സതീഷ് കുമാർ വിശാഖപട്ടണം
പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം എന്നാണല്ലോ ഐതിഹ്യം. ഐതിഹ്യങ്ങളെ ശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ നോക്കി കണ്ടാൽ അതൊരിക്കലും യുക്തിഭദ്രമായിരിക്കില്ല.
എന്നാൽ കവിഭാവനയിലൂടെ ഏത് ഐതിഹ്യത്തേയും വിശ്വാസത്തേയും കോർത്തിണക്കിയാലും ആ സർഗ്ഗസൗന്ദര്യത്തിനു മുൻപിൽ നമ്മൾ അറിയാതെ കൈ കൂപ്പി പോകും .
1969-ൽ പുറത്തിറങ്ങിയ “കൂട്ടുകുടുംബം “എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ വയലാർ രാമവർമ്മ അത്തരമൊരു ചേതോഹര ചിത്രം കാഴ്ചവെയ്ക്കുന്നുണ്ട് .കേട്ടുപഴകിയ ഐതിഹ്യ സങ്കല്പങ്ങളെ തിരുത്തിക്കുറിച്ചുക്കൊണ്ട് അദ്ദേഹം എഴുതി ..
“പരശുരാമൻ മഴുവെറിഞ്ഞു
നേടിയതല്ല
തിരകൾവന്നു തിരുമുൽക്കാഴ്ച്ച
നൽകിയതല്ല
മയിലാടും മലകളും
പെരിയാറും സഖികളും
മാവേലിപ്പാട്ടുപാടും
ഈ മലയാളം … “
https://youtu.be/3_nGO4PaCug?t=14
എന്ന ശരിക്കും വിപ്ലവകരമായ ഒരു ഗാനം .
ഈ വരികളിലൂടെ പരമ്പരാഗത വിശ്വാസങ്ങൾക്ക് ഒരു പുതിയ മാനം നൽകുകയായിരുന്നു കവി. മാത്രമല്ല കേരളത്തിന്റെ ചരിത്രം, സംസ്ക്കാരം, ആചാരാനുഷ്ഠാനങ്ങൾ, വേഷവിധാനം, തനതു കലകൾ എല്ലാം അടുത്ത ഏതാനും വരികളിലൂടെ വയലാർ രാമവർമ്മ
അതിമനോഹരമായി വരച്ചു കാട്ടുകയും ചെയ്യുന്നു.
പാട്ടിന്റെ അനുപല്ലവി ഒന്നു കേട്ടുനോക്കൂ.
“പറയിപെറ്റ പന്തിരുകുലം
ഇവിടെ വളർന്നു
നിറകതിരും നിലവിളക്കുമിവിടെ
വിടർന്നു
മുത്തുമുലക്കച്ചകെട്ടി
കൂന്തലിൽ പൂ തിരുകി
നൃത്തമാടി വളർന്നതാണീ മലയാളം …..”
മലയാള ഭാഷയുടേയും ചരിത്രത്തിന്റേയും പൈതൃക ഭൂമികയിലേക്ക് ഒരു തീർത്ഥയാത്ര നടത്തുകയാണ് അദ്ദേഹം അടുത്ത ഏതാനും വരികളിലൂടെ ..
“തുഞ്ചൻപറമ്പിലെ പൈങ്കിളിപ്പാട്ടിലെ
പഞ്ചാമൃതമുണ്ട മലയാളം
തുള്ളൽകഥ പാടി
കഥകളിപദമാടി
തിരുനാവായ് മണപ്പുറത്തങ്കമാടി
മാമാങ്കമാടി …..”
കലയും സംസ്ക്കാരവും ചരിത്രവും മാത്രമല്ല ആധുനിക കേരളത്തിന്റെ രാഷ്ടീയ മണ്ഡലത്തിലേക്കും വയലാർ
കടന്നു ചെല്ലുന്നു …
“പുതിയ പുതിയ പൊൻപുലരികൾ
ഇവിടെയുണർന്നു
കതിരുകൊയ്ത
പൊന്നരിവാളിവിടെയുയർന്നു
പൂമിഴികളിൽ അഞ്ജനമെഴുതി
പൊന്നേലസ്സരയിൽ കെട്ടി
ഭൂമിക്കു കണി വെക്കും
ഈ മലയാളം …..
ആധുനിക കേരളത്തിന്റെ നിറവാർന്ന നേർക്കാഴ്ചയാണീ ഗാനമെന്ന് എടുത്തു പറയുന്നതിൽ ഏറെ സന്തോഷമുണ്ട് ….
നവംബർ 1 …കേരളപ്പിറവി…. ഭാഷാടിസ്ഥാനത്തിൽ കേരളം രൂപവത്ക്കരിക്കപ്പെട്ടിട്ട് 68 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു.
ഈ കേരളപ്പിറവി ദിനത്തെ ധന്യമാക്കാൻ ഇതിലും നല്ല ഒരു ഗാനമുണ്ടെന്നു തോന്നുന്നില്ല.
കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചും ഉത്സവാഘോഷങ്ങളെക്കുറിച്ചും ഒട്ടേറെ ഗാനങ്ങൾ നമ്മുടെ ചലച്ചിത്ര ഗാനരംഗത്ത് ഉയർന്നു കേട്ടിട്ടുണ്ട്. വയലാറിന്റെ ഈ ഗാനത്തോടൊപ്പം അത്തരം ചില ഗാനങ്ങൾ കൂടി കേരളപ്പിറവി ദിനത്തിൽ ഓർമ്മ വരികയാണ്.
അതിൽ ഏറ്റവും ശ്രദ്ധേയം “മിനിമോൾ ” എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ
“കേരളം കേരളം
കേളികൊട്ടുയരുന്ന കേരളം
കേളീകദംബം പൂക്കും കേരളം
കേരകേളീ സദനമാം
എൻ കേരളം. …”
https://youtu.be/c77kS0-juTw?t=9
എന്ന പ്രശസ്ത ഗാനത്തെ പ്രത്യേകം ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന് നു
കേരളത്തിന്റെ തനതു ഉത്സവമായ പോന്നോണത്തിന്റെ
മധുരസ്മരണകൾ അയവിറക്കുന്ന ഈ ഗാനം മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടതുതന്നെ .
“നിണമണിഞ്ഞ കാല്പാടുകൾ “എന്ന ചിത്രത്തിന് വേണ്ടി പി.ഭാസ്ക്കരൻ എഴുതിയ
“മാമലകൾക്കപ്പുറത്ത്
മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്
കൊച്ചു മലയാളമെന്നൊരു നാടുണ്ട്…..”
എന്ന ഗാനവും കേരളത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഒട്ടനവധി ഓർമ്മകൾ പങ്കു വെയ്ക്കുന്നുണ്ട് .
“തുറക്കാത്ത വാതിൽ ” എന്ന ചിത്രത്തിലെ
“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട് അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു നാലു കാലോലപ്പുരയുണ്ട്…..”
എന്ന ഗാനത്തേയും കേരളപ്പിറവി ദിനത്തിൽ തീർച്ചയായും അടയാളപ്പെടുത്തേണ്ടതുണ്ട്. എന്തെന്നാൽ ഒരു കോടിയിലധികം വരുന്ന പ്രവാസി മലയാളി സമൂഹത്തിന്റെ ഹൃദയദർപ്പണമാണീ സുന്ദരഗാനം.
കേരളപ്പിറവിദിനത്തിൽ മനസ്സിലേക്ക് ഓടിയെത്തുന്ന മറ്റു ചില പ്രധാന ഗാനങ്ങളെ കൂടി പരാമർശിക്കാതിരിക്കാൻ കഴിയില്ല.
“കേരനിരകളാടും
ഒരു ഹരിതചാരുതീരം … “
(ചിത്രം ജലോത്സവം – രചന ബീയാർ പ്രസാദ്- സംഗീതം അൽഫോൺസ് ജോസഫ് – ആലാപനം പി ജയചന്ദ്രൻ )
“പേരാറ്റിൻകരയിലേക്കൊരു തീർത്ഥയാത്ര
കേരളത്തിലെ മണ്ണിലേക്കൊരു തീർത്ഥയാത്ര …”
(ചിത്രം ദർശനം – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസും സംഘവും )
“മലയാള ഭാഷതൻ
മാദകഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു …. ” ചിത്രം പ്രേതങ്ങളുടെ താഴ് വര -രചന ശ്രീകുമാരൻ തമ്പി – സംഗീതം ദേവരാജൻ – ആലാപനം
പി. ജയചന്ദ്രൻ .)
“സഹ്യസാനുശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം …. “
(ചിത്രം കരുമാടിക്കുട്ടൻ – രചന യൂസഫലി കേച്ചേരി – സംഗീതം മോഹൻ സിതാര – ആലാപനം യേശുദാസ് )
“മാവേലിപ്പാട്ടിന്റെ മയിൽപ്പീലി വിരിചാർത്തും
മരവല്ലിക്കുടിലിന്റെ മതിലകത്ത്
നിറയൗവ്വനത്തിന്റെ നിറമാല ചാർത്തിനിൽക്കും
നിത്യസുന്ദരിയെന്റെ കേരളം ..”
(ചിത്രം : കാലം കാത്തു നിന്നില്ല -രചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ സംഗീതം – എ ടി ഉമ്മർ – ആലാപനം യേശുദാസ് )
“ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ
നീലാകാശത്തിൻ താഴെ
മലകളും കാടും കാവൽ നിൽക്കുന്ന
മലയാളമാണെന്റെ ദേശം …. “
(ചിത്രം അരയന്നം – രചന പി ഭാസ്കരൻ – സംഗീതം പുകഴേന്തി – ആലാപനം പി ജയചന്ദ്രൻ)
https://youtu.be/WR95MIvbnzw?t=33
എന്നീ ഗാനങ്ങളെല്ലാം തന്നെ മലയാള ഭാഷക്കും കേരളത്തിനും അഭിമാനകരമായ ഗാനകുസുമങ്ങളാണെന്ന കാര്യത്തിൽ സംശയമില്ല .
കേരളപ്പിറവി ദിനത്തിൽ ഓർക്കാൻ , ഓമനിക്കാൻ എത്രയെത്ര മനോഹര ഗാനങ്ങൾ .
എല്ലാ പ്രിയ വായനക്കാർക്കും കേരള പിറവി ആശംസകൾ…
———————————————————————————-
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക