സതീഷ് കുമാർ വിശാഖപട്ടണം
1985-ൽ ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടിയും സുമലതയും നായികാനായകന്മാരായി അഭിനയിച്ച “നിറക്കൂട്ട് ” എന്ന ചലച്ചിത്രം പ്രിയവായനക്കാരുടെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയിട്ടുണ്ടാകില്ലെന്ന് കരുതട്ടെ .
മമ്മൂട്ടി എന്ന മലയാളത്തിന്റെ മഹാനടൻ ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി തന്റെ പ്രിയപ്പെട്ട മുടി മുഴുവൻ മുറിച്ചു കളഞ്ഞ് മൊട്ടത്തലയുമായി പ്രത്യക്ഷപ്പെട്ടതിനാലാണ് ആ ചലച്ചിത്രം അന്ന് വാർത്തകളിൽ നിറഞ്ഞു നിന്നത് .
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത “യാത്ര” യ്ക്ക് വേണ്ടിയായിരുന്നു മമ്മൂട്ടി ഈ സാഹസത്തിന് തയ്യാറായതെങ്കിലും ആദ്യം തിയേറ്ററുകളിൽ എത്തിയത് ” നിറക്കൂട്ട് ” ആയിരുന്നു .ഈ ചിത്രം ഇന്ന് ഓർമ്മിക്കപ്പെടുന്നത്
“പൂമാനമേ ഒരു
രാഗമേഘം താ
കനവായ് കണമായ് ഉയരാൻ
ഒഴുകാനഴകിയലും
പൂമാനമേ ഒരു
രാഗമേഘം താ…”
എന്ന പൂവച്ചൽ ഖാദർ എഴുതി ശ്യാം സംഗീതം പകർന്ന് കെ ജി മാർക്കോസ് പാടിയ ഒരു ഗാനത്തിന്റെ രാഗമാധുര്യം കൊണ്ടാണ് .
പ്രശസ്തമായ ഈ ഗാനം ആദ്യം പാടിയത് തിരുവനന്തപുരം സ്വദേശിയായ ഒരു ചെറുപ്പക്കാരനായിരുന്നു. ജി വേണുഗോപാൽ .യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളിലും ഒട്ടേറെ നാടകങ്ങളിലും പാട്ടുകൾ പാടി തിളങ്ങിയ ആ ചെറുപ്പക്കാരന്റെ സ്വപ്നമായിരുന്നു ഒരു ചലച്ചിത്രത്തിൽ പിന്നണി പാടുക എന്നുള്ളത്.
എന്നാൽ സിനിമയ്ക്കുള്ളിലെ ചില അന്തർനാടകങ്ങൾ മൂലം വേണുഗോപാലിന് പകരംകെ ജി മാർക്കോസ് ആ ഗാനം പാടുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. വേണുഗോപാലിന്റെ നിരാശ മാറുന്നത് പിന്നീട് ഒരു വർഷത്തിനു ശേഷം പുറത്തിറങ്ങിയ “ഒന്നുമുതൽ പൂജ്യം വരെ ” എന്ന ചിത്രത്തിലെ
“രാരീ രാരീരം രാരോ… “
“പൊന്നുംതിങ്കൾ
പോറ്റും മാനേ…”
എന്നീ ഗാനങ്ങൾ മലയാളത്തിൽ ഹിറ്റായി മാറിയതിനു ശേഷമാണ് .പിന്നീട് വേണുഗോപാലിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.1987 -ൽ തിയേറ്ററുകളിലെത്തിയ “മരിക്കുന്നില്ല ഞാൻ ” എന്ന ചിത്രത്തിലെ
“ചന്ദനമണിവാതിൽ
പാതി ചാരി
ഹിന്ദോളം കണ്ണിൽ തിരയിളക്കി
ശൃംഗാര ചന്ദ്രികേ
നീരാടി നീ നിൽക്കേ
എന്തായിരുന്നു മനസ്സിൽ ….”
എന്ന ഗാനം വേണുഗോപാലിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് തന്നെ കൊണ്ടു ചെന്നെത്തിച്ചു. ഇന്നും കാമസുഗന്ധിയായ ഒരു ശൃംഗാര ചന്ദ്രികയുടെ ചന്ദനസൗരഭ്യം ഈ ഗാനത്തിൽ നിന്ന് പ്രവഹിക്കുന്നുണ്ടെന്ന് എടുത്തു പറയാതിരിക്കാൻ വയ്യ.
മലയാളത്തിലെ പ്രശസ്ത കവികളുടെ കവിതകൾ മനോഹരമായി ആലപിച്ചു കൊണ്ട് വേണുഗോപാൽ പുറത്തിറക്കിയ ” കാവ്യരാഗം ” എന്ന ആൽബം ഇദ്ദേഹത്തിന്റെ മികച്ച സാംസ്കാരിക സംഭാവനയായി വിലയിരുത്തപ്പെടുന്നു .
ചന്ദനമണിവാതിലിനുശേഷം പത്മരാജന്റെ ചിത്രങ്ങളിലൂടെയാണ് വേണുഗോപാൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
“ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി … “
എന്ന തൂവാനത്തുമ്പികളിലെ
ഗാനത്തിലൂടെ വടക്കുംനാഥന്റെ
പ്രദക്ഷിണ വഴികളിൽ തളിർത്തുലഞ്ഞ താരുണ്യ സ്വപ്നങ്ങളുടെ ചാരുത മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ….?
“ഉണരുമീ ഗാനം … “
(ചിത്രം മൂന്നാംപക്കം)
“കാണാനഴകുള്ള മാണിക്യക്കുയിലേ …”
(ഊഴം)
“സ്വർഗ്ഗങ്ങൾ സ്വപ്നം കാണും …
( മാളൂട്ടി )
“ഏതോ വാർമുകിലിൻ കിനാവിലെ … “
(പൂക്കാലം വരവായി )
“കറുകവയൽ കുരുവി..”
(ധ്രുവം)
“മൈനാക പൊൻമുടിയിൽ …. “
( കേദാരം )
“പള്ളിത്തേരുണ്ടോ …”
( മഴവിൽകാവടി )
“താനേ പൂവിട്ട മോഹം …. “
( സസ്നേഹം )
“പീലിക്കണ്ണെഴുതി …. “
(സ്നേഹസാഗരം )
“കൈനിറയെ വെണ്ണ തരാം..”
(ബാബാകല്യാണി )
“കറുത്ത രാവിന്റെ കന്നിക്കിടാവൊരു
വെളുത്ത മുത്ത് …”
(നരേന്ദ്രൻ മകൻ ജയകാന്തൻ വക)
എന്നിവയെല്ലാം ജി വേണുഗോപാലിന്റെ സ്വരമാധുരിയിൽ കേരളം മനസ്സിൽ ഏറ്റുവാങ്ങിയ മനോഹരഗാനങ്ങളാണ് .
1960 ഡിസംബർ 10 ന് തിരുവനന്തപുരത്ത് ജനിച്ച ജി വേണുഗോപാലിന്റെ പിറന്നാളാണ് ഇന്ന് .
പ്രശസ്ത ഗായിക സുജാതയുടെ ബന്ധുകൂടിയായ മലയാളത്തിന്റെ “മാണിക്യക്കുയിൽ ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രിയ ഗായകന് ഏറെ സന്തോഷത്തോടെ പിറന്നാളാശംസകൾ നേരട്ടെ .
————————————————————————–
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 49