സതീഷ് കുമാർ വിശാഖപട്ടണം
ചില സിനിമകൾ അങ്ങനെയാണ് . തിയേറ്ററുകളിൽ നിന്നും കണ്ണീർ തുടച്ചായിരിക്കും കാണികൾ പുറത്തേക്ക് വരിക.
ഇതൊരു കഥയാണെന്നൊന്നും ആലോചിക്കാതെ സിനിമയുമായി താദാത്മ്യം പ്രാപിച്ച് ആ കഥയിൽ ലയിച്ച് കഥാപാത്രങ്ങളെ നെഞ്ചോട് ചേർത്ത് സിനിമ ആസ്വദിക്കുമ്പോൾ ചലച്ചിത്രം ഹൃദയസ്പർശിയായി മാറുന്നു.
പരിസരബോധം മറന്ന് നമ്മുടെ കണ്ണുകളും ഈറനണിയുന്നു. ഇത്തരത്തിൽ കാണികളെ കണ്ണീര് കുടിപ്പിച്ച ഒരുപാട് സിനിമകളുണ്ട് മലയാളത്തിൽ. അധ്യാപിക ,പൂമ്പാറ്റ, തുലാഭാരം , ആകാശദൂത് ,ഭരതം എന്നീ ചിത്രങ്ങളെല്ലാം പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ .. ?
ഈ ശ്രേണിയിൽപ്പെട്ട ഒരു ചലച്ചിത്രമായിരുന്നു എൻ ശങ്കരൻനായർ സംവിധാനം ചെയ്ത് കമൽഹാസനും സറീനാ വഹാബ്ബും അഭിനയിച്ച “മദനോത്സവം . “
24 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട എറിക് സെഗാലിന്റെ “ലൗ സ്റ്റോറി “എന്ന നോവലായിരുന്നു ഈ ചിത്രത്തിനാധാരം. ഒരുവർഷത്തോളം ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇടം പിടിച്ച ഈ പ്രണയകഥ പാരമൗണ്ട് പിക്ചേഴ്സ് ചലച്ചിത്രമാക്കിയിരുന്നു.
സ്ഥിരം ചലച്ചിത്ര പ്രമേയങ്ങളിൽ നിന്നും മാറി ചിന്തിച്ചിരുന്ന കുറെ നല്ല സംവിധായകന്മാർ മലയാളചലച്ചിത്രരംഗത്ത് എല്ലാ കാലത്തും ഉണ്ടായിരുന്നു .പതിവുശൈലിയിൽ നിന്നും മാറി വ്യത്യസ്ത ചിന്തകളും വ്യത്യസ്ത ആശയങ്ങളുമായി ചലച്ചിത്രകലയെ സമീപിക്കുന്നവരാണല്ലോ എന്നും വൻ വിജയങ്ങൾ കൊയ്തെടുത്തിട്ടുള്ളത് . മലയാളത്തിൽ അത്തരം പുതിയ കാഴ്ചപ്പാടുകളും ദൃശ്യചാരുതയും കൊണ്ടുവന്ന സംവിധായകനാണ് എൻ. ശങ്കരൻനായർ.
അദ്ദേഹത്തിന്റെ മദനോത്സവം, വിഷ്ണുവിജയം, രാസലീല , തമ്പുരാട്ടി, ശിവതാണ്ഡവം തുടങ്ങിയ ചിത്രങ്ങൾ അക്കാലത്ത് ചെറുപ്പക്കാരെ വലിയ അളവിൽ ആകർഷിച്ചിരുന്നു. രതിയുടേയും പ്രണയത്തിന്റേയും താഴ് വരകളിൽ നിന്നും അദ്ദേഹം നുള്ളിയെടുത്ത ചലച്ചിത്രകുസുമങ്ങളും അവയിലെ പാട്ടുകളും എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാള ചലച്ചിത്രഭൂമികയിൽ സൗരഭ്യം പരത്തിക്കൊണ്ടേയിരിക്കുന്നു.
ശങ്കരൻനായരുടെ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വൻ ബോക്സോഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറിയവയായിരുന്നു. 1963 – ൽ പുറത്തിറങ്ങിയ ” കണ്ണും കരളും ” എന്ന ചിത്രത്തിൽ സത്യന്റെ മകനായി അഭിനയിച്ച ബാലതാരത്തെ പ്രിയവായനക്കാർ ഒരുപക്ഷേ ഓർക്കുന്നുണ്ടായിരിക്കും.
ഇന്ത്യൻ സിനിമയിൽ ഒരു വൻമരം പോലെ വളർന്നു വലുതാകുകയും സ്വന്തം പരീക്ഷണങ്ങളിലൂടെ സിനിമയുടെ സാങ്കേതിക മേഖലകളിലും അഭിനയ ജീവിതത്തിലും പുത്തൻ ചലനങ്ങളും ആശയങ്ങളും സൃഷ്ടിച്ചെടുക്കുകയും ചെയ്ത കമൽ ഹാസൻ ആയിരുന്നു ആ ബാലതാരം.
ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കമൽ ഹാസൻ എന്ന നടൻ ശ്രദ്ധേയനാകുന്നത് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കന്യാകുമാരി “എന്ന ചിത്രത്തിലെ നായക വേഷത്തോടെയാണ് .
മധ്യവയസ്സിൽ എത്തിയ താരങ്ങൾ മലയാളസിനിമയിൽ പരിലസിച്ചിരുന്ന കാലത്താണ് യുവതലമുറയുടെ പ്രതിനിധിയായി ചുറുചുറുക്കുള്ള കമലഹാസൻ എന്ന സുന്ദരനടൻ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്.
തന്റെ അഭിനയക്കളരി മലയാള സിനിമയായിരുന്നുവെന്ന് തുറന്നു പറയാനുള്ള ആർജ്ജവം ഈ മഹാനടന് എന്നും ഉണ്ടായിരുന്നു.
അങ്ങനെ യുവത്വത്തിന്റെ പ്രതീകമായ കമൽ ഹാസനും നൂതന ചിന്തകളുടെ വക്താവായിരുന്ന ശങ്കരൻ നായരും ഒന്നിച്ച മദനോത്സവത്തിൽ നായികയായി എത്തിയത് ഒരു തലമുറയുടെ പ്രണയ സങ്കൽപ്പങ്ങളെ താലോലിച്ച സറീന വഹാബ് എന്ന ഉത്തരേന്ത്യൻ നടിയായിരുന്നു .
1978 – ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ മ്യൂസിക്കൽ ഹിറ്റായി ചരിത്രത്തിലിടം നേടി. ഓ എൻ വി യുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സലിൽ ചൗധരി .
“മാടപ്രാവേ വാ ഒരു കൂടുകൂട്ടാൻ വാ …”
(യേശുദാസ് )
“സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ …”
( എസ് ജാനകി )
“മേലെ പൂമല താഴെ തേനല …”
(യേശുദാസ് , സബിത ചൗധരി )
” സാഗരമേ
ശാന്തമാക നീ .. “
(യേശുദാസ് )
“ഈ മലർകന്യകൾ … “
( എസ് ജാനകി)
“നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ… “
(യേശുദാസ്)
എന്നീ ആറു ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. 1978 ജനുവരി 26 – ലെ ഒരു റിപ്പബ്ളിക്ക് ദിനത്തിൽ പ്രദർശനത്തിനെത്തിയ മദനോത്സവം ഇന്ന് 47 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
തമിഴ് , തെലുഗു , ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്ത മദനോത്സവത്തിലൂടെയാണ് കമൽഹാസൻ എന്ന നടന് ആദ്യമായ് ഒരു അഖിലേന്ത്യാ പ്രശസ്തി ലഭിക്കുന്നതെന്നും തോന്നുന്നു.
===========================================
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 23