സതീഷ് കുമാർ വിശാഖപട്ടണം
എഴുപതുകളിൽ മലയാള സിനിമയ്ക്ക് ചില പ്രത്യേക സമവാക്യങ്ങൾ ഉണ്ടായിരുന്നു.
പകലന്തിയോളം പണിയെടുത്ത് മനസ്സും ശരീരവും ക്ഷീണിച്ചു വരുന്നവരെ
തൃപ്തിപ്പെടുത്തുന്ന തരത്തിൽ രണ്ടരമണിക്കൂർ മാനസികോല്ലാസം നൽകുന്നതായിരിക്കണം സിനിമ എന്ന് ചിന്തിച്ചവരായിരുന്നു അന്ന് കൂടുതലും .
പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ മൂന്നോ സ്റ്റണ്ടും അല്പം പ്രണയവും കണ്ണുനീരും എല്ലാം കൂട്ടിച്ചേർത്ത് പ്രേക്ഷകരെ പരമാവധി സന്തോഷിപ്പിക്കുവാൻ അക്കാലത്തെ നിർമ്മാതാക്കളും സംവിധായകരും പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ?
കുറ്റം പറയരുതല്ലോ കച്ചവടസിനിമയുടെ ഈ മസാലക്കൂട്ടുകൾ കൃത്യമായി ചേർത്തുവെച്ച ഇത്തരം ചില സിനിമകൾ നൂറും നൂറ്റമ്പതും ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ചു വമ്പൻ വിജയങ്ങൾ കരസ്ഥമാക്കിയ ചരിത്രമുണ്ട് .
അത്തരം ഒരു ചിത്രമായിരുന്നു എം എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ
വി എം ചാണ്ടി നിർമ്മിച്ച “പിക്നിക്ക് “എന്ന വർണ്ണചിത്രം . എസ് എൽ പുരം സദാനന്ദൻ്റെ തിരക്കഥയിൽ ശശികുമാർ സംവിധാനംചെയ്ത ഈ ചിത്രത്തിൽ പ്രേംനസീർ , ലക്ഷ്മി ,അടൂർ ഭാസി , ബഹദൂർ ,ശ്രീലത, സോമൻ , ജോസ് പ്രകാശ് തുടങ്ങിയ പ്രശസ്ത താരങ്ങളെല്ലാം അണിനിരന്ന “പിക്നിക്ക് ” പ്രദർശനരംഗത്ത് വൻ വിജയമാണ് കരസ്ഥമാക്കിയത് .
ശ്രീകുമാരൻ തമ്പി , അർജ്ജുനൻ ടീമിൻ്റെ അതിമനോഹരമായ ഗാനങ്ങൾ ആയിരുന്നു ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണം . നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർ അത്യധികം ആവേശത്തോടെ പാടിനടക്കുന്ന
“കസ്തൂരി മണക്കുന്നല്ലോ
കാറ്റേ നീ വരുമ്പോൾ … “
(യേശുദാസ്)
https://youtu.be/92drtuYl06c?t=5
“വാൽക്കണ്ണെഴുതി
വനപുഷ്പം ചൂടി
വൈശാഖ രാത്രിയൊരുങ്ങി …”
( യേശുദാസ് ,വാണിജയറാം )
“ചന്ദ്രക്കല മാനത്ത്
ചന്ദന നദി താഴത്ത് ..”.(യേശുദാസ് )
“ശില്പികൾ നമ്മൾ
ഭാരതശില്പികൾ നമ്മൾ
ഉണരും നവയുഗ
വസന്തവാടിയിൽ വിടർന്ന പുഷ്പങ്ങൾ ..”
( ജയചന്ദ്രനും സംഘവും )
“കുടു കുടു പാടി വരും
കുറുമ്പുകാരികളേ ..”.( ജയചന്ദ്രൻ, മാധുരി )
“ഓടിപ്പോകും വസന്തകാലമേ …”
( യേശുദാസ് )
https://youtu.be/T74Fkgg-ZG0?t=11
എന്നിവയെല്ലാമായിരുന്നു പിക്നിക്കിലെ ഭാവസുന്ദര ഗാനങ്ങൾ .
2011-ൽ പുറത്തിറങ്ങിയ ” നായിക ” എന്ന ചിത്രത്തിൽ“കസ്തൂരി മണക്കുന്നല്ലോ കാറ്റേ ….” എന്ന ഗാനം റീമിക്സ് ചെയ്ത് പ്രദർശിപ്പിച്ചതിൽ നിന്നു തന്നെ പിക്നിക്കിലെ ഗാനങ്ങളുടെ പ്രസക്തി ഊഹിക്കാവുന്നതാണല്ലോ.
1975 ഏപ്രിലിൽ 11-ന് തീയേറ്ററുകളിലെത്തിയ “പിക്നിക് “എന്ന ചിത്രത്തിൻ്റെ ഗോൾഡൻ
ജൂബിലിയാണിന്ന് .
വാൽക്കണ്ണെഴുതി വനപുഷ്പവും ചൂടി , കസ്തൂരി മണക്കുന്ന ഗാനങ്ങളുമായി വന്ന ഈ സംഗീതചിത്രം ഓടിപ്പോയ ഒരു വസന്തകാലത്തിൻ്റെ മധുരം ചൂടി നിന്ന പുഷ്പവാടിയായിരുന്നുവെന്ന് നിസ്സംശയം പറയാം .
————————————————————————–
(സതീഷ് കുമാർ : 9030758774)
സന്ദര്‍ശിക്കുക