സതീഷ് കുമാർ വിശാഖപട്ടണം
അടുത്തിടെ മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചപ്പോൾ കേരളത്തിൽ
അങ്ങോളമിങ്ങോളം നടന്ന അനുസ്മരണയോഗങ്ങളിലെല്ലാം മുഴങ്ങിക്കേട്ട ഒരു പാട്ടായിരുന്നു, ലിസ ബേബി സംവിധാനം ചെയ്ത “അനുപല്ലവി “എന്ന ചിത്രത്തിലെ
“ആയിരം മാതളപ്പൂക്കൾ
ആതിരേ നിൻ മിഴിത്തുമ്പിൽ
മന്ദഹാസത്തേനൊലിച്ചുണ്ടിൽ
മയങ്ങും ചുംബനക്കനികൾ..”
എന്ന ജയചന്ദ്രഗീതിക .
https://youtu.be/byMysxSi3f0?t=6
ഈ ഗാനം ആയിരം മാതള പൂക്കളുടെ വർണ്ണഭംഗിയോടെ സംഗീതപ്രേമികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ..?
ചിത്രത്തിലെ മറ്റൊരു ഗാനവും സംഗീതപ്രേമികളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല.
“എൻ സ്വരം പൂവിടും ഗാനമേ ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ …..”
https://youtu.be/iCNhxZ-edAg?t=9
ഈ രണ്ടു ഗാനരംഗങ്ങളിലും തിളങ്ങി നിന്നത് അക്കാലത്തെ പ്രണയ നായകൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു നടനായിരുന്നു …രവികുമാർ .
മലയാള സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളറിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലത്താണ“ഇന്നലെ ഇന്ന് ” എന്ന ചലച്ചിത്രം പുറത്തിറങ്ങുന്നത്.
പ്രേംനസീർ ,ഷീല ,സോമൻ, വിധുബാല തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിച്ചെങ്കിലും ഈ സിനിമ ഇന്നും ഓർമ്മിക്കപ്പെടുന്നത് രവികുമാർ പകർന്നാട്ടം നടത്തിയ ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ ദൃശ്യചാരുതയിലൂടെയാണ് .
ബിച്ചു തിരുമല എഴുതി ദേവരാജൻ സംഗീതം പകർന്ന് യേശുദാസ് പാടിയ ആ ഗാനം നഷ്ടപ്രണയത്തിൻ്റെ തപ്തനിശ്വാസങ്ങളിൽ ഉരുകിയൊലിച്ച ഒരു കാമുക ഹൃദയത്തിൻ്റെതായിരുന്നു.
“പ്രണയസരോവരതീരം പണ്ടൊരു
പ്രദോഷസന്ധ്യാനേരം
പ്രകാശവലയമണിഞ്ഞൊരു സുന്ദരി
പ്രസാദപുഷ്പമായി
വിടർന്നൂ എന്റെ
വികാര മണ്ഡലത്തിൽ പടർന്നൂ….”
അവളൊരു മോഹിനിയായിരുന്നൂ
അഴകിന്റെ ദേവതയായിരുന്നൂ
അധരങ്ങളിൽ നയനങ്ങളിൽ
അശ്വതിപ്പൂവുകൾ പൂത്തിരുന്നൂ
മോഹമായി ആത്മദാഹമായി
ഒർമ്മയിലവളിന്നും ജീവിക്കുന്നു
(പ്രണയ..)
അവളൊരു കാമിനിയായിരുന്നൂ
അലസമദാലസയായിരുന്നൂ
ചലനങ്ങളിൽ വചനങ്ങളിൽ
മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നൂ
രാഗമായി ജീവതാളമായി
ഭൂമിയിലവളിന്നും ജീവിക്കുന്നു….. “
(പ്രണയ..)
നഷ്ടപ്രണയത്തിൻ്റെ തീച്ചൂളയിൽ നിന്നും ഉലയൂതിയെടുത്ത ബിച്ചു തിരുമലയുടെ ഭാവോജ്ജ്വല വരികൾ…
അഴകിന്റെ ദേവതയായ പ്രിയപ്പെട്ടവൾ ഒരു മോഹമായി, ആത്മദാഹമായി
കാമുകനെ പരിരംഭണം ചെയ്യുകയാണിവിടെ .
എഴുപതുകളിലെ പ്രണയ നായകൻ രവികുമാർ അന്തരിച്ചു എന്ന വാർത്ത
ടി വി സ്ക്രീനിലൂടെ മിന്നി മറഞ്ഞപ്പോൾ പെട്ടെന്ന് ഓർമ്മയിലേക്ക് ഓടിയെത്തിയത് രവികുമാർ എന്ന നടൻ്റെ മുഖശ്രീയിലൂടെ മിന്നിമറഞ്ഞ ഈ ഗാനങ്ങളെല്ലാമായിരുന്നു .
തൃശ്ശൂർ സ്വദേശിയായ രവികുമാർ, 1968-ൽ പുറത്തിറങ്ങിയ “ഇന്ദുലേഖ” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ എന്നറിയപ്പെടുന്ന ഓ ചന്തുമേനോന്റെ “ഇന്ദുലേഖ ” കലാലയം കൃഷ്ണൻ നായർ ചലച്ചിത്രമാക്കിയപ്പോൾ ശങ്കരാടി എന്ന നടൻ ഒഴിച്ച് ബാക്കിയെല്ലാവരും നാടക നടന്മാരും പുതുമുഖങ്ങളുമായിരുന്നു. ഈ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് രവികുമാർ തൻ്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്
പിന്നീട് ഏതാനും ഐ വി ശശി ചിത്രങ്ങളിലൂടെ തൻ്റെ സാന്നിധ്യം അറിയിച്ച രവികുമാർ അക്കാലത്തെ യുവതലമുറയുടെ ആരാധന പാത്രമായത് ശരവേഗത്തിൽ ആയിരുന്നു.
“ഉല്ലാസയാത്ര ” എന്ന ചിത്രത്തിലൂടെ നായകനായി എത്തിയപ്പോൾ ആ ചിത്രത്തിൽ ഈ നടൻ്റെ പ്രകടനം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു “ഇതാ മലയാളത്തിന് ഒരു പുതിയ നായകൻ.. “
പ്രതീക്ഷ തെറ്റിയില്ല …
ഐ വി ശശിയുടെ ഏതാനും ചിത്രങ്ങളിലൂടെ മുന്നേറിയ രവികുമാറിൻ്റെ ശ്രദ്ധേയമായ പ്രകടനമായിരുന്നു അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്ത ചിത്രമായ “അവളുടെ രാവുക” ളിൽ കണ്ടത്.
അക്കാലത്ത് ഒട്ടേറെ ചെറുപ്പക്കാരികളുടെ സ്വപ്നകാമുകനായിരുന്ന രവികുമാറിലൂടെ പ്രേക്ഷക ഹൃദയത്തിൽ കുടിയേറിയ ഗാനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത്
ഈ അവസരത്തിൽ നന്നായിരിക്കും.
“സന്ധ്യതൻ അമ്പലത്തിൽ
കുങ്കുമ പൂത്തറയിൽ
ചന്ദനകാപ്പു ചാർത്തി
അമ്പിളി ദേവിയായ്
താരകളാരതിയായ
(ചിത്രം അഭിനിവേശം – ഗാനരചന ശ്രീകുമാരൻ തമ്പി – സംഗീതം ശ്യാം – ആലാപനം യേശുദാസ്)
“ഇണക്കമോ പിണക്കമോ പ്രിയതമേ…”
( ചിത്രം ലിസ – ഗാനരചന വിജയൻ -സംഗീതം
കെ ജെ ജോയ് -ആലാപനം യേശുദാസ് )
“മരീചികേ മരീചികേ
നിരാശതൻ അപാരതേ
പ്രതീക്ഷ വിൽക്കുന്നു…. “
( ചിത്രം അഭിനിവേശം – രചന ശ്രീകുമാരൻ തമ്പി – സംഗീതം ശ്യാം – ആലാപനം യേശുദാസ്)
“പുഷ്പമേ ചുവന്ന
കവിളിൽ …. “
(ചിത്രം അലാവുദീനും അത്ഭുതവിളക്കും -രചന യൂസഫലി കേച്ചേരി – സംഗീതം ദേവരാജൻ ആലാപനം വാണിജയറാം )
“സ്വര്‍ണ്ണ മീനിന്റെ
ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ…..”
( ചിത്രം സർപ്പം -രചന ബിച്ചു തിരുമല – സംഗീതം
കെ ജെ ജോയ് – ആലാപനം യേശുദാസ് ,എസ് പി ബാലസുബ്രഹ്മണ്യം, വാണിജയറാം , പി സുശീല )
“ചന്ദനശിലകളിൽ അമ്പിളി തഴുകിയ തീരം
സുന്ദരസുരഭില മാരുതനൊഴുകിയ നേരം
എന്നുമീ മണ്ണിലെ പുഷ്പകാലം വരൂ
എന്നുമീ മണ്ണിലെ സ്വപ്നജാലം വരൂ
യൗവനലഹരികൾ പൂക്കളമെഴുതിയ പ്രായം
(ചിത്രം ശക്തി – ഗാനരചന ബിച്ചു തിരുമല -സംഗീതം കെ ജെ ജോയ് –
ആലാപനം ജയചന്ദ്രൻ
പി സുശീല )
“മധുമലർത്താലമേന്തും ഹേമന്തം
ശ്രാവണരജനീ യമുനാതീരം
മുരളീഗാനവിലോലം മധുരം
പദസരചഞ്ചല നടനം ലളിതം
https://youtu.be/y5X0hLfA50U?t=31
(ചിത്രം പപ്പു – രചന ബിച്ചു തിരുമല – സംഗീതം കെ ജെ ജോയ് -ആലാപനം യേശുദാസ് )
എന്നീ സുന്ദര ഗാനങ്ങളെല്ലാം രവികുമാറിന്റെ മുഖശ്രീയുടെയാണ് പ്രേക്ഷകഹൃദയങ്ങളെ തൊട്ടുണർത്തിയത്.
പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ ആയിരുന്നു ഒട്ടുമിക്ക സിനിമകളിലും ഈ നടനുവേണ്ടി ശബ്ദം നൽകിയതത്രെ !
എന്തായാലും മലയാള സിനിമയുടെ സംഗീത ശാഖയെ തൻ്റെ അഭിനയ മികവിലൂടെ സമ്പന്നമാക്കിയ ഈ നടൻ എല്ലാ സംഗീത പ്രേമികളുടെ മനസ്സിലും എന്നും ജീവിക്കും.
പ്രണാമം .
————————————————————————-
(സതീഷ് കുമാർ : 9030758774)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക