January 28, 2025 8:32 am

നീലക്കുയിലിൻ്റെ നിലയ്ക്കാത്ത നാദനിർഝരി…

ആർ. ഗോപാലകൃഷ്ണൻ 
🌀
നാടൻ ശീലുകളുടെ ഒഴിയാത്ത മടിശ്ശീല’യായിരുന്നു കെ. രാഘവൻ മാസ്റ്റരുടെ സംഗീതലോകം എന്നൊരു പറച്ചിൽ പൊതുവേയുണ്ട്. എന്നാൽ, ശാസ്ത്രീയ സംഗീതത്തിൽ അപാര വ്യുത്‌പത്തിയുണ്ടായിരുന്ന രാഘവൻ മാഷ്, ശാസ്ത്രീയ സംഗീതത്തിന്റെ അസ്തിവാരത്തിന്മേൽ നാടൻ ശീലുകളുടെ അക്ഷയഖനി സമുദ്ധമായി ഉപയോഗിക്കുന്നതിൽ പ്രതിഭ പ്രകടിപ്പിച്ച സംഗീതചിട്ടക്കാരനാണ്.
                                                                                   
പാട്ടിന്റെ സന്ദർഭവും വരികളിലെ ഭാഷയും ആവശ്യപ്പെടുന്ന സംഗീതം അദ്ദേഹം കണ്ടെത്തി; ഉചിതമായ സ്ഥനങ്ങളിൽ നാടോടി ശീലിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തി, മലയാളത്തിന്, അന്നത്തെ നിലയിൽ, പുതിയൊരു സംഗീതക്രമം രൂപപ്പെടുത്തി…
മലയാള ചലചിത്ര ഗാനരംഗത്ത് ഇത്തരമൊരു നൂതന ശൈലിക്കു തുടക്കം കുറിച്ച കാലത്ത് നിലവിലുണ്ടായിരുന്നത് രണ്ടു രീതികളായിരുന്നു. മറുനാടന് ഭാഷകളുടെ ഈണം അതേപടി പകര്ത്തുന്ന ഒരു വഴി; പൂർണ്ണമായും ശാസ്ത്രീയസംഗീത പദ്ധതി പിൻതുടരുന്ന മറ്റൊരു സമ്പ്രദായം…. ഈ രീതികളില് നിന്നു മാറി ചിന്തിക്കാനും മലയാളിയുടെ തനതു ലളിതസംഗീത രീതി കണ്ടെത്തി നാടക-സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തി തുടങ്ങിയതും അദ്ദേഹം ആണെന്ന് പറയാം. നാടന് പാട്ടുകളും പുള്ളുവന് പാട്ടുകളും മാപ്പിളപ്പാട്ടുകളും അദ്ദേഹം പ്രയോജനപ്പെടുത്തി.
                                                                May be an image of 1 person
🌍
“അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്….” എന്ന ഗാനം സ്വന്തം സംഗീതത്തിൽ ആലപിച്ചത് രാഘവൻ മാഷുതന്നെയായിരുന്നു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിയിൽ റഷ്യയിൽ നിന്നുള്ള ഒരു സാംസ്കാരിക സംഘത്തിനു നൽകിയ സ്വീകരണചടങ്ങിലാണ്‌ ഈ ഗാനം രാഘവൻ അവതരിപ്പിച്ചത്. ഇന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ഈ ഗാനം രചിച്ചത് തിക്കോടിയനായിരുന്നു. ഈ ഗാനം പിന്നീട് പി.എൻ. മേനോന്റെ ‘കടമ്പ’ എന്ന ചിത്രത്തിൽ പുനരാവിഷ്കരിച്ച് പാടിയിട്ടുണ്ട്.
🌍 തലശ്ശേരിയിൽ തലായി എന്ന സ്ഥലത്ത് സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ 1913 ഡിസംബർ 2-ന് ജനിച്ച ഇദ്ദേഹം, സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു. കൃഷ്ണൻ-കുപ്പച്ചി ദമ്പതിമാരുടെ മകനാണ്. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം ചെറുപ്രായത്തിലെ ഔപചാരിക വിദ്യാഭ്യാസത്തോടു വിട പറയുന്നതിനു കാരണമായി.
തലശ്ശേരി തിരുവങ്ങാട് പി. എസ്. നാരായണ അയ്യരുടെ ശിഷ്യത്വം സ്വീകരിച്ച് ശാസ്ത്രീയസംഗീതം അഭ്യസിച്ചു. സംഗീതപഠനത്തിനു ശേഷം 1940-ല് തംബുരു ആര്ട്ടിസ്റ്റായി മദ്രാസ് ആകാശവാനിയില് ജോലിയില് പ്രവേശിച്ചു. രണ്ടു വര്ഷം കഴിഞ്ഞപ്പോള് ഡല്ഹിയിലേക്കു മാറ്റമായി.1950-ല് കോഴിക്കോടു നിലയം സ്ഥാപിച്ചപ്പോള് അവിടെക്കു നിയോഗിക്കപ്പെട്ട രാഘവൻ മാഷ് റിട്ടയര്മെന്റു വരെ അവിടെ തുടര്ന്നു.
കോഴിക്കോട് ആകാശവാണി നിലയത്തിൽ, ഉറൂബും, പി. ഭാസ്‌ക്കരനും, തിക്കോടിയനും, അക്കിത്തവും കെ.എ. കൊടുങ്ങല്ലൂരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സാഹിത്യവും, സംഗീതവും നാടകവും എല്ലാമായി ഒരു വലിയ സാംസ്‌കാരിക കൂട്ടുകെട്ടില് നിന്നും രാഘവന് മാസ്റ്റര് മലയാള സിനിമ സംഗീതത്തിലേക്ക് കാലെടുത്തുവെച്ചു.
നാടക രംഗത്തായിരുന്നു തുടക്കം. ‘തലയ്ക്ക് മീതെ ശൂന്യാകാശം’, ‘പാമ്പുകള്ക്ക് മാളമുണ്ട്’ തുടങ്ങിയ നാടക ഗാനങ്ങള്, ലളിത ഗാനങ്ങള്, നാടന്പാട്ടിൻറെ സ്പർശമുള്ള നിരവധി ഗാനങ്ങൾ, മാപ്പിള പാട്ടിൻറെ ശീലുകളിലുള്ള ഗാനങ്ങൾ ഇവയെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളായി നമുക്ക് കിട്ടിയിട്ടുണ്ട് .
🌏 പൊൻ‌കുന്നം വർക്കിയുടെ ‘കതിരുകാണാകിളി’യാണ്‌ (1950) സംഗീതസം‌വിധാനം നിർ‌വ്വഹിച്ച ആദ്യചലചിത്രം. പക്ഷെ, അതു പുറത്ത്‌വന്നില്ല. അതേ വർഷം തന്നെ ചെയ്ത, അടുത്ത ചിത്രമായ ‘പുള്ളിമാനും’ വെളിച്ചം കണ്ടില്ല. (ഇതു രണ്ടും പിൽക്കാലത്ത് 1958-ലും 1972-ലും സിനിമകളായി വന്നു.)
അങ്ങനെ മൂന്നാം ശ്രമമായ ‘നീലക്കുയി’ലാണ്‌ (1954) രാഘവന്റെ സംഗീതസം‌വിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. രാഘവന് മാസ്റ്ററുടെ രംഗപ്രവേശം.
‘നീലക്കുയില്‘ മലയാള സിനിമാ സംഗീത ലോകത്ത് ഒരു അല്ഭുതം തന്നെയായിരുന്നു. (ആദ്യത്തെ രണ്ടു ചിത്രങ്ങളും പുറത്തിറങ്ങാത്തതിനാല് ഫലത്തില് അരങ്ങേറ്റം ‘നീലക്കുയില്‘ വഴി ആയി) ആകാശവാണിയില് ജോലി ചെയ്തു പോന്ന അദ്ദേഹത്തിന്റെ കരിയറില് ഒരു വഴിത്തിരിവുണ്ടായത്,.
പി ഭാസ്കരനേ പരിചയപ്പെട്ടതോടെ ആണ്. ‘നീലക്കുയിലി’നു വേണ്ടി ഗാനങ്ങള് എഴുതിയത് ഭാസ്കരന് മാഷ് ആയിരുന്നു. അദ്ദേഹത്തിന്റെ നിര്ബന്ധത്താല് ആ പാട്ടുകള്ക്ക് സംഗീതം കൊടുക്കാന് രാഘവന് മാഷിനു അവസരം ലഭിച്ചു.. അങ്ങനെ ഗാനങ്ങള്ക്ക് സംഗീതം കൊടുത്തപ്പോള്: നിര്മാതാവ് പരീക്കുട്ടിയുടെ നിര്ബന്ധം കാരണം അതിലെ ഒരു പാട്ട് “കായലരികത്ത് വലയെറിഞ്ഞപ്പോള് ” അദ്ദേഹത്തിനു പാടേണ്ടി വന്നു.അങ്ങനെ ആദ്യ ചിത്രത്തില് സംഗീത സംവിധായകനും ഗായകനും ആയി അദ്ദേഹം തിളങ്ങി !
മെഹബൂബ്, എ.എം. രാജ, ജാനമ്മ ഡേവിഡ്, വി.ടി. മുരളി തുടങ്ങി നിരവധി പുതിയ ഗായകരെ മലയാളികള്ക്ക് അദ്ദേഹം പരിചയപ്പെടുത്തി.
മാസ്റ്റർ അക്കാലത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ചട്ടം പിൻതുടർന്ന്, തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ‘കെ. രാഘവന്‘ പേരിനു പകരം ‘രഘുനാഥ്’ എന്ന പേരിലും മറ്റും സംഗീത സംവിധാനം നിര്വഹിച്ചിട്ടുണ്ട്. (‘മോളി’ എന്ന പേരിലും ഉദയായുടെ ചില സിനിമകൾക്ക് അദ്ദേഹം ഈണം നൽകിയതായി കേട്ടിട്ടുണ്ട്.)
🌍 ‘എങ്ങനെ നീ മറക്കും കുയിലേ’, ‘എല്ലാവരും ചൊല്ലണ്’ (നീലക്കുയില്) ‘കുന്നത്തൊരുകാവുണ്ട്’ (അസുരവിത്ത്) ‘കണ്ണീരാറ്റിലെ തോണി’ (പാതിരാവും പകല് വെളിച്ചവും) ‘മാനത്തെ കായലില്‘, ‘കരിമുകില് കാട്ടിലെ’ (കള്ളിച്ചെല്ലമ്മ), ‘ശ്യാമസുന്ദര പുഷ്പമേ’ (യുദ്ധകാണ്ഡം) ‘കണ്ണന്റെ കവിളിലെ സിന്ദൂരതിലകത്തിന്‘, ‘ക്ഷേത്രമേതെന്നറിയാത്ത തീര്ത്ഥയാത്ര’
(പൂജക്കെടുക്കാത്ത പൂക്കള്), ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ ‘പാര്വണെന്ദുവിന്‘ (തുറക്കാത്ത വാതില്), ‘മഞ്ഞണിപൂനിലാവ്’ (നഗരമേ നന്ദി), ‘ഓത്തുപള്ളയിലന്നുനമ്മള്‌ പോയിരുന്ന കാലം’ (തേന് തുള്ളി -1979) ‘മഞ്ജുഭാഷിണീ’ (കൊടുങ്ങല്ലൂരമ്മ), ‘ശ്രീ മഹാദെവന് തന്റെ’ (നിര്മാല്യം), ‘ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ’ (നീലിസാലി), ‘അപ്പോഴും പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന്’ (കടമ്പ്), ‘നാദാപുരം പള്ളിയിലെ’ (തച്ചോളി അമ്പു), ‘നിലാവിന്റെ പൂന്തോപ്പില്‘ (കൃഷ്ണപ്പരുന്ത്) തുടങ്ങിയവ രാഘവന് മാഷ് സംവിധാനം ചെയ്ത ചിത്രങ്ങളില് പ്രധാനപ്പെട്ടവയാണ്.’ബാല്യകാലസഖി’ എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം ഒടുവില് ഈണം പകര്ന്നത്. ഇത് 2014-ൽ റിലീസായി.
🌏 ‘നിര്മാല്യം’ എന്ന ചിത്രത്തിലെ ഗാനങ്ങള് ചിട്ടപ്പെടുത്തിയതിനു 1973-ല് ആദ്യ സംസ്ഥാന അവാര്ഡ് കരസ്ഥമാക്കി; നാലു വര്ഷത്തിനു ശേഷം ‘പൂജക്കെടുക്കാത്ത പൂക്കളിലെ’ ഗാനങ്ങളിലൂടെ വീണ്ടും സംസ്ഥാന അവാര്ഡ് കിട്ടി.1986-ല് ‘പാഞ്ചാലി’ എന്ന നാടകത്തിലെ സംഗീത സംവിധാനത്തിനും അവാര്ഡ് കിട്ടി.
കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും കമുകറ പുരുഷോത്തമന്റെ പേരിലുള്ളതും ബാബുരാജിന്റെ പേരിലുള്ളതും ആയ അവാര്ഡുകളും അടക്കം നിരവധി പുരസ്കാരങ്ങള് ലഭിച്ചു. 1997-ല് സംസ്ഥാന സര്ക്കാര് ചലച്ചിത്ര രംഗത്തെ ഏറ്റവും ഉയര്ന്ന പുരസ്ക്കാരമായ ജെ സി ഡാനിയേല് അവാര്ഡ് നല്കി മാസ്റ്ററെ ആദരിച്ചു. 2010-ൽ ഭാരതസർക്കാർ രാഘവനെ ‘പത്മശ്രീ’ നൽകി ആദരിച്ചു.
🌍 100-ാം പിറന്നാൾ ആഘോഷിയ്ക്കാനുള്ള തയ്യാറെടുപ്പിലിരിയ്ക്കേ 2013 ഒക്ടോബർ 19-നു ശനിയാഴ്ച പുലർച്ചെ 5 മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.
=====================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News