January 14, 2025 3:27 pm

തിരുവാഭരണം ചാർത്തി വിടർന്ന തിരുവാതിര നക്ഷത്രം

സതീഷ് കുമാർ വിശാഖപട്ടണം 

1966 – ലാണ് സംഭവം.മദിരാശി പട്ടണത്തിൽ കേരളസമാജം സംഘടിപ്പിച്ച ഒരു ഗാനമേള നടന്നുകൊണ്ടിരിക്കുകയാണ്

കഷ്ടിച്ച് 20 വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരനാണ് ട്രൂപ്പിലെ മുഖ്യ ഗായകൻ. മുൻ നിരയിൽ ഇരുന്ന് പാട്ട് ആസ്വദിച്ചു കൊണ്ടിരുന്ന ക്യാമറ മാനും സംവിധായകനുമായ എ.വിൻസന്റിന് ഈ ചെറുപ്പക്കാരന്റെ ശബ്ദ സൗകുമാര്യവും ആലാപനവും വളരെ ഇഷ്ടമായി.

Renowned Malayalam Playback Singer P Jayachandran Passes Away At 80

ആ ഇഷ്ടമാണ് സംഗീത സംവിധായകനായ ദേവരാജൻ മാസ്റ്റർക്ക് ഈ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി കൊടുക്കാൻ വിൻസെന്റിനെ പ്രേരിപ്പിച്ചത്. ബി .എ. ചിദംബരനാഥ് സംഗീത സംവിധാനം നിർവഹിച്ച “കുഞ്ഞാലിമരയ്ക്കാർ ” എന്ന ചിത്രത്തിൽ ഇയാൾ ഒരു പാട്ടു പാടിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ദേവരാജൻ മാഷും ഈ യുവാവിനെ പരീക്ഷിക്കാൻ തയ്യാറായി.

Manjalayil Mungi Thorthi - Kalithozhan (1966) - P Jayachandran - P Bhaskaran - G Devarajan (vkhm)

 

അങ്ങനെ “കളിത്തോഴൻ “എന്ന ചിത്രത്തിൽ പി.ഭാസ്ക്കരൻ എഴുതിയ

” മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ
ചന്ദ്രിക വന്നു …..”

എന്ന ഗാനം പാടിക്കൊണ്ട് ജയചന്ദ്രൻ എന്ന ഭാവ ഗായകൻ കേരളത്തിന്റെ കണ്ണിലുണ്ണിയായി മാറുന്നു.

1958 – ലെ സംസ്ഥാന യുവജനോത്സവ മത്സരത്തിലൂടെയാണ് ജയചന്ദ്രൻ കലാരംഗത്ത് ശ്രദ്ധേയനാകുന്നത്.
ആ മത്സരത്തിൽ ശാസ്ത്രീയ സംഗീതത്തിൽ യേശുദാസ് ഒന്നാം സമ്മാനം നേടിയപ്പോൾ ജയചന്ദ്രന് മൃദംഗ വായനക്കായിരുന്നു ഒന്നാം സ്ഥാനം.

Singer P Jayachandran passes away | Kochi News - Times of India

ഈ രണ്ടു ഒന്നാം സ്ഥാനക്കാർ പിന്നീട് മലയാള ചലച്ചിത്രഗാനശാഖയുടെ ശുക്രനക്ഷത്രങ്ങളായി തീരുമെന്ന് അന്നാരും പ്രതീക്ഷിച്ചിരുന്നില്ല.

കളിത്തോഴനിലെ പ്രസിദ്ധ ഗാനത്തിനു ശേഷം ജയചന്ദ്രന് പിന്നീട് തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല .

Manjalayil Mungithorthi | മഞ്ഞലയിൽ മുങ്ങിത്തോർത്തി | Bhavagayakan JAYACHANDRAN Hits Vol 3 |

 

“പൂവും പ്രസാദവും …”
(തോക്കുകൾ കഥ പറയുന്നു )

“അനുരാഗ ഗാനം പോലെ .. “
(ഉദ്യോഗസ്ഥ )

“വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ…”
(മൂന്നുപൂക്കൾ )

“യദുകുല രതിദേവനെവിടെ രാധേ …”
(റസ്റ്റ് ഹൗസ്)

തുടങ്ങിയ ഗാനങ്ങളാൽ യേശുദാസിനോടൊപ്പം തന്നെ ജയചന്ദ്രനും തന്റെ സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ ശ്രോതാക്കളുടെ പ്രിയങ്കരനായി മാറി.

1971-ൽ ” ലങ്കാദഹനം ” എന്ന ചിത്രത്തിലൂടെ ഒരു നീണ്ട ഇടവേളക്ക് ശേഷം എം.എസ്. വിശ്വനാഥൻ മലയാളത്തിൽ വീണ്ടും സജീവമാകുന്നു.

ആയിടക്ക് എം.സ്. വിശ്വനാഥനും യേശുദാസും തമ്മിലുണ്ടായ ഒരു ചെറിയ സൗന്ദര്യപിണക്കത്തിന്റെ പേരിൽ “പണിതീരാത്ത വീട് ” എന്ന ചിത്രത്തിലെ മുഖ്യ ഗായകനാകാനുള്ള ഭാഗ്യം ജയചന്ദ്രനുണ്ടായി.

ഇതിലെ “സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ
ജ്യോതിര്‍മയിയാം ഉഷസ്സിന് വെള്ളിച്ചാമരം വീശും മേഘങ്ങളെ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം…”

എന്ന ഗാനം ജയചന്ദ്രന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായി മാറി.
മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചതിനോടൊപ്പം തന്നെ ഈ ഗാനം ശ്രോതാക്കളുടെ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗാനമായി തീർന്നു .

ഈ ഗാനാലാപനത്തിന് ജയചന്ദ്രൻ നൽകിയ ഭാവോന്മീലനം വിസ്മയാത്മകമായിരുന്നുവെന്നാണ് ഗാനനിരൂപന്മാർ വിലയിരുത്തിയത്. ഓരോരോ ഗാനങ്ങളും ആസ്വാദക ഹൃദയങ്ങളെ സ്പർശിക്കുന്ന വിധത്തിൽ
ഭാവപൊലിമയോടെ ആലപിക്കാനുള്ള ജയചന്ദ്രന്റെ മികവ് വേറൊരു ഗായകരിലും കണ്ടിട്ടില്ല.
അതുകൊണ്ടുതന്നെയാണ് ജയചന്ദ്രൻ മലയാളത്തിന്റെ ഭാവഗായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് .

കരിമുകിൽ കാട്ടിലെ
രജനിതൻ വീട്ടിലെ … “
( കള്ളിച്ചെല്ലമ്മ )

“ഉപാസനാ ഉപാസനാ…”
( തൊട്ടാവാടി )

“റംസാനിലെ ചന്ദ്രികയോ …”
( ആലിബാബയും 40 കള്ളന്മാരും )

“മാനത്തുകണ്ണികൾ
മയങ്ങും കയങ്ങൾ … “
( മാധവിക്കുട്ടി )

“മല്ലികപ്പൂവിൻ മധുരഗന്ധം …”
(ഹണിമൂൺ)

“മുത്തു കിലുങ്ങി മണി
മുത്തു കിലുങ്ങി …”
(അജ്ഞാതവാസം)

“നക്ഷത്ര മണ്ഡല
നട തുറന്നു …..” (പഞ്ചവടി)

മലയാള ഭാഷ തൻ
മാദക ഭംഗി നിൻ …”
(പ്രേതങ്ങളുടെ താഴ് വര)

“തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം … ” (ലങ്കാദഹനം )

“നിൻ മണിയറയിലെ
നിർമ്മല ശയ്യയിലെ … “
(സിഐഡി നസീർ )

“സ്വർണ്ണ ഗോപുര നർത്തകീ ശില്പം … “
(ദിവ്യ ദർശനം)

“ചന്ദനത്തിൽ കടഞ്ഞെടുത്തൊരു
സുന്ദരീശില്പം … “
(ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു )

“ഏകാന്തപഥികൻ ഞാൻ …”
( ഉമ്മാച്ചു )

“പ്രായം നമ്മിൽ മോഹം നൽകി… ” ( നിറം)

തുടങ്ങിയ ഗാനങ്ങൾക്കെല്ലാം ജയചന്ദ്രൻ നൽകിയ ഭാവഗരിമ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
എം .ടി .വാസുദേവൻ നായരുടെ “ബന്ധനം “എന്ന ചിത്രത്തിൽ എം.ബി.ശ്രീനിവാസ് ഈണം നൽകിയ “രാഗം ശ്രീരാഗം ” എന്ന ഗാനത്തിനാണ് രണ്ടാമത്തെ സംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് .
പിന്നീട് കമലിന്റെ “നിറം “എന്ന ചിത്രത്തിലെ

“പ്രായം നമ്മിൽ മോഹം നൽകി ” (2000),

“തിളക്ക “ത്തിലെ
“നീയൊരു പുഴയായി …..” (2004)

2015-ൽ ശാരദാംബരം ചാരുചന്ദ്രിക …”
(എന്ന് സ്വന്തം മൊയ്തീൻ)

“ഞാൻ ഒരു മലയാളി … “
(ജിലേബി )

മലർ വാകകൊമ്പത്ത് …. “
(എന്നും എപ്പോഴും )

എന്നീ ഗാനങ്ങൾ ആലപിച്ചതിന് വീണ്ടും മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരത്താൽ ഇദ്ദേഹം ആദരിക്കപ്പെടുകയുണ്ടായി.അഞ്ചു സംസ്ഥാന പുരസ്ക്കാരങ്ങൾക്ക് പുറമേ മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരവും ജയചന്ദ്രനെ തേടിയെത്തിയിട്ടുണ്ട് .

1985-ൽ പ്രദർശനത്തിനെത്തിയ “ശ്രീനാരായണഗുരു ” എന്ന ചിത്രത്തിൽ ദേവരാജൻ സംഗീത സംവിധാനം നിർവ്വഹിച്ച

“ശിവ ശങ്കര സർവ്വ
ശരണ്യ വിഭോ …..”

എന്ന ഗാനത്തിനാണ് ആദ്യമായി ജയചന്ദ്രന് ദേശീയ പുരസ്കാരം ലഭിക്കുന്നത് .

1973-ൽ ” മണിപയൽ ” എന്ന ചിത്രത്തിലൂടെ എം. എസ്. വിശ്വനാഥനാണ് ജയചന്ദ്രനെ തമിഴിൽ ആദ്യമായി പരിചയപ്പെടുത്തുന്നത്. എന്നാൽ പിൽക്കാലത്ത് ഇളയരാജയുടെ ഇഷ്ടഗായകനായി ജയചന്ദ്രൻ മാറി.

“വൈദേഹി കാത്തിരുന്താൾ” എന്ന ചിത്രത്തിലെ

രാജാത്തി ഉന്നൈ കാണാതെ നെഞ്ച് കാറ്റാടി പോലാട്ത് …..”

എന്ന ഗാനം തമിഴകത്തെ സംഗീത പ്രേമികൾ അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റുകയായിരുന്നു.
ഈ ഒരൊറ്റ ഗാനത്തിന്റെ ആന്ദോളനത്തിൽ വിഖ്യാതമായ തമിഴ്നാട്ടിലെ “കലൈമാമണി “പുരസ്ക്കാരം ജയചന്ദ്രനെ തേടിയെത്തുകയും ചെയ്തു.

കന്നഡ .ഹിന്ദി, തെലുഗു ഭാഷാചിത്രങ്ങളിലും പാടിയിട്ടുള്ള ജയചന്ദ്രൻ മലയാളത്തിൽ കൃഷ്ണപ്പരുന്ത്, നഖക്ഷതങ്ങൾ , ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

വിചിത്ര സ്വഭാവങ്ങളുടെ ഒരു നിലവറയാണ് ഈ ഗായകനെന്ന് പല സുഹൃത്തുക്കളും പറഞ്ഞു കേട്ടിട്ടുണ്ട്.തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെ മുമ്പിലും വെട്ടിത്തുറന്നു പറയുന്നതുകൊണ്ടായിരിക്കാം പലരും ഈ ബഹുമതി അദ്ദേഹത്തിന് ചാർത്തിക്കൊടുത്തത്.

മുഹമ്മദ് റാഫി, ദേവരാജൻ , എം എസ് വിശ്വനാഥൻ,പി സുശീല തുടങ്ങിയവരുടെ സംഗീത വൈഭവത്തെക്കുറിച്ച് എത്ര പറഞ്ഞാലും ഭാവഗായകന് മതി വരാറില്ലെന്ന് അദ്ദേഹത്തിൻ്റെ അഭിമുഖങ്ങൾ വ്യക്തമാക്കുന്നുണ്ട്.

നീണ്ട 15 വർഷക്കാലം മലയാള ചലച്ചിത്രരംഗത്ത് നിന്നും മാറ്റി നിർത്തിയിട്ടും ആ മധുരസ്വരം വീണ്ടും ഒരു രാഗമാലികയുടെ ഭാവഗരിമയോടെ മലയാളികളുടെ നെഞ്ചിലേക്ക് പെയ്തിറങ്ങിയ ചരിത്രം ജയചന്ദ്രന് മാത്രം സ്വന്തം .

ഇന്ന് ഇന്ത്യൻ സംഗീത ലോകത്തെ യുവരാജാവായ എ.ആർ.റഹ് മാൻ പതിനൊന്നാം വയസ്സിൽ ആദ്യ സംഗീത സംവിധാനം നിർവ്വഹിച്ച ” പെൺപട ” എന്ന ചിത്രത്തിലെ “വെള്ളി തേൻ കിണ്ണം പോൽ …..” എന്ന ഗാനം പാടാൻ ഭാഗ്യം ലഭിച്ചതും ജയചന്ദ്രനായിരുന്നു.

2020-ൽ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള “ജെ സി ഡാനിയൽ ” പുരസ്ക്കാരം നൽകി കേരള ഗവൺമെൻ്റ് ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

1944 മാർച്ച് 3 ന് ജനിച്ച ജയചന്ദ്രൻ എൺപതാം വയസ്സിൽ നമ്മളെ വിട്ടു പിരിയുമ്പോൾ മലയാളത്തിലെ
ഭാവഗാനങ്ങളുടെ മധുചന്ദ്രികയാണ് അസ്തമിക്കുന്നത്.

നിത്യ യൗവനം തുള്ളി തുളുമ്പുന്ന ശബ്ദമാധുര്യത്താൽ ദൈവത്തിന്റെ സ്വന്തം നാടിനെ പാടിയുണർത്തി, തിരുവാഭരണം ചാർത്തി വിടർന്ന തിരുവാതിര നക്ഷത്രത്തെ പോലെ സംഗീതത്തിന്റെ ധനുമാസചന്ദ്രിക ഞങ്ങൾക്ക് പകർന്ന് നൽകിയ ഭാവഗായകാ …. അങ്ങേക്ക് വേണ്ടി ഈ സന്ദർഭത്തിൽ ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ….

പ്രണാമം…

Legendary Playback Singer P. Jayachandran Passes Away: A Musical Legacy Ends - News - IndiaGlitz.com

 

————————————————————————–

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News