സതീഷ് കുമാർ വിശാഖപട്ടണം
കേശവദേവിന്റെ 1965-ൽ പുറത്തിറങ്ങിയ “ഓടയിൽനിന്ന് “എന്ന ചലച്ചിത്രം പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ.
ചിത്രത്തിലെ ആദ്യ രംഗം ആരംഭിക്കുന്നത് നാട്ടിൻപുറത്തെ ഒരു പള്ളിക്കൂടത്തിൽ നിന്നാണ്. ക്ലാസിലെത്തിയ അധ്യാപകൻ ബഹളമുണ്ടാക്കുന്ന കുട്ടികളിൽ നിന്നും പപ്പുവിനെ പുറത്താക്കി മറ്റുള്ളവരെ ശാസിക്കുന്നതിനിടയിൽ നാട്ടിലെ ജന്മിയുടെ മകനെ ഭയഭക്തിബഹുമാനത്തോടെ എടുത്ത് മേശപ്പുറത്തിരുത്തുന്ന ഒരു രംഗമുണ്ട്.
അധ്യാപകനായി അഭിനയിച്ച മുതുകുളം രാഘവൻപിള്ള എന്ന അക്കാലത്തെ സകലകലാവല്ലഭൻ എടുത്തു മേശപ്പുറത്തുരുത്തിയ ആ കുട്ടിയാണ് ഇന്ന് കേരളത്തിലെ വാർത്താതാരമായി നിറഞ്ഞുനിൽക്കുന്ന സുരേഷ് ഗോപി എന്ന പ്രശസ്ത നടൻ.
പൂർണ്ണമായും ശരിയാണോ എന്നറിയില്ല ആ വർഷം തന്നെ പുറത്തിറങ്ങിയ “കാട്ടുപൂക്കൾ ” എന്ന ചിത്രത്തിലെ
“കാട്ടുപൂക്കൾ ഞങ്ങൾ
കാട്ടു പൂക്കൾ …..”
എന്ന ഗാനരംഗത്തിലും മാസ്റ്റർ സുരേഷ് അഭിനയിച്ചിട്ടുണ്ടത്രെ.
മലയാളത്തിൽ പ്രശസ്തരായി തീർന്ന പല കലാകാരന്മാരുടെയും തുടക്കം സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. സുരേഷ് ഗോപിയുടെ
ഊഴവും തെറ്റിയില്ല. 1986-ൽ പുറത്തിറങ്ങിയ ” ടി പി ബാലഗോപാലൻ
എം എ ” എന്ന മോഹൻലാൽ ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് സുരേഷ് ഗോപി മലയാളികൾക്ക് സുപരിചിതനാകുന്നത്. പിന്നീട് ഏതാനും സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ .
1986 -ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത “രാജാവിന്റെ മകൻ ” എന്ന ചിത്രത്തിലെ ഉപനായക വേഷത്തിലൂടെ സുരേഷ് ഗോപിയുടെ സാന്നിധ്യം മലയാളക്കര തിരിച്ചറിയാൻ തുടങ്ങി.
രഞ്ജി പണിക്കർ – ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തലസ്ഥാനത്തിലൂടെ നായക വേഷത്തിൽ എത്തിയെങ്കിലും ഇതേ കൂട്ടുകെട്ടിൽ പിറന്ന “ഏകലവ്യൻ” സുരേഷ് ഗോപിയ്ക്ക് താര പരിവേഷം നൽകി.
തൊട്ടടുത്ത വർഷം പുറത്തുവന്ന “കമ്മീഷണർ ” റെക്കോർഡുകൾ തകർത്തു മുന്നേറിയതോടെ മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം സൂപ്പർസ്റ്റാർ പദവിയിലേക്ക് മാധ്യമങ്ങൾ ഈ നടനെ ഉയർത്തിക്കാട്ടി. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി വൻ വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു കമ്മീഷണർ .
തെലുഗു ഭാഷയിൽ ഈ ചിത്രം 200 ദിവസമാണ് തകർത്തോടിയത്. ഹൈദരാബാദ് ,വിജയവാഡ, വിശാഖപട്ടണം നഗരങ്ങളിൽ പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ച് ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറിയ ഡി ടി നായിക് എന്ന യഥാർത്ഥ പോലീസ് കമ്മീഷണറുടെ കഥയാണിതെന്ന് ആന്ധ്രപ്രദേശിൽ ഒരു വാർത്ത പരന്നതിനാൽ തെലുഗു നാട്ടിൽ ചിത്രം വൻ പ്രദർശന വിജയം നേടിയെടുക്കുകയും സുരേഷ് ഗോപി തെലുങ്കരുടെ ഇഷ്ട താരമായി മാറുകയും ചെയ്തു.
അതിനെ തുടർന്ന് സുരേഷ് ഗോപി നായകനായി അഭിനയിച്ച ഒട്ടേറെ മലയാളചിത്രങ്ങൾ തെലുഗു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി വിജയം കൈവരിക്കുകയുണ്ടായി.
അനീതിക്കും അഴിമതിക്കും എതിരെ പോരാടുന്ന സത്യസന്ധനായ പോലീസ് ഓഫീസറായി ഒട്ടേറെ ചിത്രങ്ങളിൽ നിറഞ്ഞുനിന്ന സുരേഷ് ഗോപിയ്ക്ക് വ്യത്യസ്തമായ ഒരു കഥാപാത്രം നൽകുന്നത് സംവിധായകൻ ജയരാജ് ആണ്.
ഷേക്സ്പിയറിന്റെ വിശ്വപ്രസിദ്ധമായ “ഒഥല്ലോ “എന്ന വിഖ്യാതനാടകത്തെ ആസ്പദമാക്കി ജയരാജ് ഒരുക്കിയ “കളിയാട്ടം “എന്ന ചിത്രത്തിലെ കണ്ണൻ പെരുമലയനെ അവതരിപ്പിച്ചതിലൂടെ സുരേഷ് ഗോപിക്ക് അക്കൊല്ലത്തെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരവും കേരള ഗവൺമെന്റിന്റെ സംസ്ഥാന പുരസ്ക്കാരവും ലഭിക്കുകയുണ്ടായി.
ഹരിഹരൻ സംവിധാനം ചെയ്ത “ഒരു വടക്കൻ വീരഗാഥ” യിലെ ആരോമൽ ചേകവരും സുരേഷ് ഗോപിയുടെ അഭിനയത്തിലെ എടുത്തുപറയത്തക്ക ഒരു കഥാപാത്രമായിരുന്നു.
അമിതാബ് ബച്ചൻ എന്ന നടൻ്റെ നിറസാന്നിധ്യത്തിലൂടെ ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ “കോൻ ബനേഗാ കരോട്പതി ” എന്ന ജനപ്രിയ പരിപാടി മലയാളത്തിൽ ഏഷ്യാനെറ്റ് അവതരിപ്പിക്കാൻ ആലോചിച്ചപ്പോൾ അവരെ ആശങ്കയിലാക്കിയത് ഈ പരിപാടിക്ക് പറ്റിയ ഒരു അവതാരകനെ കണ്ടെത്തുക എന്നതായിരുന്നു.
എന്നാൽ ചാനലിനെ പോലും അമ്പരപ്പിച്ചുകൊണ്ട് സുരേഷ് ഗോപി ഈ പരിപാടിയിൽ നടത്തിയ പ്രകടനം വിസ്മയാവഹമായിരുന്നു . ഒരുപക്ഷേ മലയാളത്തിൽ സിനിമയിലും ടിവിയിലും ഒരുപോലെ ശോഭിക്കാൻ കഴിഞ്ഞ ആദ്യത്തെ നടനും സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്ന് തോന്നുന്നു .
ഞാൻ കോടീശ്വരനിലെ അവതാരക വേഷത്തിലൂടെയായിരിക്കണം നിന്ദിതരും പീഡിതരും ദുഃഖഭാരം ചുമക്കുന്നവരുമായ ഒരു ജനവിഭാഗത്തിന്റെ ദുരന്ത ജീവിതങ്ങളിലേക്ക് ഈ നടൻ നടന്നെത്തുന്നത് .
സകല സുഖഭോഗങ്ങളുടെയും ശീതളച്ഛായയിൽ ജീവിക്കാവുന്ന ഈ മനുഷ്യൻ പിന്നീട് ഒരു
ജീവകാരുണ്യ പ്രവർത്തകനായി മാറുന്ന അത്ഭുതകരമായ കാഴ്ചയാണ് കേരളത്തിന് കാണാൻ കഴിഞ്ഞത്. പാർശ്വവൽക്കരിക്കപ്പെട്ട ഒട്ടേറെ ജീവിതങ്ങൾക്ക് ഈ കലാകാരൻ ഒരു സ്വാന്തനമായി മാറി.
ഒരുപക്ഷേ ഇതാകും നടനായ സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായി മാറ്റിയതെന്ന് തോന്നുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനസേവകരും സത്യസന്ധരുമായ രാഷ്ട്രീയ നേതാക്കളെ മനസ്സറിഞ്ഞ് ആദരിക്കാനും ബഹുമാനിക്കാനും അദ്ദേഹം തയ്യാറായി .
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ “തൃശ്ശൂർ ഞാനങ്ങ് എടുക്കുവാ…..”എന്ന കൊല്ലം ശൈലിയിൽ അദ്ദേഹം നടത്തിയ പ്രസ്താവന പിന്നീട് രാഷ്ട്രീയ കേരളത്തിനും ട്രോളർമാർക്കും പഞ്ച് ഡയലോഗായി മാറി.
നല്ലൊരു ഗായകൻ കൂടിയാണ് ഇപ്പോൾ രാഷ്ട്രീയക്കാരനായ ഈ നടൻ. പോലീസ് വേഷങ്ങളിലും കുറ്റാന്വേഷണവേഷങ്ങളിലും നിറഞ്ഞുനിന്നതിനാലാകണം മറ്റു നടന്മാരെ അപേക്ഷിച്ച് സുരേഷ് ഗോപിക്ക് ഗാനരംഗങ്ങൾ കുറഞ്ഞുപോയത് . എങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ ഗാനങ്ങൾ ഈ നടനിലൂടെ സംഗീത പ്രേമികൾക്ക് ലഭിച്ചിട്ടുണ്ട്.
“വേളിക്കു വെളുപ്പാൻ കാലം താലിയ്ക്ക് കുരുത്തോല…..” (കളിയാട്ടം)
“കണ്ണാടിക്കൂടും കൂട്ടി
കണ്ണെഴുതി പൊട്ടും തൊട്ട് …”
( പ്രണയവർണ്ണങ്ങൾ )
“നീലാഞ്ജനപ്പൂവിൻ താരാട്ടൂഞ്ഞാലിൽ… “
(പൈതൃകം)
“തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറങ്കടി … “
(രഥോത്സവം )
“മറന്നിട്ടുമെന്തിനോ
മനസ്സിൽ തുളുമ്പുന്നു..”
(രണ്ടാംഭാവം)
“മണിമുറ്റത്താവണിത്തെന്നൽ. ” (ഡ്രീംസ് )
” വരമഞ്ഞളാടിയ
രാവിൻ്റെ മാറിൽ …..”
(പ്രണയവർണ്ണങ്ങൾ)
“കുന്നിമണിക്കൂട്ടിൽ
കുറുങ്ങികൊണ്ടാടും …”
(സമ്മർ ഇൻ ബത് ല ഹേം)
“മലരമ്പൻ തഴുകുന്ന
കിളിമകളേ……”
( ചുക്കാൻ )
“മുകിലിൻ മകളേ…”
( മകൾക്ക് )
“തങ്കമനസ്സിൻ
പീലിക്കടവിലെ ..”
(സുന്ദര പുരുഷൻ)
“എന്നോടെന്തിനീ പിണക്കം…”
(കളിയാട്ടം )
എന്നിവ ചിലതു മാത്രം…
2024-ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വാർത്തയിൽ നിറഞ്ഞുനിന്നത് സുരേഷ് ഗോപിയായിരുന്നു. പുതിയ കേന്ദ്രമന്ത്രിസഭയിൽ സുരേഷ് ഗോപി ഉണ്ടാകുമെന്നാണ് കേരളം ഉറച്ചു വിശ്വസിക്കുന്നത്.
അങ്ങനെയാണെങ്കിൽ കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയാകുന്ന ആദ്യത്തെ ചലച്ചിത്രകാരനായിരിക്കും സുരേഷ് ഗോപി .രാഷ്ട്രീയ വീക്ഷണങ്ങൾക്ക് അതീതമായി കേരളത്തിൻ്റെ വികസനത്തിന് സുരേഷ് ഗോപിക്ക് വലിയ സംഭാവനകൾ ചെയ്യാൻ കഴിയുമെന്നാണ് ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക