തലസ്ഥാനത്തെ മുതലാളിക്ക് അടുക്കളയിൽ വരെ സ്വാധീനം !

In Featured, Special Story
July 01, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തോട് വിശദീകരണം ആവശ്യപ്പെട്ട് സിപിഎം.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ ആദ്യദിനമാണ്  കമ്മിറ്റിയംഗമായ കരമന ഹരി തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. തുടർന്ന് മേൽകമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എം.സ്വരാജ് ആ മുതലാളിയുടെ പേര് പറയണമെന്നും വെറുതെ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു.

എന്നാൽ കരമന ഹരി മറുപടി നൽകിയില്ല.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിയ്‌ക്കും സിപിഎം നേതാക്കൾക്കുമെതിരെ ശക്തമായ വിമർശനം ഉണ്ടായത്. തുടർന്നാണ് ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും വിശദീകരണം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി, മന്ത്രി പി.എ മുഹമ്മദ് റിയാസ്, സ്‌പീക്കർ എ.എൻ ഷംസീർ എന്നിവർക്കെതിരെ ജില്ലാ കമ്മിറ്റിയിൽ വലിയ വിമർശനമാണ് ഉണ്ടായത്. ഇന്നലത്തെ കമ്മിറ്റിയിൽ കരമന ഹരി പങ്കെടുത്തില്ല.

തലസ്ഥാനത്തെ ഫാർമസ്യൂട്ടിക്കൽ വ്യവസായിയുമായി എ.എൻ ഷംസീറിന് ബിസിനസ് ബന്ധമുണ്ടെന്ന് ചില ജില്ലാ കമ്മിറ്റിയംഗങ്ങൾ ആരോപിച്ചു. പാർട്ടിപ്രവർത്തകർക്ക് കടന്നുചെല്ലാൻ കഴിയാത്തിടത്ത് ഷംസീറിന് എന്ത് ബന്ധമെന്നും ചിലർ ചോദിച്ചു. പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് രീതിയിലല്ല എന്ന ചില അംഗങ്ങളുടെ ആരോപണത്തിന് ജില്ലാ സെക്രട്ടറി നൽകിയ മറുപടിയും ബഹളത്തിന് ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ. നഗരസഭയുടെ പ്രവർത്തനവും മേയറുടെ ശൈലിയും കമ്മിറ്റിയിൽ വിമർശനത്തിന് ഇടയാക്കി.