സതീഷ് കുമാർ വിശാഖപട്ടണം
നാട്ടിൻപുറത്തെ നന്മകളിൽ നിന്നും നഗരത്തിലെത്തി നഗര ജീവിതത്തിന്റെ കപടമുഖങ്ങളോട് പൊരുതി പരാജയപ്പെടുന്ന മനുഷ്യരുടെ കഥയായിരുന്നു
എം.ടി.യുടെ ” നഗരമേ നന്ദി ” എന്ന മനോഹര ചലച്ചിത്രം. രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എ വിൻസെന്റ് .
എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.
ഗ്രാമീണ ജീവിതത്തിന്റെ ചെറിയ സ്പന്ദനങ്ങൾ പോലും ലളിതമായ വാക്കുകളിലൂടെ ഹൃദയസ്പർശിയായി എഴുതി സംഗീത പ്രേമികളുടെ മനസ്സിൽ പൂനിലാവ് പടർത്തിയ കവി പി.ഭാസ്ക്കരൻ മാസ്റ്ററാണ് ഈ ചിത്രത്തിന് വേണ്ടി പാട്ടുകളെഴുതിയത്.
കൗമാരം കഴിഞ്ഞ് യൗവ്വനത്തിലേക്ക് കാലെടുത്തു വെയ്ക്കുന്ന ഏതൊരു പെൺകിടാവിന്റേയും മധുര സ്വപ്നമാണല്ലോ കതിർമണ്ഡപം. ഒരു കൊച്ചു പന്തലും അതിലൊരു കൊച്ചുമണ്ഡപവും പുളിയിലക്കര പുടവയുമെല്ലാം സ്വപ്നം കണ്ട് അജ്ഞാത കാമുകനെ കാത്തിരിക്കുന്ന നായികയുടെ മനോരഥങ്ങളെക്കുറിച്ച് ഭാസ്ക്കരൻ മാസ്റ്റർ രചിച്ച കവിത തുളുമ്പുന്ന
“മഞ്ഞണി പൂനിലാവ് പേരാറ്റിൻ കടവിങ്കൽ മഞ്ഞളരച്ചു വെച്ചു നീരാടുമ്പോൾ ”
https://youtu.be/C7nPJyNJxj4?t=11
എന്ന അതി മനോഹരഗാനം ഈ ചിത്രത്തിലേതാണ്. രാഘവൻ മാസ്റ്ററുടെ സംഗീതത്തിൽ
എസ് ജാനകി പാടിയ അദ്ദേഹത്തിന്റെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നായ ഇതിന്റെ അനുപല്ലവിയുടെ സൗകുമാര്യം പറഞ്ഞറിയിക്കാനേ വയ്യ .
“എള്ളെണ്ണ മണം വീശും
എന്നുടെ മുടിക്കെട്ടിൽ
മുല്ലപ്പൂ ചൂടിച്ച
വിരുന്നുകാരാ
ധനുമാസം പൂക്കൈത
മലർ ചൂടി വരുമ്പോൾ ഞാൻ
അങ്ങയെ കിനാവു കണ്ടു
കൊതിച്ചിരിക്കും …”
എത്ര സുന്ദരമായ കല്പനകൾ . ഈ ഗ്രാമനൈർമ്മല്യമായിരുന്നു ഭാസ്കരൻ മാസ്റ്ററെ മറ്റു കവികളിൽ നിന്നും ഏറെ വ്യത്യസ്തനാക്കിയത്. തീർന്നില്ലാ….
“പാതിരാ പാലകൾ തൻ
വിരലിങ്കൽ പൗർണ്ണമി
മോതിരമണിയിക്കും
മലർമാസത്തിൽ
താന്നിയൂരമ്പലത്തിലെ
കഴകക്കാരനെ പോലെ
താമരമാലയുമായ്
ചിങ്ങമെത്തുമ്പോൾ
ഒരു കൊച്ചു പന്തലിൽ
ഒരു കൊച്ചു മണ്ഡപം
പുളിയിലക്കര മുണ്ടും
കിനാവു കണ്ടേൻ ….”
വിവാഹം സ്വപ്നം കാണുന്ന ഒരു ഗ്രാമീണ യുവതിയുടെ മാനസ സങ്കല്പങ്ങൾക്ക് മഞ്ഞണി പൂനിലാവിന്റെ ചാരുത പകർന്നു നൽകുകയാണ് കവി. ഭാസ്കരൻ മാസ്റ്ററുടെ ഭാവനാ സങ്കല്പമായ ഈ“താന്നിയൂരമ്പലം “എവിടെയാണെന്ന് ഒരിക്കൽ എം ടി ചോദിച്ചുവത്രേ. ?
മലപ്പുറം ജില്ലയിലെ താനൂർ ആദ്യകാലത്ത് താന്നിയൂർ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും “താന്നിയൂരമ്പല” ത്തെക്കുറിച്ച് ആർക്കും കൃത്യമായ വിവരങ്ങൾ ഒന്നും നൽകാൻ കഴിഞ്ഞിട്ടില്ല .കെ.രാഘവൻ മാസ്റ്ററായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.
“നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ
ചളിയും ചുഴിയും താഴെ
പുറമേ പുഞ്ചിരി
ചൊരിയും സുന്ദരി
പിരിയാന്‍ വിടാത്ത കാമുകി
പിരിയാന്‍ വിടാത്ത കാമുകി
നഗരം നഗരം മഹാസാഗരം
മഹാസാഗരം…..”
എന്ന മറ്റൊരു ഉജ്ജ്വല ഗാനവും ഈ ചിത്രത്തിന്റെ വലിയ സംഭാവനയാണ്.
“ലില്ലിപ്പൂമാലവിൽക്കും ….”
(എൽ.ആർ. ഈശ്വരി)
“കന്നിരാവിൻ കളഭ കിണ്ണം
പൊന്നാനിപ്പുഴയിൽ വീണപ്പോൾ ….”
(സുശീല )
എന്നിവയായിരുന്നു ചിത്രത്തിലെ
മറ്റു ഗാനങ്ങൾ.
എ.വിൻസെന്റ് സംവിധാനം ചെയ്ത “നഗരമേ നന്ദി ” 1967 ഒക്ടോബർ 5 – നാണ് തിയേറ്ററുകളിൽ എത്തിയത്.ഇന്ന് ഈ ചിത്രത്തിൻ്റെ 57-ാം പിറന്നാൾ ദിനം .
അര നൂറ്റാണ്ടിന് മുൻപ് ഈ ചിത്രം കണ്ടവരുടേയും ഗാനങ്ങൾ ആസ്വദിച്ചിരുന്നവരുടേയും മൂന്നാം തലമുറയിൽ പെട്ട അഞ്ചും ആറും വയസ്സുള്ള കൊച്ചുകുട്ടികൾ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ “മഞ്ഞണി പൂനിലാവ് ” ആലപിക്കുമ്പോൾ തീർച്ചയായും ഭാസ്ക്കരൻ മാസ്റ്ററുടെ ആത്മാവ് ഏതോ ലോകത്തിരുന്ന് അനുഗ്രഹാശിസ്സുകൾ ചൊരിയുന്നുണ്ടായിരിക്കും എന്ന് വിശ്വസിക്കട്ടെ .
—————————————————————————
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക