March 10, 2025 6:55 pm

മാരിവില്ല് പന്തലിട്ട സംഗീത ചക്രവാളം

സതീഷ് കുമാർ വിശാഖപട്ടണം 

“രാഗേന്ദു കിരണങ്ങൾ ഒളി വീശിയില്ല രജനീ കദംബങ്ങൾ മിഴി ചിമ്മിയില്ല മദനോത്സവങ്ങൾക്കു നിറമാല ചാർത്തി മനവും തനുവും മരുഭൂമിയായി നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകൾ- എന്നും അവളുടെ രാവുകൾ … ”

മലയാള സിനിമയുടെ ചരിത്ര വീഥികളെ പ്രകമ്പനം കൊള്ളിച്ച “അവളുടെ രാവുകൾ” എന്ന ചിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഈ ഗാനം ആ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയത് മാന്യ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ.?

 

1977-ൽ പ്രദർശനത്തിനെത്തിയ “സ്വാമി ” എന്ന ഹിന്ദി ചിത്രത്തിൽ രാജേഷ് റോഷൻ സംഗീത സംവിധാനം ചെയ്ത “പൽ ഭർ മേ യേ ക്യാ ഹോ .. ” എന്ന പ്രശസ്ത ഹിന്ദി പാട്ടിന്റെ അനുകരണമാണ് ഈ ഗാനമെന്നൊക്കെ ആരോപണമുയർന്നുവെങ്കിലും “രാഗേന്ദുകിരണങ്ങൾ ” മലയാളികൾ മനസ്സുകൊണ്ട് തന്നെ ഏറ്റെടുക്കുകയായിരുന്നു.

ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും കർണാടക സംഗീതത്തിന്റേയും രാഗമാലികകളെ സമന്വയിപ്പിച്ച് ഒട്ടേറെ ഗാനങ്ങൾ തീർത്ത് സംഗീത പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ എ.ടി. ഉമ്മറായിരുന്നു വിവാദമുയർത്തിയ ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ.

ഡോ.ബാലകൃഷ്ണന്റെ ” തളിരുകൾ ” എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്ത് കടന്നു വന്ന ഉമ്മർ ശ്രദ്ധേയനാകുന്നത് “ആൽമരം ” എന്ന ചിത്രത്തിലെ “പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ …” എന്ന പ്രണയ പരിഭവഗാനത്തിലൂടെയായിരുന്നു.

Superhit Songs Of A.T. Ummer | Evergreen Songs of KJ Yesudas | Popular  Malayalam Film Songs - YouTube

എന്നാൽ ഉമ്മറിനെ സംഗീത കേരളം രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്നത് എ.വിൻസെന്റിന്റെ “ആഭിജാത്യം ” പുറത്തുവന്നതോടെയാണ്.

ഈ ചിത്രത്തിലെ “വൃശ്ചികരാത്രി തൻ അരമന മുറ്റത്തൊരു പിച്ചകപ്പൂ പന്തലൊരുക്കി…” ” (യേശുദാസ് , പി സുശീല) “രാസലീലക്ക് വൈകിയതെന്തു നീ രാജീവലോചനേ…” (യേശുദാസ് , വസന്ത) “ചെമ്പക പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ … ” ” (യേശുദാസ്) “മഴമുകിലൊളിവർണൻ ഗോപാലകൃഷ്ണൻ.. ” (എസ് ജാനകി) “തള്ള് തള്ള് തള്ള് തള്ള് പന്നാസു വണ്ടി …. ” (അടൂർ ഭാസി , അമ്പിളി ,ലതാ രാജു) “കല്യാണക്കുരുവിക്ക് പുല്ലാനിപ്പുര കെട്ടാൻ …. ” (പി ലീല) തുടങ്ങിയ എല്ലാ ഗാനങ്ങളും ഇന്നും ആസ്വാദകലഹരിയായി സംഗീത ലോകത്ത് നിറഞ്ഞു നിൽക്കുന്നു.

വിൻസെന്റിന്റെ അടുത്ത ചിത്രമായ തീർത്ഥയാത്രയിലും എ.ടി.ഉമ്മർ സംഗീത വിസ്മയം തീർത്തു. “മാരിവില്ല് പന്തലിട്ട ദൂരചക്രവാളം …” ” (യേശുദാസ്) “അനുവദിക്കൂ ദേവി അനുവദിക്കൂ … ” (യേശുദാസ് ) “ചന്ദ്രക്കലാധരന്ന് കൺ കുളിർക്കാൻ ദേവി പന്തടിച്ചാടുന്നു ചാഞ്ചാടുന്നു…” (സുശീല) എന്നീ ഗാനങ്ങൾ സംഗീത പ്രേമികൾക്ക് ഒരു പുതിയ ഭാവതലം തന്നെ പ്രദാനം ചെയ്തു.

കലയും കച്ചവടവും സമന്വയിപ്പിച്ച് മലയാള സിനിമയെ പുതിയൊരു രാജപാതയിലേക്ക് കൈപിടിച്ചുയർത്തിയ ഐ.വി.ശശിയുടെ ഇഷ്ടസംഗീത സംവിധായകനായിരുന്നു എ.ടി. ഉമ്മർ . ശശി ചിത്രങ്ങളുടെ വിജയ രഹസ്യങ്ങളിൽ എ.ടി. ഉമ്മറിന്റെ മെലഡി കലർന്ന ഗാനങ്ങൾക്കും ഒരു സുപ്രധാന പങ്കുണ്ടായിരുന്നു.

“ആദ്യസമാഗമലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോൾ …. ” (ഉത്സവം)

“വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ …. ” ( അനുഭവം)

” കാറ്റു താരാട്ടും കിളിമരത്തോണിയിൽ . …”.( അഹിംസ )

“നിമിഷങ്ങൾ പോലും വാചാലമാകും …. ” ( മനസാ വാചാ കർമ്മണാ )

“പ്രിയമുള്ളവളേ നിനക്കു വേണ്ടി …. ” (തെക്കൻ കാറ്റ് )

“നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ….” (അംഗീകാരം)

“രാഗേന്ദുകിരണങ്ങൾ ഒളിവീശിയില്ല …. ” ( അവളുടെ രാവുകൾ)

“ദേവി നിൻ ചിരിയിൽ കുളിരോ പാലൊളിയോ …” (രാജപരമ്പര)

“ഒരു നിമിഷം തരൂ നിന്നിലലിയാൻ ഒരു യുഗം തരൂ നിന്നെ അറിയാൻ… ” ( സിന്ദൂരം )

തുടങ്ങി അറുന്നൂറിലേറെ ഗാനങ്ങൾ എ.ടി.ഉമ്മർ കൈരളിക്ക് കാഴ്ച വെച്ചിട്ടുണ്ട് .

1933 മാർച്ച് 10-ന് കണ്ണൂരിൽ ജനിച്ച എ.ടി. ഉമ്മറിന്റെ ജന്മവാർഷിക ദിനമാണിന്ന്. മലയാള ചലച്ചിത്ര സംഗീതത്തിന്റെ ദൂരചക്രവാളങ്ങളിൽ ഹിന്ദുസ്ഥാനി രാഗങ്ങൾ കൊണ്ട് മാരിവില്ല് പന്തലിട്ട ഈ സംഗീത സംവിധായകൻ 2001 ഒക്ടോബർ 15 – നാണ് നമ്മെ വിട്ടു പിരിഞ്ഞത്. 

A T Ummer Hits Vol 03 | Non Stop Movie Songs | Yesudas | Ambili | Prem  Nazir | Sharadha | Sukumaran - YouTube

————————————————————————-

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News