മുത്തലാഖ് ;പാവങ്ങളായ പുരുഷന്മാരെ ശിക്ഷിക്കുന്നു

In Featured, Special Story
October 05, 2023

കൊച്ചി :മുത്തലാഖിനെ ന്യായീകരിച്ച് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. തലാഖ് ചൊല്ലിയാൽ പിടികൂടി ജയിലിലടക്കുമെന്ന നിയമം മോദി ഉണ്ടാക്കിയിട്ടുണ്ട്. മുത്തലാഖ് നിയമം പാവങ്ങളായ പുരുഷന്മാരെ ശിക്ഷിക്കുന്നതാണെന്നും എംഎസ്എഫ് നേതാവ് വാദിച്ചു. വീടുകളിലിപ്പോൾ തലാഖ് ചൊല്ലാൻ കഴിയുന്നില്ലെന്നും ഭാര്യയ്‌ക്ക് നഷ്ടപരിഹാരം നൽകേണ്ടുന്ന അവസ്ഥയാണിപ്പോഴെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കവേ ആണ് ഫാത്തിമ തഹ്‌ലിയ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘മുത്തലാഖ് ഒരൊറ്റ വാക്കിൽ തീരുന്നതല്ല. അതിന് ഒരുപാട് ആഴങ്ങളുണ്ട്. മുസ്ലീം സ്ത്രീയുടെ വിവാഹവും വിവാഹ മോചനവും ഒരു വാക്കിലോ രണ്ടു വാക്കുള്ള കഥയിലോ പറഞ്ഞു തീർക്കാനുള്ള ഒന്നല്ല. തലാഖ് കൊണ്ട് നരേന്ദ്രമോദി ഉണ്ടാക്കി വച്ചിരിക്കുന്നത് ഒരു വിനയാണ്. “മുത്തലാഖ് നിയമം ഇന്ത്യയിൽ കൊണ്ടുവന്നിട്ട് അത് ശിക്ഷിച്ചിരിക്കുന്നത് ഞങ്ങളുടെ പാവങ്ങളായിട്ടുള്ള പുരുഷന്മാരെയാണ്. വീട്ടിൽ തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിടാൻ പറ്റുന്ന പാകത്തിലാണ് നരേന്ദ്രമോദി നിയമം ഉണ്ടാക്കി വച്ചിട്ടുള്ളത് ’.

‘നിയമത്തിൽ പറയുന്നത് നഷ്ട പരിഹാരം നൽകണമെന്നാണ്. അകത്തിരിക്കുന്ന ഭർത്താവ് ഭാര്യക്ക് നഷ്ട പരിഹാരം കൊടുക്കണമെന്ന്. നഷ്‌ട പരിഹാരം കൊടുത്ത്, ജയിലിൽ കിടക്കുന്ന ഭർത്താവ് തിരിച്ച് വീട്ടിൽ വന്നാൽ എങ്ങനെയായിരിക്കും ഭാര്യയോട് പെരുമാറുക. വളരെ സുതാര്യമായി നടന്നു പോകുന്ന കുടുംബങ്ങളെ ഇല്ലാതാക്കുകയാണ് മുത്തലാഖ് നിയമം. വിവാഹത്തിന്റെ കാര്യത്തിലും വിവാഹ പ്രായത്തിന്റെ കാര്യത്തിലും ഏതൊക്കെ തരത്തിലുള്ള നിയമങ്ങളാണ് ഇവർ കൊണ്ടുവരുന്നത്’- ഫാത്തിമ തഹ്‌ലിയ പറഞ്ഞു.