല്‍എ സ്ഥാനം തിരിച്ചുകിട്ടുമോയെന്നും ഗോവിന്ദന്‍ ചോദിച്ചു.

കോടിയേരി ബാലകൃഷ്ണനെതിരായി ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ നടത്തിയ പരാമര്‍ശം ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതുല്യ സംഭാവന നല്‍കിയ നേതാവിനെയാണ് അവര്‍ അധിക്ഷേപിക്കുന്നത്. മഹാത്മാഗാന്ധിയല്ല സവര്‍ക്കാണ് യഥാര്‍ഥ സ്വാതന്ത്ര്യസമരസേനാനി എന്നുപറയുന്ന ആര്‍എസ്എസുകാരില്‍ നിന്ന് മറ്റെന്താണ് പ്രതിക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

One Response

  1. കുറെ നാളുകളായി വർഗസമരം സോഷ്യലിസം തെഴിലാളി വർഗം ഇതൊക്ക കേട്ടിട്ടും വായിച്ചിട്ടും.
    കോൾമയിർകൊണ്ട് ഒരു ഉന്മേഷം വന്നതുപോലെ. നിർമിത ബുദ്ധി യ്ക്കു വേണ്ടി പണിതവർക്കും സമരത്തിനൊരുങ്ങി നിൽക്കുന്ന പാർട്ടി സെക്രട്ടറിക്കും അഭിവാദ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News