സതീഷ് കുമാർ വിശാഖപട്ടണം
“അങ്കത്തട്ടുകൾ ഉയർന്ന നാട്
ആരോമൽച്ചേകവർ
വളർന്ന നാട്
പടവാൾമുനകൊണ്ട് മലയാളത്തിന്
തൊടുകുറി ചാർത്തിയ കടത്തനാട് ….”
വയലാറിന്റെ ഈ വരികളെ അർത്ഥവത്താക്കുന്ന “കടത്തനാടി “ന് കേരളത്തിന്റെ ചരിത്രത്തിൽ സവിശേഷമായ ഒരു സ്ഥാനമുണ്ട്. ചലച്ചിത്രഗാനങ്ങൾ ജനപ്രിയമാകുന്നതിനുമുമ്പ് മലയാളിയുടെ സംഗീതബോധത്തിന് ഊടും പാവും നൽകിയത് വടക്കൻപാട്ടുകൾ ആയിരുന്നു.
ആരോമൽച്ചേകവരുടേയും പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ചയുടേയും തച്ചോളി ഒതേനന്റേയും അങ്കക്കഥകൾ വായ്മൊഴികളിലൂടെ തലമുറകളിലേക്ക് പകർന്നു കിട്ടിയതാണ് വടക്കൻ പാട്ടുകൾ എന്ന് വിശ്വസിക്കപ്പെടുന്നു.
ഈ നാടോടി ഗാനങ്ങൾക്ക് ചലച്ചിത്രഭാഷ്യം തീർത്താൽ അത് ജനഹൃദയങ്ങളെ പെട്ടെന്ന് ആകർഷിക്കുമെന്ന് മനസ്സിലാക്കിയത് ഉദയായുടെ കുഞ്ചാക്കോയാണ് .മലയാളത്തിൽ ഏറ്റവും കൂടുതൽ വടക്കൻപാട്ട് ചിത്രങ്ങൾ നിർമ്മിച്ച് സംവിധാനം ചെയ്തതും അദ്ദേഹം തന്നെ.
അപൂർവം ചിലപ്പോൾ മറ്റു ചില പ്രമുഖ കമ്പനികളും വടക്കൻപാട്ടുകൾ ചലച്ചിത്രമാക്കാൻ മുന്നോട്ടുവന്നിട്ടുണ്ട് . അതിലൊന്നാണ് പ്രസിദ്ധമായ അസീം കമ്പനി .
1974 – ൽ അസീം കമ്പനി നിർമ്മിച്ച് ടി ആർ രഘുനാഥ് സംവിധാനം ചെയ്ത ചിത്രമായിരുന്നു “അങ്കത്തട്ട് ” . നസീറും വിജയശ്രീയുമായിരുന്നു ചിത്രത്തിലെ നായികാനായകന്മാർ .എൻ. ഗോവിന്ദൻകുട്ടിയുടെ കഥയും വയലാർ ദേവരാജൻ ടീമിന്റെ സംഗീതവും ചിത്രത്തെ എക്കാലത്തേയും മ്യൂസിക്കൽ ഹിറ്റിലേക്കുയർത്തി.
” അംഗനമാർ മൗലേ അംശുമതി ബാലേ …”(യേശുദാസ് )
https://youtu.be/hiEJDtpa9vU?t=6
“സ്വപ്നലേഖേ നിൻെറ സ്വയംവരപ്പന്തലിൽ ഞാൻ പുഷ്പകപ്പല്ലക്കിൽ പറന്നുവന്നു… ” (ജയചന്ദ്രൻ , മാധുരി )
https://youtu.be/gcbqDQ1NeEM?t=8
” തങ്കപ്പവൻ കിണ്ണം താളമാടി … ” (മാധുരി )
” വള്ളുവനാട്ടിലെ വാഴുന്നോരേ … “(യേശുദാസ് , മാധുരി )
https://youtu.be/wB1YMODVufE?t=4
” അല്ലിമലർക്കാവിൽ വേലകണ്ടു …” ( മാധുരി )
” അങ്കത്തട്ടുകൾ ഉയർന്ന നാട് ആരോമൽച്ചേകവർ
വളർന്ന നാട് …..” (അയിരൂർ സദാശിവൻ , മാധുരി , പി ലീല )
എന്നിവയായിരുന്നു അങ്കത്തട്ടിലെ മധുരഗാനങ്ങൾ .
1974 ജനവരി ആദ്യവാരം തിയേറ്ററുകളിലെത്തിയ “അങ്കത്തട്ട് ” എന്ന ചിത്രം മധുരിക്കും ഓർമ്മകളോടെ ഗോൾഡൻ ജൂബിലി പൂർത്തിയാക്കി അൻപത്തിയൊന്നാം വർഷത്തിലേക്ക് പ്രവേശി ക്കുകയാണ് .
യുഗ്മഗാനങ്ങളുടെ മാധുര്യം നുണയണമെങ്കിൽ ഈ ചിത്രത്തിൽ ജയചന്ദ്രനും മാധുരിയും ആലപിച്ച ഒരു ഗാനത്തിൻ്റെ വരികളിലൂടെ ഒന്ന് സഞ്ചരിച്ചാൽ മതി .
പ്രണയവും രതിയും നർത്തനമാടുന്ന ഈ പാട്ട് നമ്മുടെ മനസ്സിൽ അനുഭൂതികളുടെ ആയിരം പൂക്കൾ വിരിയിയ്ക്കും.
ആ വരികളിലേക്ക് ഒന്ന് കണ്ണോടിക്കാം…
“സ്വപ്നലേഖേ
നിന്‍റെ സ്വയംവരപ്പന്തലിൽ ഞാൻ പുഷ്പകപ്പല്ലക്കിൽ പറന്നു വന്നൂ
എന്റെ മംഗലശ്രീദളമാല ചാർത്താൻ ഭവാൻ മത്സരക്കളരിയിൽ
ജയിച്ചു വന്നൂ
ഇന്നെന്റെ ചിത്രഹർമ്മ്യപ്പൂമുഖത്തിരുന്നൊ രീഇന്ദ്രചാപം കുലച്ചൂ അങ്ങു വന്നിന്ദ്രചാപം കുലച്ചൂ
ആ വില്ലിൻ സ്വർണ്ണ ഞാണിൽ തൊടുക്കാൻ നീ നിന്റെപൂവമ്പു തരുമോ ഭൂമിപുത്രീ
ആര്യപുത്രാ പോരൂ എന്റെ അർഘ്യപാദ്യാദികൾ സ്വീകരിക്കൂ ഓ..ഓ..ഓ..ഓ..(സ്വപ്നലേഖേ..)
മേലാകെ പൂത്തു പൂത്തു ഞാൻ തന്നെയൊരു വനമാലയായ് മാറിയാലോ താമരമാലയായ് മാറിയാലോ
ആ മാല മാറിലിട്ടു നടക്കും ഞാനെന്റെ രോമാഞ്ചമാകും രാജപുത്രീ
ആര്യപുത്രാ പോരൂ എന്റെ അന്തഃപുരം ഭവാനലങ്കരിക്കൂ ഓ…ഓ…ഓ…ഓ..(സ്വപ്നലേഖേ..)
പാട്ടിന്റെ വരികളിലും ചിത്രീകരണത്തിലും രാമായണത്തിലെ സീതാസ്വയംവരരംഗം ഗാനരചയിതാവും ചിത്രത്തിന്റെ സംവിധായകനും ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.
സംഗീതത്തിൻ്റെ, സാഹിത്യത്തിൻ്റെ , ആലാപനമാധുര്യത്തിൻ്റെ ഈ പുഷ്പകപ്പല്ലക്കിൽ നമ്മൾ കയറിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഈ യാത്ര അവസാനിക്കാതിരിക്കട്ടെ എന്നാണ് മനസ്സിൻ്റെ പ്രാർത്ഥന.
————————————————————————-
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 62